ഷഹാനയുടെ പ്രണയം ബാക്കി, പ്രണവ്‌ യാത്രയായി

0


ഇരിങ്ങാലക്കുട: സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപേര്‍ക്കു പ്രചോദനമായ കണ്ണിക്കര സ്വദേശി പ്രണവ്‌ (31) നിര്യാതനായി. കേരളം നെഞ്ചേറ്റിയ പ്രണയകഥയില്‍ ഇനി ഷാഹന തനിച്ച്‌. ഇന്നലെ രാവിലെ രക്‌തം ഛര്‍ദിച്ച്‌ അവശനായ പ്രണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണവ്‌ ഷഹാന എന്ന പേരിലാണ്‌ ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്‌.
2020 മാര്‍ച്ച്‌ മൂന്നിനാണ്‌ പ്രണവ്‌ തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കിയത്‌. സാമൂഹികമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ്‌ ഷഹാന, അപകടത്തില്‍ ശരീരം തളര്‍ന്ന പ്രണവിന്റെ ജീവിതത്തിലെത്തിയത്‌.
പ്രണവിന്റെ ശരീരം കഴുത്തിന്‌ കീഴ്‌പ്പോട്ട്‌ തളര്‍ന്നു പോയിരിക്കുകയാണ്‌. െകെകള്‍ മാത്രം ചലിപ്പിക്കാം. എന്നാല്‍ ഇതൊന്നും ഷഹാനയ്‌ക്കു പ്രശ്‌നമായിരുന്നില്ല. വീല്‍ചെയറില്‍ ഇരുന്ന്‌ പ്രണവ്‌ താലികെട്ടി ഷഹാനയെ സ്വന്തമാക്കി. ഇരുവരുടെയും വീഡിയോകള്‍ക്കും പോസ്‌റ്റുകള്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ്‌ സമാനമായ അവസ്‌ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക്‌ പ്രചോദനമായിരുന്നു. റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു. മണപ്പറമ്പില്‍ സുരേഷ്‌ കുമാറിന്റെയും സുനിതയുടെയും മകനാണ്‌ പ്രണവ്‌.

ജീവിതത്തെ കീഴ്‌മേല്‍ മറിച്ച അപകടം

എട്ടു വര്‍ഷം മുന്‍പായിരുന്നു പ്രണവിന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച അപകടം. കുതിരത്തടം പൂന്തോപ്പില്‍വച്ച്‌ നിയന്ത്രണംവിട്ട്‌ ബൈക്ക്‌ ഒരു മതിലില്‍ ഇടിച്ച്‌ പരുക്കേല്‍ക്കുകയുമായിരുന്നു. നട്ടെല്ലിന്‌ ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്നാണ്‌ പ്രണവിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നത്‌.
ബി.കോം പൂര്‍ത്തിയാക്കി തുടര്‍പഠനവും ജോലിയുമെല്ലാം സ്വപ്‌നം കാണുന്ന സമയത്താണ്‌ പ്രണവിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്‌. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെഅപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ വീഴ്‌ചയില്‍നിന്ന്‌ പിന്നീട്‌ പ്രണവിന്‌ എഴുന്നേല്‍ക്കാനായില്ല.സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്‌ഥ. എങ്കിലും കിടക്കയില്‍ നിന്നെഴുന്നേറ്റ്‌ വീല്‍ചെയറില്‍ സഞ്ചരിക്കാമെന്ന സാഹചര്യമായി.
പ്രണവിന്‌ പൂര്‍ണ പിന്തുണയുമായി കൂട്ടുകാര്‍ സജീവമായിരുന്നു. വീല്‍ചെയറിലേക്കു ജീവിതം മാറിയെങ്കിലും നിരാശയുടെ ഇരുട്ടറയില്‍ കഴിയാന്‍ പ്രണവ്‌ തയാറായിരുന്നില്ല. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ്‌ നിറസാന്നിധ്യമായി മാറി. അടുത്ത സുഹൃത്തായ വിനുവായിരുന്നു വര്‍ഷങ്ങളായി പ്രണവിനെ വീട്ടിലെത്തി കുളിപ്പിച്ചിരുന്നത്‌.

സോഷ്യല്‍ മീഡിയയിലൂടെ പ്രണയം…

കൂട്ടുകാര്‍ക്കൊപ്പം വീല്‍ചെയറിലിരുന്ന്‌ ഉത്സവത്തിനു പോയ പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ െവെറലായിരുന്നു. ആ വീഡിയോയിലൂടെയാണ്‌ മലയാളികളുടെ ഹൃദയത്തില്‍ പ്രണവ്‌ കയറിപ്പറ്റിയത്‌. വീഡിയോ കണ്ട പലരും പ്രണവിനെയും കൂട്ടുകാരേയും നേരിട്ടും അല്ലാതെയും അഭിനന്ദനങ്ങളറിയിച്ചു. അക്കൂട്ടത്തില്‍ തിരുവനന്തപുരത്തുനിന്നു ഷഹാന എന്ന ഒരു പത്തൊമ്പതുകാരിയും പ്രണവിനെ തേടിയെത്തി.
ആദ്യം സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു ഷഹാനയും പ്രണവിനെ സമീപിച്ചത്‌. കുറച്ചുനാള്‍ സംസാരിച്ചതോടെ ഷഹാന ഇഷ്‌ടം അറിയിച്ചു; വിവാഹം കഴിക്കാന്‍ തയാറാണെന്ന കാര്യവും. വിഷമത്തിലായ പ്രണവ്‌ തന്റെ പ്രണയം മറച്ചുവച്ച്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. മറ്റൊരു കാമുകിയുണ്ടെന്നു സുഹൃത്തിനെക്കൊണ്ടു പറയിച്ചു നോക്കി. എന്നിട്ടും ഷഹാന പിന്മാറിയില്ല. ഷഹാനയുടെ വീട്ടില്‍ വിവരം അറിഞ്ഞതോടെ പ്രശ്‌നമായി. പ്രണവിന്റെ അടുത്തേക്ക്‌ വരുന്നുവെന്നറിയിച്ച്‌ ഷഹാന വീട്ടില്‍നിന്ന്‌ ഇറങ്ങി.
പ്രണവിന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒരു തീരുമാനമെടുത്തു. പ്രണവിന്റെ അവസ്‌ഥ ഷഹാന നേരിട്ടു കാണട്ടെ. മനംമാറിയാല്‍ തിരികെ വീട്ടിലെത്തിക്കാം. തുടര്‍ന്ന്‌ ഷഹാന താഴേക്കാട്ടെ വീട്ടിലെത്തി. പ്രണവിനെ കണ്ടു; സംസാരിച്ചു. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഷഹാന ഉറച്ചുനിന്നു. കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഷഹാന, പ്രണവിന്റെ സഖിയായി.

Leave a Reply