ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച കെ.വി. തോമസ് തനിക്ക് ശമ്പളം വേണ്ടെന്ന് അറിയിച്ച് സർക്കാരിന് കത്ത് നൽകി

0

ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച കെ.വി. തോമസ് തനിക്ക് ശമ്പളം വേണ്ടെന്ന് അറിയിച്ച് സർക്കാരിന് കത്ത് നൽകി. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് തോമസിന്റെ അഭ്യർത്ഥന.

തോമസിന്റെ കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിനു കൈമാറി. മുഖ്യമന്ത്രി പരിശോധിച്ച ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനം. വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളിൽ മതിയെന്ന് അറിയിച്ചിട്ടുണ്ടെന്നും തോമസ് വ്യക്തമാക്കി.

ഡൽഹി കേരള ഹൗസിലാണ് കെ.വി.തോമസിന്റെ ഓഫിസ് പ്രവർത്തിക്കുക. എറണാകുളത്തും ഓഫീസുണ്ടാകും. അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആർഎ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ശമ്പളം. സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയം എന്നു പറയുന്നത്.

ജനുവരി 18ലെ മന്ത്രിസഭായോഗമാണു കെ.വി.തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനമെടുത്തത്. കാബിനറ്റ് റാങ്കോടെയാണു നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി എ.സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. അടിസ്ഥാന ശമ്പളം, ഡിഎ, ഡൽഹി അലവൻസ് ഉൾപ്പെടെ 92,423 രൂപയായിരുന്നു ശമ്പളം. 5 ജീവനക്കാരെയും അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here