സൗരോര്‍ജ വേലികള്‍ കാണാതായി; നാടുകാണാന്‍ വന്യമൃഗങ്ങള്‍

0


കോട്ടയം: വന്യമൃഗങ്ങള്‍ നാട്ടിലേക്കു വരുന്നതു തടയാന്‍ വനാതിര്‍ത്തികളില്‍ സ്‌ഥാപിച്ച സൗരോര്‍ജ വേലികള്‍ പലയിടത്തും കാണാനില്ല. ആന ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങാന്‍ ഇതാണു കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. കോട്ടയം ജില്ലയിലെ കോരുത്തോട്‌, എരുമേലി പ്രദേശങ്ങളില്‍ എട്ടുവര്‍ഷം മുമ്പ്‌ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ 27 കിലോമീറ്ററില്‍ സൗരോര്‍ജ വേലി സ്‌ഥാപിച്ചിരുന്നു. എന്നാല്‍ മേഖലയിലെ മിക്ക ഭാഗങ്ങളില്‍നിന്നും ഇപ്പോള്‍ വേലി അപ്രത്യക്ഷമായിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം ജനവാസകേന്ദ്രങ്ങളിലേക്ക്‌ ആനകളെത്തിയത്‌ നേരത്തെ സൗരോര്‍ജ വേലിയുണ്ടായിരുന്ന സ്‌ഥലങ്ങളിലൂടെയാണ്‌.
മലയോര ജില്ലകളിലെ വനാതിര്‍ത്തികളില്‍ കോടികള്‍ ചെലവഴിച്ചാണു സൗരോര്‍ജ വേലികള്‍ സ്‌ഥാപിച്ചിരുന്നത്‌. ചില മേഖലകളില്‍ കാട്ടാന ആക്രമിച്ചും മരങ്ങള്‍ വീണും ഇവ തകര്‍ച്ചയിലായി. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ട്‌ ഈ ഭാഗങ്ങളില്‍ വേലി നിഷ്‌പ്രയോജനമാണ്‌. ഇതിനും പുറമേയാണ്‌ ചില സ്‌ഥലങ്ങളില്‍ വേലിതന്നെ അപ്രത്യക്ഷമായിരിക്കുന്നത്‌. വനാതിര്‍ത്തിയില്‍ സ്‌ഥാപിച്ച സൗരോര്‍ജ വേലിയില്‍ സ്‌പര്‍ശിച്ചാല്‍ വന്യമൃഗങ്ങള്‍ക്കു നേരിയ തോതില്‍ വൈദ്യുതാഘാതമുണ്ടാവുകയും ഇവ മടങ്ങിപ്പോവുകയുമാണു ചെയ്‌തിരുന്നത്‌. എന്നാല്‍ വള്ളിപ്പടര്‍പ്പുകള്‍ വേലിയിലേക്കു പടര്‍ന്ന്‌ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ആകുന്നതുമൂലം മിക്കപ്പോഴും വൈദ്യുതിപ്രസരണമില്ലാത്തതാണ്‌ ഇപ്പോഴത്തെ സ്‌ഥിതി. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും കര്‍ഷകര്‍ ദുരിതമനുഭവിക്കുകയും ചെയ്യുമ്പോഴാണ്‌ വനംവകുപ്പിന്റെ പിടിപ്പുകേടു മൂലം സൗരോര്‍ജ വേലികള്‍ പ്രവര്‍ത്തനക്ഷമമാകാതെ കിടക്കുന്നത്‌. ആനകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ജനങ്ങള്‍ക്കു ഭീഷണിയായിട്ടുണ്ട്‌.
സൗരോര്‍ജ വേലികള്‍ സ്‌ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം സംസ്‌ഥാന സര്‍ക്കാര്‍ പൂര്‍ണമായി ചെലവഴിച്ചിട്ടില്ല. പ്രോജക്‌ട്‌ എലിഫന്റ്‌, പ്രോജക്‌ട്‌ ടൈഗര്‍, ഡെവലപ്‌മെന്റ്‌ ഓഫ്‌ വൈല്‍ഡ്‌ ലൈഫ്‌ ഹാബിറ്റാറ്റ്‌ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം 2014 മുതല്‍ 2020 വരെ 71.33 കോടി രൂപ കേരളത്തിന്‌ അനുവദിച്ചിരുന്നു. ഇതില്‍ 32.74 കോടി രൂപ മാത്രമാണു കേരളം ചെലവഴിച്ചത്‌. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്‌ഥാനവുമാണു വഹിക്കേണ്ടത്‌. സൗരോര്‍ജ വേലി, റെയില്‍ വേലി, കിടങ്ങുനിര്‍മാണം എന്നിവയ്‌ക്കാണ്‌ ഈ തുക ഉപയോഗിക്കേണ്ടിയിരുന്നത്‌. വന്യമൃഗങ്ങള്‍ക്കു തീറ്റയും വെള്ളവും ലഭ്യമാക്കുന്നതിനും ഉപയോഗിക്കാം. ഫണ്ട്‌ പൂര്‍ണമായും പ്രയോജനപ്പെടുത്താത്തത്‌ സൗരോര്‍ജ വേലിയുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും തടസമായി.

LEAVE A REPLY

Please enter your comment!
Please enter your name here