മരണത്തിൽ നിന്നും തലനാരിഴയ്ക്ക് ജീവിതത്തിലേക്ക് തിരികെ കയറി അഭീഷ്

0

മരണത്തിൽ നിന്നും തലനാരിഴയ്ക്ക് ജീവിതത്തിലേക്ക് തിരികെ കയറി അഭീഷ്. വനംവകുപ്പിന്റെ ജില്ലാ സ്‌നേക്ക് ക്യാച്ചർ കെ.എ.അഭീഷ് (33) മൂർഖന്റെ കടിയേറ്റ് ഒരാഴ്ചയിലേറെയണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലും അത്യാഹിത വിഭാഗത്തിലുമായി കഴിഞ്ഞത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അഭീഷിന്റെ രക്ഷക്കായി 50 കുപ്പി ആന്റിവെനമാണ് നൽകിയത്. കഴിഞ്ഞ ദിവസം അഭീഷ് ആശുപത്രി വിട്ടു.

30നു രാത്രി ഒൻപതിനു നട്ടാശേരിയിലെ ഫോറസ്റ്റ് കോംപ്ലക്‌സ് കെട്ടിടത്തിനു സമീപത്തെ ആറ്റുകടവിൽ നിന്നാണ് അഭീഷിനു മൂർഖന്റെ കടിയേറ്റത്. ആറ്റുക്കടവിലേക്ക് ഇറങ്ങുമ്പോൾ കൽപടവിൽ കിടന്ന മൂർഖനെ അറിയാതെ ചവിട്ടി. കടിയേറ്റു. ഉടൻ തന്നെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുംമുൻപ് ബോധംകെട്ടു. ലക്ഷണം കണ്ട് മൂർഖനാണ് കടിച്ചതെന്നു ഡോക്ടർമാർ തിരിച്ചറിഞ്ഞു. വലതുകാലിന്റെ ചെറുവിരലിനു തൊട്ടടുത്താണ് കടിയേറ്റത്. നില ഗുരുതരമായ അഭീഷിനെ വെന്റിലേറ്ററിലേക്ക് മാറ്റി.

50 കുപ്പി ആന്റി സ്‌നേക് വെനം നൽകി ജീവിതത്തിലേക്ക് തിരികെ കയഖ്ഖി. മുൻപ് വാവ സുരേഷിനു പാമ്പിന്റെ കടിയേറ്റപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ അദ്ദേഹത്തിനു 65 കുപ്പി ആന്റി സ്‌നേക് വെനം നൽകേണ്ടി വന്നു. മൂർഖന്റെ കടിയേറ്റാൽ പരമാവധി 25 കുപ്പിയാണു നൽകാറുള്ളത്. ശരീരത്തിൽ പാമ്പിന്റെ വിഷം കൂടുതൽ പ്രവേശിച്ചതിനാലാണ് ഇത്രയധികം മരുന്നു നൽകേണ്ടി വന്നതെന്നു ഡോക്ടർമാർ പറഞ്ഞു.

കടിയേറ്റ കാലിന്റെ പാദത്തിലെ മുകൾ ഭാഗത്തെ മാംസം പൂർണമായും നീക്കേണ്ടി വന്നു. മുറിവ് ഉണങ്ങിയിട്ടില്ല. കാൽ കുത്തിനടക്കാനാവില്ല. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആശുപത്രിയിൽ പോയിവരുന്നത്. സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലുമായാണ് തുടർ ചികിത്സ.

വനം വകുപ്പ് തയാറാക്കിയ ‘സർപ’ മൊബൈൽ ആപ്പിന്റെ ജില്ലാ കോ ഓർഡിനേറ്ററായ അഭീഷ് തൃശൂർ കൊടകര സ്വദേശിയാണ്. ഇരുനൂറ്റമ്പതിലേറെ പേർക്ക് പാമ്പിനെ പിടിക്കാൻ പരിശീലനം നൽകിയിട്ടുണ്ട്. ജില്ലയിൽ നിന്നു മാത്രം 1,400 ലേറെ വിവിധ വിഷപ്പാമ്പുകളെയും 4 രാജവെമ്പാലകളെയും പിടികൂടിയിട്ടുണ്ട്. 11 വർഷത്തെ സർവീസുള്ള അഭീഷ് 2018 മുതൽ നട്ടാശേരി ഓഫിസിലാണ് ജോലി ചെയ്യുന്നത്.

Leave a Reply