മുന്‍കൂര്‍ ജാമ്യവിവാദത്തില്‍ പോലീസും അനങ്ങി; പൊതുകിണര്‍ തകര്‍ത്ത കേസില്‍ അറസ്‌റ്റ്‌

0


റാന്നി: പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമ നിരോധനനിയമപ്രകാരമുള്ള കേസില്‍, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക്‌ അനുവദിച്ച മുന്‍കൂര്‍ജാമ്യ ഉത്തരവ്‌ ഹൈക്കോടതി തിരിച്ചുവിളിച്ചതിനു പിന്നാലെ, നടപടി ശക്‌തമാക്കി പോലീസും. ദളിത്‌ കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന പഞ്ചായത്ത്‌ കിണര്‍ തകര്‍ത്ത കേസില്‍ എട്ടാംപ്രതി കോട്ടയം, മണിമല, ആലപ്ര സ്വദേശി ബിനു തോമസ്‌ അറസ്‌റ്റില്‍.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. മുന്‍കൂര്‍ജാമ്യവിവാദത്തില്‍ ഉള്‍പ്പെട്ട മുഖ്യപ്രതി ബൈജു സെബാസ്‌റ്റ്യന്റെ ബന്ധുവാണു ബിനു. പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള പൊതുവഴി അടച്ചുപൂട്ടിയ കേസില്‍ കൂടുതല്‍ അറസ്‌റ്റ്‌ ഉടനുണ്ടായേക്കും.
ഹൈക്കോടതി ജഡ്‌ജിമാര്‍ക്കെന്ന പേരില്‍ അഭിഭാഷകന്‍ സൈബി ജോസ്‌ കിടങ്ങൂര്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന ആരോപണം ഹൈക്കോടതി വിജിലന്‍സ്‌ വിഭാഗം അന്വേഷിക്കവേയാണു റാന്നി കേസിലെ മുന്‍കൂര്‍ജാമ്യ ഉത്തരവ്‌ കോടതി തിരിച്ചുവിളിച്ചത്‌. പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസില്‍ സ്വീകരിക്കുന്ന നടപടികള്‍ പരാതിക്കാരനെ അറിയിച്ചിരിക്കണമെന്ന ചട്ടം മറികടന്ന്‌ ഏകപക്ഷീയമായി മുന്‍കൂര്‍ജാമ്യം അനുവദിച്ചെന്നാരോപിച്ച്‌ റാന്നി കേസിലെ പരാതിക്കാരന്‍ ബാബു നല്‍കിയ ഹര്‍ജിയിലായിരുന്നു അസാധാരണനടപടി.
കഴിഞ്ഞവര്‍ഷം ജനുവരി 15-നാണ്‌ റാന്നി, മന്ദമരുതി വട്ടാര്‍ക്കയത്തെ പഞ്ചായത്ത്‌ കിണര്‍ പ്രതികള്‍ ഇടിച്ചുനിരത്തിയത്‌. ഇതിനെതിരേ റാന്നി പഴവങ്ങാടി പഞ്ചായത്തും ദളിത്‌ കുടുംബങ്ങളും പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ പോലീസ്‌ ആദ്യം തയാറായില്ല. പട്ടികജാതി/വര്‍ഗ കമ്മിഷന്‍ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. രാഷ്‌ട്രീയ-ഉദ്യോഗസ്‌ഥതലങ്ങളില്‍ പ്രതികളുടെ സ്വാധീനമായിരുന്നു കാരണം. പോലീസ്‌ ട്രെയിനിങ്‌ കോളജില്‍ ജോലിചെയ്‌തിരുന്ന ഡിവൈ.എസ്‌.പി. സെബാസ്‌റ്റ്യന്റെ മകനാണു പ്രതി ബൈജു. പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുപ്രകാരം ഒടുവില്‍ പോലീസ്‌ എടുത്ത 10 കേസുകളില്‍ പ്രതികള്‍ക്കു മുന്‍കൂര്‍ജാമ്യം ലഭിക്കുകയും ചെയ്‌തു.
പ്രവാസിയായ വല്യത്ത്‌ വി.ടി. വര്‍ഗീസ്‌ പഴവങ്ങാടി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ പട്ടികജാതിക്കാരും ഭൂരഹിതരുമായ എട്ടുപേര്‍ക്ക്‌ മൂന്ന്‌ സെന്റ്‌ വീതം 2021-ല്‍ ദാനം ചെയ്‌തതോടെയാണു സംഭവങ്ങളുടെ തുടക്കം. തനിക്കു കിട്ടിയ സ്‌ഥലത്തു പഴവങ്ങാടിക്കര വെണ്‍പാലപ്പറമ്പില്‍ വി.ആര്‍. മോഹനന്‍ വീട്‌ വയ്‌ക്കാന്‍ പ്രാരംഭപ്രവര്‍ത്തനം തുടങ്ങി. ഇത്‌ പ്രദേശവാസികളായ ബൈജു സെബാസ്‌റ്റ്യന്‍, കെ.ഇ. മാത്യു, ടോണി റോയ്‌ മാത്യു, ജിജോ വര്‍ഗീസ്‌ ജോര്‍ജ്‌, എ.ടി. ജോയിക്കുട്ടി, ഷേര്‍ലി ജോര്‍ജ്‌ എന്നിവര്‍ തടഞ്ഞു. പ്രദേശം പട്ടികജാതി കോളനിയാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. മോഹനനെ ജാതിപ്പേര്‌ വിളിച്ച്‌ ആക്ഷേപിക്കുകയും ചെയ്‌തു.
വര്‍ഗീസ്‌ ദാനംചെയ്‌ത ഭൂമിയിലേക്കുള്ളതു പൊതുവഴിയല്ലെന്നും തന്റെ സ്വകാര്യസ്വത്താണെന്നും അവകാശപ്പെട്ട്‌ ബൈജു കോടതിയില്‍നിന്ന്‌ ഇടക്കാല ഉത്തരവ്‌ നേടി. വഴി അടച്ചുപൂട്ടി ഗേറ്റ്‌ സ്‌ഥാപിച്ചു. വഴിയോട്‌ ചേര്‍ന്ന കിണര്‍ ഇടിച്ചുനിരത്തി. പഞ്ചായത്തിന്റെ ആസ്‌തി രജിസ്‌റ്ററിലുള്ള കിണര്‍ നശിപ്പിച്ചതിലൂടെ 1.50 ലക്ഷം രൂപ പൊതുമുതല്‍ നഷ്‌ടപ്പെട്ടെന്നു കാട്ടി പഞ്ചായത്ത്‌ സെക്രട്ടറി പോലീസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന്‌, സെക്രട്ടറി എസ്‌.സി/എസ്‌.ടി. കമ്മിഷനു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഭൂമി ലഭിച്ച മോഹനനും പരാതി കൊടുത്തു. പത്തനംതിട്ട ജില്ലാ കലക്‌ടര്‍, തിരുവല്ല ആര്‍.ഡി.ഒ. എന്നിവര്‍ക്കും പരാതി അയച്ചു. ജില്ലാ എസ്‌.സി/എസ്‌.ടി ഓഫീസര്‍ കമ്മിഷന്‌ റിപ്പോര്‍ട്ട്‌ നല്‍കി. കമ്മിഷന്‍ കേസെടുത്ത്‌ അന്വേഷിക്കാന്‍ റാന്നി ഡിവൈ.എസ്‌.പിയെ ചുമതലപ്പെടുത്തി. ഇതുപ്രകാരമെടുത്ത കേസുകളിലാണു പ്രതികള്‍ മുന്‍കൂര്‍ജാമ്യം നേടിയത്‌. മോഹനന്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയപ്പോഴാണു മുന്‍കൂര്‍ജാമ്യവിവരം അറിഞ്ഞത്‌. തുടര്‍ന്ന്‌, ഹൈക്കോടതിയെത്തന്നെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here