ബിക്കിനി ധരിച്ചത് ഇഷ്ടപ്പെട്ടില്ല; വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണ ശ്രമം; പോലീസ് ഇടപെട്ടില്ലെന്നും ആക്ഷേപം

0

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം. നീന്തൽ വസ്ത്രം ധരിച്ചിരുന്നതിനെ ചൊല്ലിയാണ് യുവാവ് പ്രശ്നമുണ്ടാക്കിയത്. ഞായറാഴ്ച രാവിലെ ബീച്ചിൽ സർഫിങ് നടത്തുന്നതിനിടെ നാട്ടുകാരനായ ഒരാൾ പൊട്ടിയ ബിയർ കുപ്പിയുമായി വന്ന ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് ഫ്രഞ്ച് വനിതയുടെ പരാതി. നീന്തൽ വസ്ത്രം ധരിച്ചിരുന്നതിനെ ചൊല്ലിയാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്. എന്നാൽ സംഭവത്തിൽ പൊലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം.

അതേ സമയം കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയിൽ ഇതേ വ്യക്തി തന്നെ വിദേശവനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ വിദേശവനിതകളും പ്രദേശത്ത് സർഫിങ് നടത്തുന്നവരും ചേർന്ന് അയിരൂർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സംഭവം വ്ലോ​ഗറായ ഒരു യുവതി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. പോസ്റ്റിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പൊലീസിനെയും ടാ​ഗും ചെയ്തു. ഒരു മില്യൺ കാഴ്ചക്കാർ ഉണ്ടായിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് യുവതി പറ‍ഞ്ഞു.

ഇത്തരം പ്രവണതകൾ തടയപ്പെടേണ്ടത് അത്യാവശ്യമാണെന്നും വർക്കലയിലെ ടൂറിസത്തെ ഇത് സാരമായി ബാധിക്കുമെന്നും നാട്ടുകാർ ഉൾപ്പെടെ പരാതി ഉന്നയിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ അധികൃതരുടെ അടിയന്തരശ്രദ്ധ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതേസമയം, പ്രശ്നമുണ്ടാക്കിയ ആളിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here