ആരാധകരെ ത്രില്ലടിപ്പിച്ച് രോഹിതും ഗില്ലും; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി കിങ് കോലിയും; ഗുവാഹത്തിയിൽ ശ്രീലങ്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട്; ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 374 റൺസ് വിജയലക്ഷ്യം

0

ഗുവാഹത്തി: കരിയറിലെ എഴുപത്തി മൂന്നാം സെഞ്ചുറിയുമായി വിരാട് കോലി. നായകൻ രോഹിത് ശർമ്മയുടേയും ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ അർധസെഞ്ചുറികളും സെഞ്ചുറി കൂട്ടുകെട്ടും. ഇന്ത്യയുടെ ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കത്തിന് ശുഭപ്രതീക്ഷ നൽകി മുൻനിര ബാറ്റർമാർ വെടിക്കെട്ട് തീർത്ത മത്സരത്തിൽ ശ്രീലങ്കയ്ക്ക് 374 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 373 റൺസെടുത്തത്. 87 പന്തിൽ 113 റൺസുമായി കോലി മുന്നിൽ നിന്ന് നയിച്ചപ്പോൾ രോഹിത് ശർമ (83), ശുഭ്മാൻ ഗിൽ (70) എന്നിവരും മികച്ച പ്രകടനവും ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായി.

80 പന്തുകളിൽനിന്നാണ് കോലി ഏകദിന കരിയറിലെ 45ാം സെഞ്ചറി തികച്ചത്. 47 പന്തുകളിൽ അമ്പതു തികച്ച താരം 33 പന്തുകളിൽ സെഞ്ചറിയിലേക്കെത്തി. അടിച്ചുകൂട്ടിയത് പത്ത് ഫോറും ഒരു സിക്‌സും.

87 പന്തുകൾ നേരിട്ട താരം 113 റൺസെടുത്ത് പുറത്തായി. ഇതോടെ കോലിയുടെ ആകെ സെഞ്ചറികളുടെ എണ്ണം 73 ആയി. ഹോം ഗ്രൗണ്ടിലെ സെഞ്ചറികളുടെ എണ്ണത്തിൽ കോലി സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി. ഇരുവരും ഇന്ത്യൻ മണ്ണിൽ 20 ഏകദിന സെഞ്ചറികൾ നേടിയിട്ടുണ്ട്. ഒന്നാം വിക്കറ്റിൽ 143 റൺസിന്റെ സെഞ്ചറി കൂട്ടുകെട്ട് തീർത്ത് രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്.

രോഹിത് 41 പന്തുകളിൽനിന്നും, ഗിൽ 51 പന്തുകളിൽനിന്നും അർധ സെഞ്ചറി തികച്ചു. 67 പന്തുകൾ നേരിട്ട രോഹിത് 83 റൺസെടുത്തു. ഒൻപതു ഫോറുകളും മൂന്ന് സിക്‌സുകളുമാണ് രോഹിത് ബൗണ്ടറി കടത്തിയത്. അരങ്ങേറ്റ മത്സരം കളിക്കുന്ന ദിൽഷൻ മദുഷങ്കയുടെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ബോൾഡാകുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. രോഹിത്താണ് കൂടുതൽ ആക്രമിച്ച് കളിച്ചത്. 41 പന്തുകളിൽ നിന്ന് ഇന്ത്യൻ നായകൻ അർധസെഞ്ചുറി നേടുകയും ചെയ്തു. പിന്നാലെ ഗില്ലിനെ കൂട്ടുപിടിച്ച് താരം ടീം സ്‌കോർ 100 കടത്തി. 14. 5 ഓവറിലാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയത്.

ടീം മൂന്നക്കം കണ്ടതോടെ ഗില്ലും ടോപ് ഗിയറിലായി. അനായാസം റൺസ് നേടിക്കൊണ്ട് താരവും അർധസെഞ്ചുറി നേടി. 51 പന്തുകളിൽ നിന്നാണ് ഗിൽ അർധസെഞ്ചുറി നേടിയത്. 19-ാം ഓവർ ചെയ്ത ദുനിത് വെല്ലലാഗെയുടെ ആദ്യ മൂന്ന് പന്തുകളും ബൗണ്ടറി കടത്തി ഗിൽ മികവ് അറിയിച്ചു.

എന്നാൽ 20-ാം ഓവറിലെ നാലാം പന്തിൽ താരം ഗില്ലിനെ പുറത്തായി ശ്രീലങ്കൻ നായകൻ ഡാസൺ ശനക ഇന്ത്യയുടെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. 70 റൺസെടുത്ത ഗില്ലിനെ ശനക വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 60 പന്തുകളിൽ നിന്ന് 11 ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം 70 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ രോഹിത്തിനൊപ്പം 143 റൺസ് ചേർത്ത ശേഷമാണ് താരം ക്രീസ് വിട്ടത്. ഗില്ലിന് പകരം സൂപ്പർ താരം വിരാട് കോലി ക്രീസിലെത്തി.

ഗിൽ വീണിട്ടും രോഹിത് അനായാസം ബാറ്റിങ് തുടർന്നു. എന്നാൽ 24-ാം ഓവറിലെ ആദ്യ പന്തിൽ രോഹിത്തിനെ അമ്പരപ്പിച്ചുകൊണ്ട് ദിൽഷൻ മധുശങ്ക വിക്കറ്റ് പിഴുതു. രോഹിത്തിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കടപുഴക്കി. 67 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 83 റൺസെടുത്താണ് താരം ക്രീസ് വിട്ടത്. രോഹിത്തിന് പകരം ശ്രേയസ്സ് അയ്യരാണ് ക്രീസിലെത്തിയത്. കോലിയോടൊപ്പം ബാറ്റുചെയ്ത ശ്രേയസ് 27 ഓവറിൽ ടീം സ്‌കോർ 200 കടത്തി.

ശ്രേയസ്സും കോലിയും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിക്കുന്നതിനിടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 24 പന്തുകളിൽ നിന്ന് 28 റൺസെടുത്ത ശ്രേയസ്സിനെ ധനഞ്ജയ ഡി സിൽവ ആവിഷ്‌ക ഫെർണാണ്ടോയുടെ കൈയിലെത്തിച്ചു. ശ്രേയസ്സിന് പകരം കെ.എൽ.രാഹുലാണ് ക്രീസിലെത്തിയത്. രാഹുലിനെ കൂട്ടുപിടിച്ച് കോലി അനായാസം ബാറ്റുവീശി. പിന്നാലെ 36-ാം ഓവറിൽ താരം അർധശതകം കുറിച്ചു. 47 പന്തുകളിൽ നിന്നാണ് കോലി അർധസെഞ്ചുറി നേടിയത്.

മറുവശത്ത് രാഹുലും നന്നായി ബാറ്റുവീശിയതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 90 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ 29 പന്തുകളിൽ നിന്ന് 39 റൺസെടുത്ത രാഹുലിനെ പുറത്താക്കി കസുൻ രജിത ഈ കൂട്ടുകെട്ട് പൊളിച്ചു. രാഹുലിനെ രജിത ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ടീം സ്‌കോർ 300 കടത്തിയ ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here