ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ജപ്‌തി നടപടികള്‍ നേരിട്ടവര്‍ക്കു പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുമായുള്ള ബന്ധം വ്യക്‌തമാക്കണമെന്നു ഹൈക്കോടതി

0

ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ജപ്‌തി നടപടികള്‍ നേരിട്ടവര്‍ക്കു പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുമായുള്ള ബന്ധം വ്യക്‌തമാക്കണമെന്നു ഹൈക്കോടതി. കണ്ടുകെട്ടിയ വസ്‌തുവകകളുടെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌ ഹാജരാക്കാനും ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
പി.എഫ്‌്.ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്തും കണ്ടുകെട്ടിയെന്ന പരാതിയെത്തുടര്‍ന്നാണു കോടതി നിര്‍ദേശം. 248 പേരുടെ വസ്‌തുവകകള്‍ ജപ്‌തി ചെയ്‌തതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. പി.എഫ്‌.ഐ. നേതാക്കളുടെ സ്വത്ത്‌ കണ്ട്‌ കെട്ടുന്നതിന്റെ മറവില്‍ മറ്റുള്ളവരുടെ വസ്‌തുവകകള്‍ ജപ്‌തി ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും അതിനാല്‍, നടപടി നേരിട്ടവര്‍ക്കു പി.എഫ്‌.ഐയിലുണ്ടായിരുന്ന ഭാരവാഹിത്വം വ്യക്‌തമാക്കി സത്യവാങ്ങ്‌മൂലം നല്‍കണമെന്നു ജസ്‌റ്റീസ്‌ എ.കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്‌റ്റിസ്‌ സി.പി. നിയാസ്‌ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ അഭ്യന്തര സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.
മലപ്പുറത്ത്‌ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകന്‍ യൂസഫിന്റെ വീടും പാലക്കാട്‌ കൊല്ലപ്പെട്ട എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈറിന്റെ വീടും ജപ്‌തി നടപടികളില്‍ ഉള്‍പ്പെട്ടിരുന്നു. കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട്‌ ജപ്‌തിക്കിരയായ യൂസഫ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തനിക്ക്‌ പി.എഫ്‌.ഐയുമായി ബന്ധമില്ലെന്നും ഇതിന്റെ ആശയങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന വ്യക്‌തിയാണ്‌ താനെന്നും ഹര്‍ജിയില്‍ പറയുന്നു. ഹജികള്‍ ഫെബ്രുവരി 2ന്‌ കോടതി വീണ്ടും പരിഗണിക്കും. ടി.പി യൂസുഫിന്‌ വേണ്ടി അഡ്വ. മുഹമ്മദ്‌ ഷാ ഹാജരായി.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല്‌ പേരുടെ വസ്‌തുവകകളിലാണ്‌ പേരിലെയും ഇനീഷ്യലിലെയും സാമ്യത കാരണം ജപ്‌തി നോട്ടീസ്‌ പതിപ്പിച്ചത്‌. എടരിക്കോടിന്‌ പുറമെ അങ്ങാടിപ്പുറത്തും രണ്ടു വീടുകളില്‍ പേരിലെയും സര്‍വേ നമ്പറിലെയും സാമ്യത കാരണം ജപ്‌തി നോട്ടീസ്‌ പതിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here