ശബരിമലയില്‍ വന്‍ ഭക്‌തജന തിരക്ക്‌

0


ശബരിമല: പുതുവര്‍ഷപ്പുലരിയില്‍ ശബരീശ ദര്‍ശനത്തിന്‌ വന്‍ ഭക്‌തജന തിരക്ക്‌. മകരവിളക്ക്‌ ദിവസങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കിന്‌ സമാനമായ രീതിയിലുള്ള തിരക്കാണ്‌ ഉണ്ടായത്‌. ഇന്നലെ പുലര്‍ച്ചെ മൂന്നിന്‌ നട തുറന്നപ്പോള്‍ ശബരീശ ദര്‍ശനത്തിനായുള്ള തീര്‍ഥാടകരുടെ നിര ശരംകുത്തി വരെ എത്തിയിരുന്നു.
രാവിലെ ഏഴിന്‌ ഉഷപൂജയ്‌ക്കായി നടയടച്ചതോടെ തീര്‍ഥാടരുടെ നിര മരക്കൂട്ടം വരെ എത്തുകയും ചെയ്‌തു. 31 ന്‌ രാത്രി നടയടച്ചതോടെ വാവര്‍ നടയ്‌ക്ക്‌ മുന്നിലും വടക്കേനടയുടെ ഭാഗത്തേയും തുറസായ സ്‌ഥലം തീര്‍ഥാടകരെ കൊണ്ട്‌ നിറഞ്ഞിരുന്നു. നടന്ന്‌ നീങ്ങാന്‍ കഴിയാത്ത വിധം തിരക്കായിരുന്നു ഇവിടെ. മാളികപ്പുറം ഭാഗത്ത്‌ നിന്നും വലിയ നടപ്പന്തലിലേക്ക്‌ നടന്ന്‌ പോകാന്‍ പോലും കഴിയാത്ത സ്‌ഥിതിയായിരുന്നു. അപ്പം, അരവണ കൗണ്ടറുകള്‍ക്ക്‌ മുന്നില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടതായി വന്നു.
ദര്‍ശനതിനായി വടക്കേനടയിലും വലിയ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. വിരിപ്പുരകളും വിശ്രമപ്പന്തലും തീര്‍ത്ഥാടകരെ കൊണ്ട്‌ നിറഞ്ഞു. പോലീസിന്റെ തിരക്ക്‌ നിയന്ത്രണ സംവിധാനത്തിലെ ക്രമീകരണം മികവുറ്റതായതിനാല്‍ തിരക്ക്‌ നിയന്ത്രണ വിധേയമായിരുന്നു.
31 ന്‌ വൈകിട്ട്‌ മുതല്‍ പമ്പാനദിയൊഴുകും പോലെ സന്നിധാനത്തേക്ക്‌ ഭക്‌തരുടെ വലിയ ഒഴുക്കായിരുന്നു. സോപാനത്തിന്‌ മുന്നില്‍ ഭക്‌തര്‍ക്ക്‌ സുഖദര്‍ശനം ലഭിച്ചു. ഇവിടെ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ കൊച്ചു കുട്ടികളെ എടുത്തുയര്‍ത്തി അയ്യപ്പ സ്വാമിയെ കാട്ടിക്കൊടുത്തു.
സോപാനത്ത്‌ തിരക്ക്‌ കാരണം ദര്‍ശനം കിട്ടിയില്ലെന്ന്‌ പറഞ്ഞവര്‍ക്ക്‌ പോലീസ്‌ വീണ്ടും അവസരം ഒരുക്കി. എല്ലാ ഭക്‌തര്‍ക്കും സുഖദര്‍ശനം ലഭ്യമാക്കണമെന്നും തിരക്ക്‌ നിയന്ത്രണം എങ്ങനെ കാര്യക്ഷമമാക്കാമെന്നുമുള്ള എ.ഡി.ജി.പിയും ശബരിമല പോലീസ്‌ ചീഫ്‌ കോ-ഓര്‍ഡിനേറ്ററുമായ എം.ആര്‍. അജിത്‌ കുമാറിന്റെ നിര്‍ദേശങ്ങളും ഫലപ്രാപ്‌തിയില്‍ എത്തിക്കാന്‍ പോലീസിന്‌ കഴിഞ്ഞു.
ഇന്നലെ 89,831 തീര്‍ത്ഥാടകരാണ്‌ ഇന്നലെ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക്‌ ചെയ്‌തത്‌. ഏഴ്‌ വരെ 90000 പേരാണ്‌ ബുക്ക്‌ ചെയ്‌തിരിക്കുന്നത്‌. ഇന്നലെ വൈകിട്ട്‌ നാലു വരെ 52665 പേര്‍ ദര്‍ശനത്തിനെത്തി. സ്‌പോട്ട്‌ബുക്കിങ്‌ കൂടാതെയാണ്‌ ഇത്രയും തീര്‍ത്ഥാടകര്‍ എത്തിയത്‌. സ്‌പോട്ട്‌ ബുക്കിങ്‌ വഴി ദിനം പ്രതി ഏഴായിരത്തിലധികം പേര്‍ എത്തുന്നുണ്ട്‌. കൂടാതെ പുല്ലുമേട്‌ വഴി ദിനം പ്രതി രണ്ടായിരത്തോളം പേര്‍ എത്തുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here