സേഫ്‌ ആന്‍ഡ്‌ സ്‌ട്രോങ്‌ നിക്ഷേപത്തട്ടിപ്പ്‌ : കണ്ണുതള്ളി കള്ളപ്പണക്കാര്‍

0


തൃശൂര്‍: സേഫ്‌ ആന്‍ഡ്‌ സ്‌ട്രോങ്‌ നിക്ഷേപത്തട്ടിപ്പ്‌ ഇരകള്‍ പലരും കാണാമറയത്ത്‌. പരാതി നല്‍കാന്‍ മെനക്കെടാതെ ഒളിഞ്ഞിരിക്കുന്നതു കള്ളപ്പണനിക്ഷേപകരെന്നു സൂചന. ആകെ 36 പരാതികളില്‍ നിന്നായി രണ്ടുകോടി രൂപയുടെ തട്ടിപ്പുകളാണു നിക്ഷേപത്തട്ടിപ്പുമായി ഇതുവരെ പുറത്തുവന്നത്‌. എന്നാല്‍, 100 കോടിയോളം രൂപയുടെ തട്ടിപ്പ്‌ നടന്നിട്ടുണ്ടെന്നാണ്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്‌. തട്ടിപ്പിന്റെ വ്യാപ്‌തി വെളിപ്പെടാന്‍ വിശദ അന്വേഷണം വേണമെന്നു പോലീസും പറയുന്നു.
അതിവിദഗ്‌ധ കരുനീക്കത്തിലൂടെയാണ്‌ പ്രവീണ്‍ റാണ തട്ടിപ്പു നടത്തിയതെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. ഇയാള്‍ക്ക്‌ പോലീസില്‍ അടക്കം ഉറ്റബന്ധമുണ്ട്‌. റാണയുടെ സിനിമ സംവിധാനം ചെയ്‌തത്‌ റൂറല്‍ പോലീസിലെ എസ്‌.ഐ. ആണ്‌. ബിസിനസ്‌ പങ്കാളികള്‍, ഒളിവില്‍ പോകാന്‍ സഹായിച്ചവര്‍, രക്ഷപ്പെടാന്‍ സഹായിച്ചവര്‍ എന്നിവരെയൊക്കെ കേസില്‍ പ്രതിചേര്‍ക്കും. കണ്ണൂര്‍ സ്വദേശി ഷൗക്കത്തിന്‌ 16 കോടി രൂപ നല്‍കിയെന്ന റാണയുടെ മൊഴി സംബന്ധിച്ചും വിവരം ശേഖരിക്കും. തൃശൂര്‍ ജില്ലാ ജയിലില്‍ എ ബ്ലോക്കിലെ ഒന്നാം സെല്ലില്‍ ഒരു ദിവസം പിന്നിട്ട റാണയെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ പോലീസ്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌. ഈ അപേക്ഷയും ജാമ്യം ആവശ്യപ്പെട്ടുള്ള റാണയുടെ അപേക്ഷയും ഇന്ന്‌ കോടതി പരിഗണിക്കും. 27 വരെയാണ്‌ റാണയെ റിമാന്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌. കൂടുതല്‍ ചോദ്യം ചെയ്യലില്‍ തട്ടിച്ചെടുത്ത തുകയിലടക്കം വ്യക്‌തതയുണ്ടാകുമെന്നാണു പോലീസ്‌ കരുതുന്നത്‌.
തൃശൂര്‍ ഈസ്‌റ്റ്‌, വെസ്‌റ്റ്‌, വിയ്യൂര്‍, കുന്നംകുളം സ്‌റ്റേഷനുകളിലായി 36 കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്‌. 7.5 ലക്ഷം രൂപ മുതല്‍ 9.5 ലക്ഷം രൂപ വരെ റാണ തട്ടിയെടുത്തതായി കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ അഞ്ചു പരാതിയുണ്ട്‌. പാലയൂര്‍ സ്വദേശികളായ രണ്ടു പേരുടെ പരാതികളില്‍ ചാവക്കാട്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതാണ്‌ ഇതില്‍ ഒടുവിലത്തേത്‌. പ്രവീണ്‍ റാണയുടെ സ്വത്തുവകകള്‍ സംബന്ധിച്ച ചോദ്യവും ഉയരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലും വയനാട്ടിലും സ്‌ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ 77.5 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഉണ്ടെന്നാണ്‌ ഇയാള്‍ സത്യവാങ്‌മൂലം നല്‍കിയത്‌. തൃശൂരിലെ എച്ച്‌.ഡി.എഫ്‌.സി. ബാങ്കില്‍ 23 ലക്ഷത്തിന്റെ ബാങ്ക്‌ നിക്ഷേപം, 41.6 ലക്ഷത്തിന്റെ ബെന്‍സ്‌ കാര്‍, പാറമേക്കാവ്‌, കാനാടി, ഗുരുവായൂര്‍ വില്ലേജുകളില്‍ ഭൂമി എന്നിവയാണ്‌ വെളിപ്പെടുത്തിയിരുന്നത്‌. 26 ലക്ഷത്തിന്റെ കാര്‍വായ്‌പ മാത്രമാണ്‌ ബാധ്യതയായി രേഖപ്പെടുത്തിയത്‌. അറസ്‌റ്റിനുശേഷം നടന്ന ചോദ്യം ചെയ്യലില്‍ സുഹൃത്തിനു നല്‍കിയ 16 കോടി രൂപയും പാലക്കാട്ടെ 52 സെന്റ്‌ സ്‌ഥലവും സംബന്ധിച്ചു മാത്രമാണ്‌ റാണ പോലീസിനോടു തുറന്നു സമ്മതിച്ചത്‌.
രാഷ്‌ട്രീയത്തില്‍ സജീവമാകാന്‍ പൊതുതെരഞ്ഞെടുപ്പിനു മുമ്പും പ്രവീണ്‍ റാണ ശ്രമിച്ചിരുന്നു. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അരിമ്പൂര്‍ പഞ്ചായത്ത്‌ 13-ാം വാര്‍ഡില്‍ സ്വതന്ത്രനായി നാമനിര്‍ദേശപത്രിക നല്‍കി. പിന്നാലെ നാട്ടിലാകെ പോസ്‌റ്റര്‍ ഒട്ടിച്ചു. ശേഷം പത്രിക പിന്‍വലിക്കുകയായിരുന്നു.
2019-ല്‍ വയനാട്‌ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിക്കും തൃശൂരില്‍ നടന്‍ സുരേഷ്‌ ഗോപിക്കെതിരേയുമായിരുന്നു റാണയുടെ പോരാട്ടം. ഞങ്ങള്‍ സമം നിങ്ങള്‍ എന്നതായിരുന്നു പോസ്‌റ്ററുകളിലെ വാചകം. വയനാട്ടില്‍ 1102, തൃശൂരില്‍ 1105 എന്നിങ്ങനെയാണ്‌ വോട്ട്‌ കിട്ടിയത്‌. ലോക്‌താന്ത്രിക്‌ ജനതാദളിന്റെ കലാവിഭാഗം സംസ്‌ഥാന കണ്‍വീനറാണെന്നു കാണിച്ച്‌ അരിമ്പൂരിലും കുന്നത്തങ്ങാടിയിലും പോസ്‌റ്ററുകളും ഇയാള്‍ പതിച്ചു. സ്വന്തം പേരിനൊപ്പം ഡോക്‌ടര്‍ എന്നു ചേര്‍ക്കാന്‍ റാണ മുടക്കിയത്‌ 15 ലക്ഷം രൂപയാണെന്നറിയുന്നു. 10 ലക്ഷം രൂപ മുടക്കി ആദ്യ ഡോക്‌ടറേറ്റ്‌ കസഖ്‌സ്‌ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നാണത്രേ തരപ്പെടുത്തിയത്‌. ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു രണ്ടാമത്തെ ഡോക്‌ടറേറ്റിന്‌ അഞ്ചു ലക്ഷം മുടക്കി. ഇന്റര്‍നാഷനല്‍ ബിസിനസില്‍ ഓണ്‍ലൈനായി എം.ബി.എ. എടുത്തിട്ടുണ്ടെന്നും അവകാശപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here