ഗുണ്ടാബന്ധം, കൈക്കൂലി , 20 പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിക്ക്‌ മുഖ്യമന്ത്രിയുടെ നിര്‍ദേശം

0


തിരുവനന്തപുരം : ഗുണ്ടാബന്ധവും കൈക്കൂലിയും ഉള്‍പ്പെടെ ആരോപണവിധേയരായ 20 പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ അച്ചടക്കനടപടി വരുന്നു. ഇന്റലിജന്‍സ്‌ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന്‌ ഇതുസംബന്ധിച്ച്‌ സംസ്‌ഥാന പോലീസ്‌ മേധാവി അനില്‍ കാന്തിനു നിര്‍ദേശം ലഭിച്ചു. തുടര്‍നടപടിക്കായി റിപ്പോര്‍ട്ട്‌ എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനു കൈമാറി.
നാല്‌ ഡിവൈ.എസ്‌.പിമാര്‍ക്കെതിരായ പ്രത്യേക റിപ്പോര്‍ട്ട്‌ ആഭ്യന്തരവകുപ്പ്‌ പരിശോധിച്ചുവരുന്നു. 50 കോടി രൂപയുടെ മയക്കുമരുന്ന്‌ കേസ്‌ അട്ടിമറിച്ച ഡിവൈ.എസ്‌.പിയും പട്ടികയിലുണ്ട്‌. തിരുവനന്തപുരം ജില്ലയില്‍ പരാതിക്കാരനില്‍നിന്ന്‌ 20,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ്‌ മെഡല്‍ ജേതാവായ സി.ഐക്കെതിരേ രഹസ്യാന്വേഷണവും ആരംഭിച്ചു.
തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുമായി ഉറ്റബന്ധം പുലര്‍ത്തിയ മറ്റൊരു സി.ഐയെ അടുത്തിടെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. അച്ചടക്കനടപടി ഉറപ്പായവരില്‍ ഡിവൈ.എസ്‌.പി, സി.ഐ, എസ്‌.ഐ, എ.എസ്‌.ഐ. റാങ്കിലുള്ള ഉദ്യോഗസ്‌ഥരാണുള്ളത്‌. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഇവരെ സസ്‌പെന്‍ഡ്‌ ചെയ്‌ത്‌ വിശദീകരണം ചോദിക്കാനാണു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശം.
മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ൈപ്രവറ്റ്‌ സെക്രട്ടറിയുടെ സഹോദരനെ ആക്രമിച്ച്‌ കിണറ്റിലിട്ട കേസിലെ പ്രതികളുമായി മംഗലപുരം സി.ഐക്കു ബന്ധമുണ്ടെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. പ്രതികള്‍ക്കെതിരേ മംഗലപുരം സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളുണ്ടെങ്കിലും നടപടിയെടുത്തിരുന്നില്ല. ഈ സ്‌റ്റേഷനിലെ എല്ലാവരെയും സ്‌ഥലംമാറ്റുകയും ചെയ്‌തു. പ്രതികളെ പിടിക്കാന്‍ മംഗലപുരം പോലീസ്‌ തയാറാകാത്തതിനേത്തുടര്‍ന്ന്‌ റൂറല്‍ എസ്‌.പിയുടെ സ്‌ക്വാഡിലുള്ളവരാണ്‌ ആ ദൗത്യം നിര്‍വഹിച്ചത്‌.
ഒരാഴ്‌ചയായി തലസ്‌ഥാനനഗരത്തില്‍ ഗുണ്ടാ ആക്രമണം പതിവായതോടെയാണ്‌ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി. ഉള്‍പ്പെടെ ഉന്നതോദ്യോഗസ്‌ഥരുടെ യോഗം വിളിച്ചത്‌. ആരോപണവിധേയരായ ഉദ്യോഗസ്‌ഥര്‍ക്കെതിരേ ഇനി മറ്റ്‌ റിപ്പോര്‍ട്ടുകള്‍ തേടേണ്ടതില്ലെന്നും ശക്‌തമായ നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കണിയാപുരത്തു യുവാവിനെ തട്ടിക്കൊണ്ടുപോകുകയും അന്വേഷിക്കാനെത്തിയ പോലീസിനെ പടക്കമെറിയുകയും ചെയ്‌ത ഗുണ്ടകള്‍തന്നെയാണു മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ൈപ്രവറ്റ്‌ സെക്രട്ടറിയുടെ സഹോദരനെ മര്‍ദിച്ച്‌ കിണറ്റിലിട്ടത്‌.
പ്രതികളെ നാട്ടുകാര്‍ പിടികൂടി ആര്യനാട്‌ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. നഗരത്തില്‍ മാനവീയം വീഥി, കവടിയാര്‍, നന്തന്‍കോട്‌ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ കച്ചവടം സജീവമാണ്‌. ഇതിനു പോലീസില്‍നിന്നുതന്നെ ഒത്താശ ലഭിക്കുന്ന സാഹചര്യത്തിലാണു കര്‍ശന നടപടിക്കുള്ള നിര്‍ദേശം.

Leave a Reply