ഇത്തവണയും ബിജെപിയ്ക്ക് വിടാന്‍ ഉദ്ദേശമില്ല; ഗ്‌ളാമര്‍താരം സുരേഷ്‌ഗോപിയെ തൃശൂരില്‍ തന്നെ ഇറക്കിയേക്കും

0


തൃശൂര്‍: കേരളത്തില്‍ വലിയ സാധ്യത ഇതുവരെ തുറന്നു കിട്ടിയിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ തുടര്‍ഭരണം തേടുന്ന ബിജെപി ഇത്തവണയും നെയ്യുന്നത് വലിയ പ്രതീക്ഷകള്‍. ഇത്തവണയും കേരളത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഗ്‌ളാമര്‍താരം സിനിമാതാരം സുരേഷ്‌ഗോപിയാണ്.

ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പേരിലും വിവാദത്തില്‍ തലയിട്ടും ഒരുപോലെ തിളങ്ങി ലൈംലൈറ്റിലുള്ള സുരേഷ്‌ഗോപിയെ തന്നെ ഇത്തവണയും ബിജെപി തൃശൂരില്‍ ഇറക്കിയേക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും യുഡിഎഫിന് വലിയ വിഷമമാണ് സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ഉണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. സുരേഷ് ഗോപിക്ക് 2,93,822 വോട്ട് ലഭിച്ചിരുന്നു. എംപിയായ ടിഎന്‍ പ്രതാപന് 4,15,089 വോട്ടുകളായിരുന്നു ലഭിച്ചത്.

ജയിക്കുമെന്ന വലിയ പ്രതീതി ജനിപ്പിച്ചാണ് കഴിഞ്ഞ തവണ സുരേഷ്‌ഗോപി പരാജയപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ വന്‍ ലീഡ് എടുക്കാനും കഴിഞ്ഞിരുന്നു. ഇത്തവണയും നടനും എംപിയുമായ സുരേഷ് ഗോപിയെ തന്നെ ബിജെപി തൃശൂരില്‍ പരിഗണിച്ചേക്കാനാണ് സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു വര്‍ഷം മാത്രം അകലെ നില്‍ക്കുമ്പോള്‍ പാര്‍ട്ടി വേദികളിലും പൊതുവേദികളിലും സജീവ സാന്നിദ്ധ്യമാണ് അദ്ദേഹം. കഴിഞ്ഞ ദിവസം വിശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമാകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ആലുവയില്‍ ശിവരാത്രി ദിനത്തില്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ലോകത്തെ വിശ്വാസികളായ എല്ലാ മനുഷ്യരെയും സ്‌നേഹിക്കുമെന്നും അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്നു ചങ്കൂറ്റത്തോടെ പറയുമെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു. വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്നവരുടെ സര്‍വനാശത്തിന് പ്രാര്‍ഥിക്കുമെന്നും പറഞ്ഞിരുന്നു. ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാന്‍ വരുന്ന ഒരാളും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാന്‍ അന്തരീക്ഷം ഒരുങ്ങിക്കൂടായെന്നും പറഞ്ഞിരുന്നു.

ഇത് വലിയ വിവാദം സൃഷ്ടിക്കുകയും സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. സാഹിത്യകാരന്മാര്‍ അടക്കമുള്ളവര്‍ സുരേഷ്‌ഗോപിക്കെതിരേ രംഗത്ത് വരികയും ചെയ്തിരുന്നു.

പാലക്കാടും ബിജെപി സ്ഥാനാര്‍ത്ഥിയില്‍ മാറ്റമുണ്ടായേക്കില്ല. കഴിഞ്ഞ വര്‍ഷം ജനവിധി തേടിയ ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ തന്നെയാവും ഇത്തവണയും മത്സരിക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ട് ലഭിച്ചിരുന്നു കൃഷ്ണകുമാറിന്. കേന്ദ്രത്തില്‍ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ബിജെപി കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്നും കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പും 2025ലെ തദ്ദേശ തെരഞ്ഞെടുപ്പും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് ഗൃഹസന്ദര്‍ശന പരിപാടികള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു.

Leave a Reply