സ്ഫടികത്തിന്റെ രണ്ടാം വരവിൽ ഒത്തിരി സർപ്രൈസുകൾ! വിജയികളെ കാത്തിരിക്കുന്നത് ആടു തോമയിൽ നിന്ന് നേരിട്ട് റൈബാൻ ഗ്ലാസും ബുള്ളറ്റും സ്വന്തമാക്കുള്ള അവസരം;4 കെ പതിപ്പ് റിലീസ് ആഘോഷമാക്കാൻ സ്ഫടികം കോൺടസ്റ്റ്; വിശദവിവരങ്ങൾ ഉടനെന്ന് സംവിധായകൻ ഭദ്രൻ

0

മോഹൻലാൽ നായകനായി ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം സിനിമ 4കെയിൽ ഫെബ്രുവരി ഒൻപതിന് തിയേറ്ററിലെത്തും.ഇതിനോടകം തന്നെ നിരവധി ഫാൻസ് ഷോകൾ ബുക്ക് ചെയ്ത് കഴിഞ്ഞു.ചിത്രത്തിന്റെ രണ്ടാം വരവ് ആഘോഷമാക്കാൻ നിരവധി സർപ്രൈസുകളാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.സംവിധായകൻ ഭദ്രന്റെ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങശൾ വ്യക്തമാക്കിയത്.പ്രേക്ഷകർക്കായി ചില മത്സരങ്ങളാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. വിജയിക്കുന്നവർക്ക് ആടുതോമ നേരിട്ട് സമ്മാനങ്ങൾ നൽകും..അതും തോമാച്ചായന്റെ പ്രിയപ്പെട്ട റെയ്ബാൻ ഗ്ലാസും ബുള്ളറ്റും

കുറിപ്പിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ടവരേ,

നിങ്ങളേവരും നെഞ്ചുംകൂടിൽ നിണമുദ്രണം ചെയ്ത, ആടുതോമ ആടിതിമിർത്ത ‘സ്ഫടികം’ 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും അവതരിക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. പാതയുണർത്തുന്ന ആ ബുള്ളറ്റിന്റെ വരവും ലോറിയുടെ ഇരമ്പലും കരിമ്പാറ പൊട്ടിചിതറുന്ന സ്‌ഫോടന ശബ്ദവുമൊക്കെ ഫെബ്രുവരി 9 മുതൽ നിങ്ങളുടെ കർണപുടങ്ങളിൽ പുത്തൻ സാങ്കേതിക വിദ്യയുടെ തികവോടെ വിസ്മയാവേശത്തിൽ പതിയുന്ന ആ നിമിഷങ്ങളെ ഓർത്തുള്ള ആകാംക്ഷയിലാണ് ഞാൻ.

സിനിമയുടെ വരവറിയിച്ചെത്തിയ മോഷൻ പോസ്റ്ററിനും, ടീസറിനും, ക്യാരക്ടർ പോസ്റ്ററുകൾക്കും നിങ്ങൾ തന്ന അത്ഭുതപൂർവ്വമായ സ്വീകരണത്തിന് മനസ്സിൽ തട്ടിയുള്ള നന്ദി സ്‌നേഹം.

4കെ ദൃശ്യമികവിൽ ‘സ്ഫടികം’ നിങ്ങൾക്ക് മുന്നിൽ തെളിയുമ്പോൾ കൂട്ടിച്ചേർത്ത ചില പുതിയ ഷോട്ടുകൾ ഉണ്ടാകുമെന്ന് ഞാൻ കൊച്ചിയിൽ പ്രസ് മീറ്റിൽ പറഞ്ഞിരുന്നു. അത് ഏതൊക്കെയാണെന്ന് കണ്ടെത്തുന്നവർക്ക് സമ്മാനവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിങ്ങൾ പുതിയ ഷോട്ടുകൾ ഏവയെന്ന് നോക്കിയിരിക്കുമ്പോൾ സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തിന്റെ രസതന്ത്രം മുറിഞ്ഞു പോയാലോ എന്ന് ഞാൻ ഭയപ്പെടുന്നു. അതിനാൽ ‘സ്ഫടിക’ത്തെ നെഞ്ചോടു ചേർത്ത് സ്‌നേഹിക്കുന്ന പലരുടേയും പല കോണിൽ നിന്നുള്ള അഭിപ്രായങ്ങൾ മാനിച്ച് അതിൽ ഒരു വ്യത്യാസം വരുത്തുകയാണ്.

ആ സമ്മാനം നിങ്ങൾക്ക് ലഭ്യമാക്കാൻ മറ്റൊരു രീതി ഞങ്ങൾ അവലംബിക്കുകയാണ്. 28 കൊല്ലം സ്‌നേഹം തന്നതിന്റെ സമ്മാനമായി, ഇനി ആടുതോമ നിങ്ങൾക്ക് നേരിട്ട് ബുള്ളറ്റ് ബൈക്കും റെയ്ബാൻ ഗ്ലാസും സമ്മാനിക്കും. അതിന് വേണ്ടിയുള്ള #SpadikamContest വൈകാതെ തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് മോഹൻലാൽ നേരിട്ട് ബുള്ളറ്റും റെയ്ബാനും സമ്മാനിക്കും!

LEAVE A REPLY

Please enter your comment!
Please enter your name here