കാറിടിച്ച് റോഡിൽവീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളെന്ന് പൊലീസ്

0

ഡൽഹി സുൽത്താൻപുരിയിൽ കാറിടിച്ച് റോഡിൽവീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളെന്ന് പൊലീസ്. കേസിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവന്റ്മാനേജ്‌മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന അഞ്ജലി സിങ്(20)ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെയാണ് പിടികൂടിയത്. അഷുതോഷ്, അങ്കുഷ് എന്നിവർക്കു കൂടി കൃത്യത്തിൽ പങ്കുണ്ടെന്നാണ് സൂചന ലഭിച്ചത്. അഞ്ചംഗസംഘത്തിന്റെ സുഹൃത്തുക്കളാണിവർ. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പുതുവത്സര ദിനത്തിൽ 12 കിലോമീറ്ററോളം പെൺകുട്ടിയെ കാറിനടിയിലൂടെ വലിച്ചിഴച്ചുവെന്നാണ് പൊലീസ് പറയുന്നത്.

പുറത്തുള്ള രണ്ട് പ്രതികൾ അഞ്ചംഗ സംഘത്തെ കുറ്റകൃത്യത്തിൽ നിന്ന് സംരക്ഷിക്കാനും തെളിവുകൾ ഇല്ലാതാക്കാനും ശ്രമിച്ചതായും പൊലീസ് വെളിപ്പെടുത്തി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ശ്രമിച്ചു.

കാർ ഓടിച്ചിരുന്നത് അമിത് ആയിരുന്നെന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിയെ പ്രതികൾക്ക് മുൻപരിചയമില്ലായിരുന്നുവെന്നും എന്നാൽ കാറിനടിയിൽ പെൺകുട്ടി കുടുങ്ങിയതിനെകുറിച്ച് അവർക്ക് അറിയാമായിരുന്നുവെന്നുമാണ് സി.സി.ടി.വി ദൃശ്യങ്ങൾ നൽകുന്ന സൂചനയെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്നത് ജനുവരി ഒന്നിന് പുലർച്ചെ 2.04നും 2.06നുമിടയിലാണ്. മൃതദേഹം കണ്ടെത്തിയ 4.15നും. സംഭവം നടന്നതും മൃതദേഹം കണ്ടെത്തിയതുമായ സ്ഥലങ്ങൾ തമ്മിൽ 10-12 കി.മി ദൂര വ്യത്യാസമുണ്ട്. എത്ര ദൂരം കാറിനടിയിലൂടെ പെൺകുട്ടിയെ വലിച്ചിഴച്ചു എന്നത് വ്യക്തമായി പറയാൻ സാധിക്കില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

കേസിലെ മുഖ്യ ദൃക്‌സാക്ഷിയായ അഞ്ജലിയുടെ സുഹൃത്ത് നിധിയുടെ മൊഴി പൊലീസ് എടുത്തിരുന്നു. അപകടം നടക്കുമ്പോൾ അഞ്ജലിക്കൊപ്പം സ്‌കൂട്ടറിൽ നിധിയുമുണ്ടായിരുന്നു. നിധിയും പ്രതികളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഞായറാഴ്ച പുലർച്ചെയാണു മദ്യലഹരിയിൽ 5 യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ, സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുൽത്താൻപുരിയിലെ കാഞ്ചവാലയിൽ നിന്നാണു കണ്ടെത്തിയത്.

പുതുവത്സരാഘോഷത്തിനു ശേഷം ഹോട്ടലിൽനിന്നു രാത്രി അഞ്ജലിയും കൂട്ടുകാരിയും കൂടി പുറത്തേക്കു വരുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അപകടത്തിൽ തെറിച്ചുവീണ കൂട്ടുകാരിക്ക് നിസ്സാര പരുക്കേറ്റെന്നും ഭയന്നുപോയ ഇവർ വേഗം വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നുമാണ് സ്‌പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞത്.

സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് അഞ്ജലിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. കൊല്ലപ്പെട്ട അഞ്ജലിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് എന്നവകശപ്പെടുന്ന യുവതി നൽകിയ മൊഴി മാതാപിതാക്കൾ തള്ളി. തന്റെ മകൾ മദ്യപിക്കാറില്ലെന്നും വീട്ടിലൊരിക്കലും മദ്യപിച്ച് എത്തിയിരുന്നില്ലെന്നും സുഹൃത്ത് എന്ന അവകാശപ്പെടുന്ന നിധി കള്ളം പറയുകയാണെന്നും മാതാവ് രേഖാ ദേവി പറഞ്ഞു. മകൾക്കൊപ്പം നിധിയെ ഒരിക്കലും കണ്ടിട്ടിടല്ല.അവർ വീട്ടിൽ വന്നിട്ടില്ല. നിധി ഗൂഢാലോചനയുടെ ഭാഗമാണെന്നും അഞ്ജലിയുടെ മാതാവ് ആരോപിച്ചു.

‘നിധിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. സുഹൃത്തായിരുന്നെങ്കിൽ എങ്ങനെയാണ് അഞ്ജലിയെ വിട്ട് രക്ഷപ്പെടാൻ കഴിയുക. അഞ്ജലിയുടെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. നിധിയും ഉൾപ്പെട്ടിരിക്കാം. ഇക്കാര്യത്തിൽ ഗൗരവതരമായ അന്വേഷണം വേണം.’- രേഖാ ദേവി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here