വയനാട് സുൽത്താൻ ബത്തേരിയിൽ മയക്കുവെടിയേറ്റ കാട്ടാനയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെ ആക്രമണം

0

വയനാട് സുൽത്താൻ ബത്തേരിയിൽ മയക്കുവെടിയേറ്റ കാട്ടാനയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെ ആക്രമണം. ആനയുടെ ആക്രമണത്തിൽ വെറ്ററിനറി സർജൻ അരുൺ സഖറിയയ്ക്ക് പരിക്കേറ്റു. വെടിയേറ്റ് മയങ്ങിയ ആനയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. അർധമയക്കത്തിലിരിക്കെയാണ് ആന ആക്രമിച്ചത്. സഹപ്രവർത്തകർ ചേർന്നാണ് ഡോക്ടറെ രക്ഷിച്ചത്. ഡോക്ടറുടെ കാലിനാണ് പരിക്കേറ്റത്.

ബത്തേരി നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭീതി പരത്തിയ പി.എം 2 എന്ന കാട്ടാനയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള വനത്തിൽ വച്ചാണ് കാട്ടാനയെ മയക്കുവെടി വെച്ചത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ വനം ഡിവിഷനിൽപ്പെട്ട ദേവാലയിലും സമീപങ്ങളിലുമായി രണ്ടുപേരെ കൊലപ്പെടുത്തുകയും നിരവധി വീടുകളും വാഹനങ്ങളും തകർക്കുകയും ചെയ്ത ആനയാണ് സുൽത്താൻ ബത്തേരിയിൽ ഇറങ്ങിയത്.

തമിഴ്‌നാട് വനസേന ഗൂഡല്ലൂർ വനമേഖലയിൽനിന്നു മയക്കുവെടിവെച്ച് വീഴ്‌ത്തി റേഡിയോ കോളർ ഘടിപ്പിച്ച് ഊട്ടി വനമേഖലയിൽ വിട്ട ആന കിലോമീറ്ററുകൾ താണ്ടിയാണ് വെള്ളിയാഴ്ച പുലർച്ചെ സുൽത്താൻ ബത്തേരിയിൽ എത്തിയത്. ആനയെ മയക്കുവെടിവെക്കാൻ ഉത്തരവിടുന്നത് വൈകിയതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്ററോളം ഉൾഭാഗത്തായാണ് കാട്ടാനയുള്ളത്. ആനയെ പുറത്തെത്തിക്കാൻ വനത്തിലൂടെ പാതയൊരുക്കുന്ന നടപടി പുരോഗമിക്കുകയാണ്. വൈൽഡ് ലൈഫ് വാർഡർ അബ്ദുൾ അസീസ്, എ സി എഫ് ജെയിംസ് മാത്യു, സൗത്ത് വയനാട് ഡി എഫ് ഒ ഷജ്ന, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. മയങ്ങിയ കാട്ടാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

ശനിയാഴ്ച വൈകിട്ട് നാലിനാണ് വൈൽഡ്ലൈഫ് പ്രിൻസിപ്പൽ സിസിഎഫ് ഗംഗസ്സിങ് കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടത്. ബത്തേരി നഗരത്തിൽ കാൽനടയായി സഞ്ചരിച്ച പള്ളിക്കണ്ടി സ്വദേശി സുബൈറിനെ ആന തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞു പരിക്കേൽപ്പിച്ചിരുന്നു. നാട്ടുകാരും വനം ജീവനക്കാരും ഏറെനേരം പരിശ്രമിച്ചാണ് ആനയെ നഗരത്തിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കട്ടയാട് വനത്തിലേക്ക് തുരത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here