ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബിഗ് ബോസ് ഉടൻ സംപ്രേഷണം ആരംഭിക്കുമെന്നും മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകനെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിഗ് ബോസ് സീസൺ അഞ്ചിലെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കുമെന്നത് സംബന്ധിച്ചുള്ള ചർച്ചകളും ഇതിനോടകം തന്നെ ചൂട് പിടിച്ച് തുടങ്ങിയിട്ടുണ്ട്.
തന്നെയും ബിഗ് ബോസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി യൂട്യൂബർ രേവതി രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് വ്ലോഗറായ രേവതി ഷോയുമായി ബന്ധപ്പെട്ട അപ്ഡേറ്റ്സുകളും റിവ്യൂകളും പങ്കുവെയ്ക്കുന്ന ആളാണ്.
അപ്രതീക്ഷിതമായിട്ടായിരുന്നു തനിക്ക് കോൾ വന്നതെന്നും വലിയ സന്തോഷം ഉണ്ടെന്നും രേവതി പറഞ്ഞു. അതേസമയം താൻ ഓഡിഷന് പോകുന്നില്ലെന്നും രേവതി വ്യക്തമാക്കി.
തനിക്ക് രണ്ടര വയസുള്ള മകൾ ഉണ്ട്. മാതാപിതാക്കൾക്ക് അവളെ നോക്കുന്നത് എളുപ്പമാകില്ല. മാറി നിൽക്കുന്നത് പ്രയാസമായതിനാലാണ് ഓഡിഷൻ കോൾ താൻ നിരസിച്ചതെന്ന് രേവതി പറഞ്ഞു. അതിനിടിയിൽ ഇത്തവണത്തെ പ്രെഡിക്ഷൻ ലിസ്റ്റും രേവതി പങ്കുവെച്ചു. പാലാ സജിയാണ് സാധ്യത ലിസ്റ്റിൽ ഉൾപ്പെടുന്ന ഒരാൾ. സെൻട്രൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന പാലാ സജിക്ക് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോളോവേഴ്സ് ആണ് ഉള്ളത്. കഴിഞ്ഞ തവണയും സജിയുടെ പേര് ചർച്ചയായിരുന്നു. ബിഗ് ബോസിലേക്ക് തന്നെ വിളിച്ചിരുന്നതായും എന്നാൽ മറ്റ് ചില കാരണങ്ങളാൽ ഇല്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും സജി വ്യക്തമാക്കിയിരുന്നു.
നടി ഗായത്രി സുരേഷാണ് സാധ്യത ലിസ്റ്റിൽ ഇടം നേടിയ മറ്റൊരു താരം. ആറാട്ട് അണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ പേരും ഉയരുന്നുണ്ട്. എന്നാൽ തന്നെ വിളിച്ചിട്ടില്ലെന്ന് സന്തോഷ് വർക്കി കഴിഞ്ഞ ദിവസം വ്യക്തമാക്കി. നടി ബീനാ ആന്റണി, ബീനാ ആന്റണിയുടെ ഭർത്താവ് മനോജ്, മുൻ ബിഗ് ബോസ് താരം ധന്യയുടെ ഭർത്താവ് ജോൺ ജേക്കബ് എന്നിവരുടെ പേരും ചർച്ചയാകുന്നുണ്ട്.
ഇൻസ്റ്റഗ്രാം റീലിസിലൂടെ സജീവമായ കൊറിയൻ മല്ലു എന്ന പേരിൽ അറിയപ്പെടുന്ന സനോജും സാധ്യത ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. നിലവിൽ കൊറിയയിൽ സയന്റിസ്റ്റായി ജോലി ചെയ്ത് വരികയാണ് സനോജ്. കണ്ണൂർ സ്വദേശിയാണ് അദ്ദേഹം. നടിയും അവതാരകയുമായ അശ്വതി, വ്ലോഗർ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി, മിസ് പത്തനംതിട്ടയായിരുന്ന ആരതി എന്നിവരുടെ പേരുകളും സാധ്യത ലിസ്റ്റിൽ ഉണ്ട്