കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എയർ ഇന്ത്യാ ജീവനക്കാരടക്കം മൂന്ന് പേർ അറസ്റ്റിലായി

0

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എയർ ഇന്ത്യാ ജീവനക്കാരടക്കം മൂന്ന് പേർ അറസ്റ്റിലായി. എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡിലെ ജീവനക്കാരായ വിഷ്ണു, അഭിലാഷ് എന്നിവരും സ്വർണം കടത്തിക്കൊണ്ടുവന്ന മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിലുമാണ് പിടിയിലായത്. വിഷ്ണുവും അഭിലാഷും എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാരാണ്്.

ബുധനാഴ്ച എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ മൂവാറ്റുപുഴ സ്വദേശി സ്വർണവുമായി പിടിയിലായതിനൊപ്പമാണ് വിഷ്ണുവും അഭിലാഷും കുടുങ്ങിയത്. ഇയാളുടെ പക്കൽനിന്ന് 1.375 കിലോ സ്വർണമാണ് പിടിച്ചത്. ഇയാളിൽനിന്ന് സ്വർണം ഏറ്റുവാങ്ങുന്നതിനിടെയാണ് ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാരനായ അഭിലാഷ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ സ്വർണക്കടത്തിൽ സഹപ്രവർത്തകനായ വിഷ്ണുവിനും പങ്കുണ്ടെന്നു കണ്ടെത്തി. തുടർന്ന് മൂന്നു പേരെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) അറസ്റ്റു ചെയ്തു.

മുഹമ്മദ് സ്വർണം കടത്തിക്കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്. സ്വർണ മിശ്രിതമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. അറൈവൽ ഹാളിനു സമീപത്തുള്ള ശൗചാലയത്തിൽ മുഹമ്മദ് അഭിലാഷിന് സ്വർണം കൈമാറുന്നതിനിടെ ഡി.ആർ.ഐ. ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു. അഭിലാഷും വിഷ്ണുവും പലവട്ടം സ്വർണം കടത്തിയിട്ടുണ്ടെന്ന് ഡി.ആർ.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ഡിആർഐ

LEAVE A REPLY

Please enter your comment!
Please enter your name here