കാറിന് മുന്‍പില്‍ ബൈക്ക് ഇടിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

0

ബെംഗളൂരു: ബെംഗളൂരുവില്‍ കാറിന് മുന്‍പില്‍ ബൈക്ക് ഇടിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍ ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ് (24), രക്ഷിത്( 20) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

ബെംഗളൂരു സര്‍ജാപുര്‍ പ്രധാന റോഡില്‍ നിന്നും ഒരു ഇടറോഡിലേക്ക് കയറുന്നതിനിടെയാണ് യുവാക്കള്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുന്നത്. കാറിന്റെ ഡാഷ്‌ബോര്‍ഡിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

യുവാക്കള്‍ ഇരുവരും എതിര്‍ദിശയില്‍ നിന്നും കാറിന് മുന്നില്‍ വന്നിടിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുടര്‍ന്ന് പ്രതികള്‍ ദമ്പതികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇവരില്‍ നിന്നും കവര്‍ച്ചയ്ക്ക് ശ്രമിക്കുകയുമായിരുന്നു. ദമ്പതികളുടെ കൈയ്യിലുണ്ടായിരുന്ന ആഭരണങ്ങളും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ പ്രതികള്‍ ശ്രമിച്ചു. എന്നാല്‍ ദമ്പതികള്‍ കൃത്യമായി കാര്‍ പുറകോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയതോടെ നാലു മണിക്കൂറിനുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി.

Leave a Reply