ശബരിമലയില്‍ ഭക്‌തര്‍ കാണിക്കയായി സമര്‍പ്പിച്ച സാധനങ്ങളില്‍ കുറവുണ്ടെന്ന പ്രചാരണങ്ങളുടെ അടിസ്‌ഥാനത്തില്‍ പരിശോധനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌

0

ശബരിമലയില്‍ ഭക്‌തര്‍ കാണിക്കയായി സമര്‍പ്പിച്ച സാധനങ്ങളില്‍ കുറവുണ്ടെന്ന പ്രചാരണങ്ങളുടെ അടിസ്‌ഥാനത്തില്‍ പരിശോധനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌. കഴിഞ്ഞ മണ്ഡല-മകര വിളക്ക്‌ തീര്‍ഥാടന കാലയളവില്‍ ലഭിച്ചതും ആറന്മുള ദേവസ്വം സ്‌ട്രോങ്‌ റൂമിലേക്ക്‌ മാറ്റിയതുമായ സ്വര്‍ണം, വെള്ളി ഉരുപ്പടികളിലാണ്‌ കുറവ്‌ കണ്ടെത്തിയതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം കൊഴുത്തത്‌. തുടര്‍ന്ന്‌ തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്നലെ ആറന്മുളയിലെ സ്‌ട്രോങ്‌ റൂം തുറന്ന്‌ പരിശോധിച്ചു. രാവിലെ ആരംഭിച്ച കണക്കെടുപ്പ്‌ വൈകിട്ടാണ്‌ അവസാനിച്ചത്‌.
ഭക്‌തര്‍ വഴിപാടായി നല്‍കിയ സ്വര്‍ണം, വെള്ളി തുടങ്ങിയ ഉരുപ്പടികള്‍ സന്നിധാനത്ത്‌ വിജിലന്‍സിന്റെ സാന്നിധ്യത്തില്‍ ജീവനക്കാര്‍ മഹസര്‍ തയാറാക്കി പോലീസ്‌ സുരക്ഷയിലാണ്‌ ആറന്മുളയിലെ സ്‌ട്രോങ്‌ റൂമില്‍ എത്തിച്ചത്‌. ഇതില്‍ കുറവുണ്ടെന്നായിരുന്നു ആക്ഷേപം.
ഭക്‌തര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ്‌ ആരോപണത്തിനു പിന്നിലുള്ളവരുടെ ലക്ഷ്യമെന്നു ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ.അനന്ത ഗോപന്‍ പറഞ്ഞു. ഇത്തവണ 3,300 ഗ്രാം സ്വര്‍ണമാണ്‌ ലഭിച്ചത്‌. വിജിലന്‍സ്‌ പരിശോധിച്ച്‌ ഉറപ്പാക്കിയാണ്‌ സ്‌ട്രോങ്‌ റൂമില്‍ ഇതു കൊണ്ടുവന്നത്‌. എല്ലായിടത്തും സി.സി.ടിവി ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു

Leave a Reply