പറവൂരില്‍ ഹോട്ടലില്‍നിന്ന്‌ കുഴിമന്തി കഴിച്ച 70 പേര്‍ ചികിത്സ തേടി

0


പറവൂര്‍: എറണാകുളം പറവൂരിലെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച എഴുപതോളംപേര്‍ക്ക്‌ ഭക്ഷ്യവിഷബാധ. കുഴിമന്തി, അല്‍ഫാം, ഷവായി എന്നിവ കഴിച്ചവര്‍ വയറുവേദന, വയറിളക്കം, ഛര്‍ദി, പനി എന്നീ അസ്വസ്‌ഥതകളുമായി ചികിത്സതേടി. സംഭവത്തെത്തുടര്‍ന്നു മുനിസിപ്പല്‍ കവലയ്‌ക്കു സമീപമുള്ള മജ്‌ലിസ്‌ ഹോട്ടല്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ അടപ്പിച്ചു. തിങ്കളാഴ്‌ച വൈകിട്ടും രാത്രിയിലും ഭക്ഷണം കഴിച്ചവര്‍ക്കാണ്‌ പ്രശ്‌നമുണ്ടായത്‌. ഇവരിലേറേയും യുവാക്കളും യുവതികളും വിദ്യാര്‍ഥികളുമാണ്‌ ആരുടെയും നില ഗുരുതരമല്ല.
ഭക്ഷ്യവിഷബാധ ഏറ്റവരില്‍ കുന്നുകര എം.ഇ.എസ്‌. കോളജിലെ 10 ബി.ടെക്‌ വിദ്യാര്‍ഥികളുമുണ്ട്‌. ഹോസ്‌റ്റലില്‍ താമസിക്കുന്ന ഇവര്‍ 16നു രാത്രി എത്തി അല്‍ഫാം, ഷവായ്‌ എന്നിവയാണു കഴിച്ചത്‌. ഇന്നലത്തെ ബി.ടെക്‌ സെമസ്‌റ്റര്‍ പരീക്ഷ എഴുതാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല.
പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട്‌ ചെയ്‌ത മജ്‌ലിസ്‌ ഹോട്ടലിന്റെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതായി മന്ത്രി വീണാ ജോര്‍ജ്‌. പരിശോധന നടത്തി റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ ആകെ 189 സ്‌ഥാപനങ്ങളിലാണു ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ പരിശോധന നടത്തിയത്‌. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ്‌ ഇല്ലാതിരുന്നതുമായ രണ്ടു സ്‌ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിച്ചു. 37 സ്‌ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി.

സുനാമി ഇറച്ചി പോയത്‌ 49 ഹോട്ടലുകളിലേക്ക്‌

കളമശേരി: കളമശേരിയില്‍ 500 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ സ്‌ഥാപനം 49 ഹോട്ടലുകള്‍ക്ക്‌ ഇറച്ചി വിതരണം ചെയ്‌തിരുന്നതായി കണ്ടെത്തി.
ഇറച്ചി പിടികൂടിയ വാടക വീട്ടില്‍നിന്നു ലഭിച്ച രേഖകളിലാണ്‌ ഇക്കാര്യമുള്ളത്‌. ഇറച്ചി വിതരണവും പണം കൈമാറ്റവും സംബന്ധിച്ച ബില്ലുകളും രസീതുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്‌.
ഇവിടെനിന്ന്‌ ഇറച്ചി വാങ്ങിയ 49 ഹോട്ടലുകളുടെ പട്ടിക നഗരസഭ തയാറാക്കി. എറണാകുളം നഗരത്തിലടക്കം ജില്ലയുടെ വിവിധ മേഖലകളില്‍ ഇവിടെനിന്ന്‌ ഇറച്ചി വിറ്റിട്ടുണ്ട്‌. ഇതില്‍ സുനാമി ഇറച്ചി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണ്‌.
പഴകിയ ഇറച്ചി പിടികൂടിയ സ്‌ഥാപനത്തിന്റെ ഉടമയായ ജുനൈസിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായാണ്‌ സൂചന

LEAVE A REPLY

Please enter your comment!
Please enter your name here