അർബൻ നിധി ലിമിറ്റഡിന്റെ പേരിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ അസി. ജനറൽ മാനേജർ കോടതിയിൽ കീഴടങ്ങി

0

കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിൽ പ്രവർത്തിച്ചിരുന്ന അർബൻ നിധി ലിമിറ്റഡിന്റെ പേരിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ അസി. ജനറൽ മാനേജർ കോടതിയിൽ കീഴടങ്ങി. നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികൾ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂർ ആദികടലയായി വട്ടംകുളത്തെ സി.വി. ജീന കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്.

ഇതോടെ, കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം മേലേപ്പാട്ട് ഷൗക്കത്ത് അലി (43), തൃശൂർ വരവൂർ കുന്നത്ത് പീടികയിൽ കെ.എം. ഗഫൂർ (46) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ നൂറുകണക്കിന് പേരാണ് കമ്പനിയിൽ പണം നിക്ഷേപിച്ചത്. വാഗ്ദാനം ചെയ്ത പലിശക്കു പുറമെ മുതലും കിട്ടാതെ വന്നപ്പോഴാണ് പണം നിക്ഷേപിച്ചവർ പരാതിയുമായി വന്നത്. 140പേരുടെ പരാതികളിലായി അഞ്ചുകോടിയുടെ തട്ടിപ്പ് വിവരമാണ് ഇതിനകം പുറത്തുവന്നത്. നൂറുകണക്കിന് പേരുടെ നിക്ഷേപമുള്ള കമ്പനിക്ക് 35കോടിയുടെ ബാധ്യതയുണ്ട്.

മറ്റ് ഡയറക്ടറായ ആന്റണി, ജനറൽ മാനേജർ ചന്ദ്രൻ, ബ്രാഞ്ച് മാനേജർ ഷൈജു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതിനിടെ, നേരത്തേ അറസ്റ്റിലായ ഡയറക്ടർമാരായ ഷൗക്കത്ത് അലിയെയും കെ.എം. ഗഫൂറിനെയും കണ്ണൂർ ടൗൺ സിഐ പി.എ. ബിനുമോഹന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.

പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചിട്ടുണ്ട് നിക്ഷേപകരിൽനിന്ന് വാങ്ങിയ പണം മറ്റ് ബിസിനസുകൾക്ക് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം നൂറു കോടിയോളം രൂപയാണ് 140 നിക്ഷേപകരിൽ നിന്നും സ്വീകരിച്ചതിനു ശേഷം സ്വകാര്യ ധനകാര്യ സ്ഥാപനം മുങ്ങിയത്

അർബൻ നിധി ക്ളിപ്തത്തിന്റെ മറവിൽ നിക്ഷേപം സ്വീകരിച്ചു കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടിയില്ലെന്ന നിക്ഷേപകരുടെ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനിരിക്കെ ഡയറക്ടർമാരെ അറസ്റ്റ് ചെയ്തത്്..

ഉയർന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്താണ് സാധാരണക്കാരിൽ നിന്നും ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നുമായി സ്ഥാപനം ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതി. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാർ വരെ വഞ്ചിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. പണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ വൻതുക ആദായ നികുതിയായി നൽകേണ്ടി വരുമെന്നും ഇതൊഴിവാക്കാൻ തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

12 ശതമാനം വരെ പലിശയാണ് സ്ഥാപന അധികൃതർ വാഗ്ദാനം ചെയ്തത്. ഉയർന്ന പലിശ മോഹിച്ച് 34 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. 20,000 മുതൽ അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപവും ഒരു ലക്ഷം മുതൽ 34 ലക്ഷം വരെയുള്ള സ്ഥിര നിക്ഷേപവുമാണ് സ്ഥാപനം സ്വീകരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here