ഭാര്യയുടെ മൃതദേഹം എംബാം ചെയ്ത് കിട്ടാൻ 5000 രൂപ; മൃതദേഹം വിമാനത്താവളത്തിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർ ഈടാക്കിയത് 10,000 രൂപ: ജോലി തേടി എത്തിയ അമിത്തിന് കേരളത്തിലുണ്ടായത് ചുട്ടു പൊള്ളിക്കുന്ന അനുഭവം

0


തൃശൂർ:ലഖ്‌നൗവിൽ നിന്നും ജോലി തേടി കേരളത്തിലെത്തിയതായിരുന്നു 28കാരനായ അമിത് റാവേൽ. ഒപ്പം ഭാര്യ ഗുഞ്ജൻ ബീവി (26)യും ഉണ്ടായിരുന്നു. മൂന്ന് മാസം മുമ്പ് ഗുഞ്ജൻ മരിച്ചു. ഇതോടെ തനിക്ക് കേരളത്തിൽ നിന്നും ലഭിച്ച ദുരനുഭവത്തിൽ നിന്നും ഇനിയും കരകയറാനായിട്ടില്ല അമിത്തിന്. ഗുഞ്ജന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേരളത്തിൽ നിന്നും അത്രമേൽ കൈപ്പേറിയ അനുഭവമാണ് അമിത്തിന് ഉണ്ടായത്.

മൃതദേഹം എംബാം ചെയ്തുകിട്ടാൻ ഇടനിലക്കാരന് 5000 രൂപ കൈക്കൂലി നൽകേണ്ടിവന്നു. മൃതദേഹം വിമാനത്താവളത്തിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർ ഈടാക്കിയത് യഥാർഥ കൂലിയുടെ മൂന്നിരട്ടിയായ 10,000 രൂപയും. കൊടകര ഇരിങ്ങാലക്കുട റോഡിൽ കരിമ്പു ജ്യൂസ് കട നടത്തി ജീവിച്ചിരുന്ന അമിത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു ഈ സമയത്ത് നേരിട്ട ദുരനുഭവം.

ഗുഞ്ജൻ ദേവിയെ മൂന്ന് മാസം മുൻപു കൊടകരയിലെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 6 വർഷമായിട്ടും കുട്ടികളില്ലാത്തതിന്റെ മനോവിഷമമായിരുന്നു ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു തന്നെ സംസ്‌കരിക്കണം എന്ന് അമിത്ത് തീരുമാനമെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം എംബാം നടപടികൾ വേഗത്തിലാക്കി നൽകാമെന്ന വാഗ്ദാനവുമായി ഇടനിലക്കാരൻ സമീപിച്ചു. ഇതിനായി 5000 രൂപ കൈക്കൂലി വാങ്ങി. 300 രൂപ സർക്കാർ നിരക്ക് നിശ്ചയിച്ച എംബാമിന് ഇടനിലക്കാരൻ വൻ തുക കൈപ്പറ്റിയത്.

62 കിലോമീറ്ററകലെ വിമാനത്താവളത്തിലേക്കു മൃതദേഹം എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ വാങ്ങിയത് 10,000 രൂപ. അമിത്തിന്റെ ദുരനുഭവങ്ങൾക്കു പിന്നാലെ നീതി തേടിയിറങ്ങിയ സഹോദരൻ സുമിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണത്തിന് ഉത്തരവിട്ടതാണ് ഏക ആശ്വാസം. കലക്ടറുടെ ഓഫിസ് തുടർ നടപടി ആരംഭിച്ചിട്ടുണ്ട്. പൊതുപ്രവർത്തകൻ അജിത്തിന്റെ സഹായത്തോടെ മുഖ്യമന്ത്രിക്കു പരാതി നൽകുകയായിരുന്നു.

പണം നൽകിയതിന്റെ രേഖകളടക്കം തെളിവായി സമർപ്പിച്ചു. ഇതോടെയാണ് അന്വേഷണത്തിന് ഉത്തരവെത്തിയത്. കടുത്ത മനസംഘർഷം കാരണം ഒരു മാസത്തോളം അമിത് ചികിത്സയിലായിരുന്നു.

Leave a Reply