ഏനാദിമംഗലത്ത് വീട്ടമ്മയെ വീട്ടില്‍ കയറി തലയ്ക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

0

ഏനാദിമംഗലത്ത് വീട്ടമ്മയെ വീട്ടില്‍ കയറി തലയ്ക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍. പ്രദേശവാസിയായ അനീഷ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കൊലപാതകത്തില്‍ ഉള്‍പ്പെട്ട 15 പേരില്‍ 12 പേെര തിരിച്ചറിഞ്ഞുവെന്നും പോലീസ് അറിയിച്ചു. ഏനാദിമംഗലം സ്വദേശിനി സുജാതയാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസി നല്‍കിയ സൂചനകളാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്.

സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനേയും തേടിയാണ് അക്രമി സംഘമെത്തിയത്. കാപ്പാ കേസില്‍ പ്രതിയായ സൂര്യലാലും സഹോദരനും കുറുമ്പക്കര മുളയങ്കോട് അനധികൃതമായി മണ്ണെടുപ്പ് നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച നാട്ടുകാരെ നായ്ക്കളെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പതിനഞ്ചംഗ സംഘം കഴിഞ്ഞ രാത്രി ഇവരുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.

ഈ സമയം സൂര്യലാലും ചന്ദ്രലാലും വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലെ സാധനങ്ങള്‍ അടിച്ചുതകര്‍ത്ത ആള്‍ക്കൂട്ടം സാധനങ്ങള്‍ എടുത്ത് കിണറ്റില്‍ എറിയുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സുജാതയുടെ തലയ്ക്കടിയേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സുജാതയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

Leave a Reply