കണ്ണൂരില്‍ ഓടുന്ന കാറിന്‌ തീപിടിച്ചു , പ്രസവത്തിന്‌ ആശുപത്രിയിലേക്കു പോയ ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു

0


കണ്ണൂര്‍: പ്രസവത്തിനായി ആശുപത്രിയിലേക്കു പോവുകയായിരുന്ന യുവതിയും ഭര്‍ത്താവും കാറിനു തീപിടിച്ചു വെന്തു മരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ്‌ സ്വദേശികളായ പ്രജിത്ത്‌ (32), ഭാര്യ റീഷ (26) എന്നിവരാണ്‌ നാടിനെ നടുക്കിയ ദുരന്തത്തില്‍ മരിച്ചത്‌. പ്രസവവേദന തുടങ്ങിയ റീഷയെ ആശുപത്രിയില്‍ പവേശിപ്പിക്കാന്‍ പോകുന്ന വഴിക്കായിരുന്നു അപകടം. പിന്‍ സീറ്റിലിരുന്ന നാലു പേര്‍ രക്ഷപ്പെട്ടു. കുടുംബത്തിലേക്കെത്തുന്ന പിഞ്ചോമനയെ കാണാന്‍ കാത്തിരുന്ന ഇവരുടെ കണ്‍മുന്നിലായിരുന്നു യുവദമ്പതികളുടെ ദാരുണാന്ത്യം. ഫയര്‍ സ്‌റ്റേഷനില്‍നിന്നു നൂറു മീറ്റര്‍ മാത്രം അകലെയാണ്‌ അപകടമുണ്ടായത്‌.
കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്കു സമീപം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. പ്രജിത്താണ്‌ വാഹനം ഓടിച്ചിരുന്നത്‌. മരിച്ച ദമ്പതികളുടെ മൂത്ത കുട്ടി ഏഴു വയസുകാരി ശ്രീപാര്‍വതി, റീഷയുടെ പിതാവ്‌ വിശ്വനാഥന്‍, അമ്മ ശോഭന, ശോഭനയുടെ അനുജത്തി സജ്‌ന എന്നിവര്‍ പിന്‍സീറ്റിലുണ്ടായിരുന്നു. തീ പടര്‍ന്നത്‌ കണ്ട്‌ പ്രജിത്ത്‌ പിന്നിലെ ഡോര്‍ തുറന്നു കൊടുത്തതോടെ ഇവര്‍ക്ക്‌ പുറത്തിറങ്ങി രക്ഷപ്പെടാനായി. എന്നാല്‍, മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെ ദമ്പതികള്‍ കാറിനുള്ളില്‍ കുടുങ്ങി. പ്രിജിത്തും റീഷയും സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരുന്നു നിമിഷ നേരത്തിനുള്ളില്‍ കാര്‍ കത്തിയമര്‍ന്നുവെന്ന്‌ അപകടം കണ്ട്‌ ഓടി എത്തിയവര്‍ പറഞ്ഞു. കാറിനുള്ളിലുണ്ടായിരുന്നവര്‍ കരഞ്ഞ്‌ വിളിച്ചെങ്കിലും രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി നാട്ടുകാര്‍ക്ക്‌ കണ്ടു നില്‍ക്കേണ്ടിവന്നു.
കാറിന്റെ വലതുവശത്തു നിന്നും പുക ഉയരുന്നത്‌ കണ്ട നാട്ടുകാരാണ്‌ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്‌. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ്‌ എത്തി തീ അണച്ച ശേഷമാണ്‌ രണ്ടു മൃതദേഹങ്ങളും പുറത്തെടുക്കാനായത്‌.
കാറിന്റെ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതാണ്‌ രണ്ടുപേരുടെയും മരണത്തിന്‌ കാരണമായതെന്ന്‌ കണ്ണൂര്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ അജിത്ത്‌ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിയാന്‍ വിദഗ്‌ധ പരിശോധന ആവശ്യമാണ്‌. സ്‌റ്റിയറിങിന്റെ ഭാഗത്തു നിന്നുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാവും അപകട കാരണമെന്നാണ്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. രണ്ടുവര്‍ഷത്തെ പഴക്കമുള്ള കാറിനകത്ത്‌ നിരവധി എക്‌സ്‌ട്രാ ഫിറ്റിങ്‌സുകള്‍ നടത്തിയിരുന്നു. ഇതില്‍നിന്നുള്ള ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണോയെന്നു സ്‌ഥിരീകരിക്കുന്നതിനായി വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പ്രവീണ്‍ കുമാര്‍ അറിയിച്ചു.
പ്രത്യേകം സൗണ്ട്‌ ബോക്‌സും റിവേഴ്‌സ്‌ ക്യാമറയും കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്‌. കാറില്‍ ആദ്യം തീപടര്‍ന്നത്‌ ഡാഷ്‌ ബോര്‍ഡില്‍നിന്നെന്ന്‌ നിഗമനം. കാറില്‍ സാനിറ്റൈസര്‍ പോലെ പെട്ടെന്ന്‌ തീപിടിക്കുന്ന എന്തെങ്കിലും വസ്‌തു ഉണ്ടായിരുന്നിരിക്കാമെന്നും കരുതുന്നു ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നില്ല. സെന്‍സറുകള്‍ തകരാറിലായതിനാലാണ്‌ മുന്‍ വശത്തെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാതെ പോയതെന്നു കരുതുന്നു. കണ്ണൂര്‍ പ്രഭാത്‌ ജങ്‌ഷന്‍ വിട്ടപ്പോള്‍ തന്നെ കാറില്‍നിന്നു വയര്‍ കത്തിയതു പോലെയുള്ള മണം ഉയരുന്നുണ്ടായിരുന്നുവെന്നാണ്‌ രക്ഷപ്പെട്ടവര്‍ പറഞ്ഞത്‌. ഫയര്‍ഫോഴ്‌സ്‌ ഓഫീസിനടുത്തുവച്ച്‌ അതു ചെറിയ പുകയായി മാറി. ഇത്‌ ഞൊടിയിടയിലാണ്‌ കാറിനെ വിഴുങ്ങിയ തീഗോളമായി മാറിയത്‌.
കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പരേതനായ ഓട്ടക്കണ്ടി ഗോപാലന്റെയും താമരവളപ്പില്‍ കൗസല്യുടെയും മകനാണ്‌ പ്രജിത്‌. സഹോദരങ്ങള്‍: പ്രമോദ്‌, പ്രകാശന്‍, പ്രശാന്ത്‌, പ്രസന്ന, പരേതനായ പ്രദീപന്‍. കുറ്റിയാട്ടൂര്‍ ബസാറിലെ കെ.കെ. വിശ്വനാഥന്റെയും ശോഭനയുടെയും മകളാണ്‌ റീഷ. റീഷയുടെ ഏക സഹോദരി: ജിംഷ.

Leave a Reply