കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ അടിച്ചമർത്താൻ പൊലീസ്

0

കണ്ണൂർ ജില്ലയിൽ ഉത്സവാഘോഷങ്ങൾക്കിടെയിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷം അടിച്ചമർത്താൻ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചു തുടങ്ങി. തലശേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ ഉത്സവ സ്ഥലങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ കൊടിതോരണങ്ങളും ബോർഡുകളും ഉയർത്തിയതോടെയാണ് സംഘർഷമാരംഭിച്ചത്. ഇതുകണ്ണൂർ ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലും വ്യാപിപ്പിക്കുകയായിരുന്നു.

കടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന നാടൻപാട്ടിനിടെ സിപിഎം.-ബിജെപി. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രദേശത്തെ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ പൊലിസ് പൊളിച്ചു നീക്കി. ബിജെപി., ആർ.എസ്.എസ്., ഡിവൈഎഫ്ഐ., കോൺഗ്രസ് എന്നിവരുടെ കൊടികളും ബോർഡുകളുമാണ് പൊലീസ് നീക്കംചെയ്തത്. കോൺക്രീറ്റിൽ സ്ഥാപിച്ച കൊടിമരവും കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകളും നീക്കംചെയ്തവയിൽ ഉൾപ്പെടും.

തിങ്കളാഴ്ച വൈകീട്ട് വളപട്ടണം പൊലീസാണ് രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നീക്കംചെയ്തത്. അഞ്ച് ബിജെപി. പ്രവർത്തകരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് ബിജെപി.-ആർ.എസ്.എസ്. പ്രവർത്തകരുടെ പേരിൽ വധശ്രമത്തിനാണ് വളപട്ടണം പൊലീസ് കേസെടുത്തത്.

ചിറക്കൽ സ്വദേശികളായ ആകാശ്, അർജുൻ, സൂരജ്, രാഹുൽ, വൈശാഖ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. അക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പുതിയതെരുവിൽ പ്രകടനം നടത്തി. തുടർന്ന് ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നടന്ന പൊതുയോഗം ഡിവൈഎഫ്ഐ. കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജർ ഉദ്ഘാടനംചെയ്തു.

ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് കടലായി ശ്രീകൃഷ്ണക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന നാടൻപാട്ടിനിടെ സിപിഎം.-ബിജെപി. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. രണ്ട് സിപിഎം. പ്രവർത്തകർക്കും രണ്ട് ബിജെപി. പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. വളപട്ടണം ഇൻസ്‌പെക്ടർ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

Leave a Reply