അടൂരിന്റെ ദിലീപ്‌ അനുകൂല നിലപാടില്‍ പ്രതിഷേധവുമായി നടിയുടെ സഹോദരന്‍

0


തൃശൂര്‍: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനെതിരേ ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍ രംഗത്ത്‌. ദിലീപ്‌ നിരപരാധിയാണെന്ന അടൂരിന്റെ പരാമര്‍ശത്തിനെതിരേയാണ്‌ ആഞ്ഞടിച്ചത്‌. അടൂരിന്റെ പ്രതികരണം ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്‌തന്‍ കൂടിയെന്ന സഹതാപത്തോടെ നോക്കിക്കാണുകയാണെന്ന്‌ നടിയുടെ സഹോദരന്‍ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ച്‌ അടൂര്‍ രംഗത്ത്‌ വന്നിരുന്നു.

ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലെ പ്രസക്‌തഭാഗങ്ങള്‍ :

ബഹുമാനപ്പെട്ട അടൂര്‍ ഗോപാലകൃഷ്‌ണന്‍ സാര്‍ അറിയുന്നതിന്‌. നടി ആക്രമിച്ച കേസില്‍ അങ്ങയുടെ പ്രതികരണം കണ്ടപ്പോള്‍ ആദ്യം പ്രതികരിക്കേണ്ട എന്ന്‌ തീരുമാനിച്ചതാണ്‌. ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്‌തന്‍ കൂടിയെന്ന സഹതാപത്തോടെ നോക്കിക്കാണുകയായിരുന്നു. ഇപ്പോള്‍ പ്രതികരിക്കാനുള്ള കാരണം താങ്കളെപ്പോലുള്ളവര്‍ ഇത്തര കുപ്രചാരണം നടത്തുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കാതിരിക്കുന്നതു ഞങ്ങളുടെ തെറ്റ്‌ കൊണ്ടാണോ അല്ലെങ്കില്‍ താങ്കളെപ്പോലുള്ളവരെ ഭയപ്പെടുന്നതു കൊണ്ടാണോ എന്നൊരു ചോദ്യം ഉയര്‍ന്നുവരുന്നതു കൊണ്ടാണ്‌.
കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ ഇത്രയും ആധികാരികമായി അങ്ങ്‌ വിധി പറയണമെങ്കില്‍ രണ്ടു കാരണങ്ങളാണ്‌ ഉണ്ടായിരിക്കുക. ആദ്യത്തേതു നടനോടുള്ള അന്ധമായ ആരാധന. രണ്ടാമത്തേത്‌, കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ചു താങ്കള്‍ക്ക്‌ ഒന്നും അറിയില്ലെന്ന പച്ച പരമാര്‍ത്ഥം.
താങ്കളെപ്പോലുള്ളവരുടെ അഭിപ്രായത്തിനു മലയാളികള്‍ അത്രയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട്‌ എന്നതുകൊണ്ടുതന്നെ തെറ്റായ ഒരു പ്രതികരണം നടത്തുന്നത്‌ താങ്കള്‍ ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന പേരിനും പ്രശസ്‌തിക്കും വരെ മങ്ങല്‍ ഏല്‍പ്പിച്ചേക്കാം.
അങ്ങയുടെ വ്യക്‌തിത്വത്തിനു കളങ്കം ഏറ്റു കാണാന്‍ ഇഷ്‌ടപ്പെടുന്നില്ല. കേസിന്റെ ഇതുവരെയുള്ള നാള്‍വഴികള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ അങ്ങു പറയുന്നതില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകള്‍ ഉണ്ടെന്ന്‌ ബോധ്യപ്പെടുന്നതാണ്‌. ദയവു ചെയ്‌ത്‌ ഒരു പ്രതികരണത്തിലൂടെ സ്വയം വിഡ്‌ഢിയാവാതിരിക്കാന്‍ ശ്രമിക്കുക. ഈ മറുപടി കൊണ്ട്‌ അങ്ങേക്ക്‌ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുവെങ്കില്‍ അതിനു നിരുപാധികം മാപ്പു ചോദിക്കുകയാണ്‌.

Leave a Reply