ചട്ടങ്ങള്‍ വഴിമാറി; അച്‌ഛനു കരള്‍ പകുത്തു നല്‍കി ദേവനന്ദ

0


കൊച്ചി: കരള്‍ രോഗിയായ അച്‌ഛനെ രക്ഷിക്കാന്‍ നിയമത്തിന്റെ കടമ്പയും കടന്ന്‌ സ്വന്തം കരള്‍ പകുത്തുനല്‍കി പതിനേഴുകാരി ദേവനന്ദ. രാജ്യത്തുതന്നെ ഇതാദ്യമായാണ്‌ ഇത്രയും പ്രായം കുറഞ്ഞ ഒരാള്‍ അവയവ ദാതാവാകുന്നത്‌. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷവും, യോജിച്ച കരള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ്‌ തൃശൂര്‍ കോലഴി സ്വദേശിയായ പ്രതീഷിന്‌ കരള്‍ നല്‍കാന്‍ മകള്‍ ദേവനന്ദ മുന്നോട്ടുവന്നത്‌.
ആലുവ രാജഗിരി ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍ വിദ്‌ഗദന്‍ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തില്‍ ഈ മാസംഒമ്പതിനായിരുന്നു ശസ്‌ത്രക്രിയ. ഡോ. ജോണ്‍ ഷാജി മാത്യു, ഡോ. ജോസഫ്‌ ജോര്‍ജ്‌, ഡോ. സിറിയക്‌ എബി ഫിലിപ്പ്‌, ഡോ. ജോര്‍ജ്‌ ജേക്കബ്‌, ഡോ. ശാലിനി രാമകൃഷ്‌ണന്‍, ഡോ. ജയശങ്കര്‍ എന്നിവരും ശസ്‌ത്രക്രിയയില്‍ പങ്കാളികളായി.
ശസ്‌ത്രക്രിയക്കായി ദേവനന്ദ കാട്ടിയ ഇച്‌ഛാശക്‌തിയെ രാജഗിരി ആശുപത്രി മാനേജ്‌മെന്റും അഭിനന്ദിച്ചു. ദേവനന്ദയുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുത്തുകൊണ്ടായിരുന്നു ആശുപത്രിയുടെ ആദരം. അവയവ ദാനത്തില്‍ ലോകത്തിന്‌ തന്നെ മാതൃകയാണ്‌ ദേവനന്ദയെന്ന്‌ ആശുപത്രി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു.
തൃശൂരില്‍ കഫെ നടത്തി ജീവിതം മുന്നോട്ട്‌ കൊണ്ട്‌ പോകുന്നതിനിടെ പെട്ടെന്നാണ്‌ പ്രതീഷി(48)ന്റെ ജീവിതം മാറി മറിയുന്നത്‌. കരളില്‍ കാന്‍സറാണെന്നു തിരിച്ചറിഞ്ഞതോടെ കരള്‍ മാറ്റിവയ്‌ക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്നു ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. പ്രതീഷിനു ചേരുന്ന ദാതാവിനായി കുറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാജഗിരിയില്‍ തുടര്‍ പരിശോധനയ്‌ക്കായി എത്തിയപ്പോഴാണ്‌, തന്റെ കരള്‍ പിതാവിനു ചേരുമോയെന്നു നോക്കാന്‍ ദേവനന്ദ ഡോക്‌ടര്‍മാരോട്‌ ആവശ്യപ്പെടുന്നത്‌. കരള്‍ മാറ്റത്തെയും, സാധ്യതകളെയും കുറിച്ച്‌ ഇന്റര്‍നെറ്റില്‍ നോക്കി പഠിച്ച ശേഷമായിരുന്നു ദേവനന്ദ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്‌.
പക്ഷെ അപ്പോഴാണ്‌ മനുഷ്യാവയവങ്ങള്‍ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള 1994ലെ നിയമ പ്രകാരം 18 വയസ്‌ പൂര്‍ത്തിയാകാത്തത്‌ അവയവ ദാനത്തിനു തടസമാണെന്ന്‌ അറിയുന്നത്‌. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സമാന രീതിയില്‍ ഒരു കേസില്‍ കോടതിയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അവയവ ദാനത്തിന്‌ അനുമതി ലഭിച്ച ഉത്തരവ്‌ ദേവനന്ദ കണ്ടെത്തി. ഈ വിവരം അമ്മാവനെ അറിയിച്ചതോടെ, സുഹൃത്തായ അഡ്വ. പി എന്‍ ഷാജിവഴി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും, അതിനെയെല്ലാം മറികടന്ന്‌ പോരാടിയ ദേവനന്ദയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ജസ്‌റ്റിസ്‌ വി.ജി അരുണിന്റെ ഉത്തരവ്‌.
പിന്നെ കൃത്യമായ ഭക്ഷണക്രവും ചിട്ടയായ വ്യായാമവുമായി ദേവനന്ദ ശസ്‌ത്രക്രിയക്കു ഒരുങ്ങി. ഈ പ്രായത്തില്‍ ഈ ധൈര്യം എവിടെ നിന്ന്‌ എന്നു ചോദിച്ചാല്‍ ദേവനന്ദയ്‌ക്ക്‌ ഒരുത്തരമേ ഉളളു… അച്‌ഛനോടുളള ഇഷ്‌ടം!. ഒരാഴ്‌ചത്തെ ആശുപത്രി വാസത്തിന്‌ ശേഷം ദേവനന്ദ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങുകയാണ്‌. തൃശൂര്‍ സേക്രട്ട്‌ ഹാര്‍ട്ട്‌ കോണ്‍വെന്റ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ദേവനന്ദയ്‌ക്ക്‌ ഇനി മുന്നിലുളളത്‌ മാര്‍ച്ചിലെ പ്ലസ്‌ ടു പരീക്ഷയാണ്‌. ജീവിതത്തില്‍ നേരിടേണ്ടി വന്ന ഈ പരീക്ഷണത്തോളം വരില്ലല്ലോ വേറൊരു പരീക്ഷയും എന്നാണ്‌ ദേവനന്ദ പറയുന്നത്‌.

Leave a Reply