വിഷം കലര്‍ന്ന മദ്യം നല്‍കി കൊല: പ്രതിയുമായി തെളിവെടുത്തു

0


അടിമാലി: വ്യക്‌തിവൈരാഗ്യം തീര്‍ക്കാന്‍ വിഷം കലര്‍ന്ന മദ്യം നല്‍കി കൊല നടത്തിയ സംഭവത്തില്‍ പ്രതി പുത്തന്‍പുരയ്‌ക്കല്‍ സുധീഷി(മുത്ത്‌ 24)നെ നീണ്ടപാറയിലെ വീട്ടിലെത്തിച്ചു പോലീസ്‌ തെളിവെടുത്തു. അടിമാലിയില്‍നിന്നു കുരങ്ങാട്ടി റോഡില്‍ കുത്തനെയുള്ള പാറ മുകളിലാണ്‌ നീണ്ടപാറ. പോലീസ്‌ രാവിലെ 10 നു സുധീഷിനെയുംകൂട്ടി വീട്ടിലെത്തി. മദ്യക്കുപ്പി തുളച്ച ഭാഗം ഒട്ടിച്ച പശ പോലീസ്‌ കണ്ടെത്തി. ഏലച്ചെടിയില്‍ തളിക്കുന്ന, പൊടിരൂപത്തിലുള്ള വിഷമാണ്‌ സുധീഷ്‌ മദ്യത്തില്‍ കലര്‍ത്തിയത്‌. ഇതും കണ്ടെടുത്തു. മദ്യക്കുപ്പി കത്തിച്ച പ്രദേശവും കത്തിക്കാന്‍ ഉപയോഗിച്ച വസ്‌തുക്കളും പ്രതി പോലീസിനു കാണിച്ചുകൊടുത്തു.
പോലീസ്‌ ദേഹത്തു തൊടുന്നതിനെ പ്രതി വിലക്കുന്നതും കൈ വിലങ്ങുവയ്‌ക്കുന്നതിനെ എതിര്‍ക്കുന്നതും കാണാമായിരുന്നു. മരിച്ച കുഞ്ഞുമോന്റെ സഹോദരന്‍ പ്രതിക്കുനേരേ തെളിവെടുപ്പിനിടെ ആക്രമണത്തിനു ശ്രമിച്ചെങ്കിലും പോലീസ്‌ ഇടപെട്ടു ശാന്തനാക്കി.
സുധീഷ്‌ വീടിനു സമീപത്തെ ഷെഡിലാണ്‌ താമസിച്ചിരുന്നത്‌. ഷെഡിന്റെ പൂട്ട്‌ തുറക്കുന്നതിലും പരിശോധിക്കുന്നതിലും സുധീഷ്‌ എതിര്‍പ്പു പ്രകടിപ്പിച്ചു. തിരികെപ്പോരുമ്പോള്‍ ഷെഡ്‌ കൃത്യമായി പൂട്ടാന്‍ പ്രതി നിര്‍ബന്ധം പിടിച്ചു. ഇവിടെ ആരെങ്കിലും കഞ്ചാവ്‌ കൊണ്ടുവന്നുവയ്‌ക്കാന്‍ സാധ്യതയുള്ളതായി പ്രതി പോലീസിനോടു പറഞ്ഞു. ഷെഡിനു പുറത്തുണ്ടായിരുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്കു വെള്ളം നല്‍കിയ സുധീഷ്‌, ചെടികള്‍ നനച്ചശേഷമാണ്‌ മടങ്ങിയത്‌. ഉച്ചയ്‌ക്ക്‌ ഒന്നോടെ തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കി. വൈകിട്ടു പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
സുഹൃത്തായ മനോജിനെ കൊലപ്പെടുത്താന്‍ ഒരുക്കിയ കെണിയില്‍പ്പെട്ടാണ്‌ സുധീഷിന്റെ അമ്മാവന്‍ കുഞ്ഞുമോന്‍ മരിച്ചത്‌. സംഭവത്തില്‍ അനുവും മനോജും അപകടനില തരണം ചെയ്‌തിട്ടില്ല.
ഈ മാസം എട്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം. മനോജിനോടുള്ള സാമ്പത്തിക വൈരാഗ്യംമാത്രമായിരുന്നോ ആസൂത്രിത നീക്കത്തിനു പിന്നിലെന്നു പോലീസ്‌ അനേ്വഷിക്കുന്നുണ്ട്‌.
അടിമാലി സി.ഐ: ക്ലീറ്റസ്‌ ജോസഫ്‌, അടിമാലി എസ്‌.ഐ: കെ.എം. സന്തോഷ്‌, പി.സി. ജൂഡി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്‌ രൂപവത്‌കരിച്ചാണ്‌ അനേ്വഷണം.

LEAVE A REPLY

Please enter your comment!
Please enter your name here