വിഴിഞ്ഞം: എന്‍.ഐ.എ. വിശദാംശം തേടി

0


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പോലീസിനോട്‌ വിശദാംശങ്ങള്‍ തേടി. സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടായോ എന്നറിയാനാണിത്‌.
തുറമുഖവിരുദ്ധ സമരത്തില്‍ ചില ഏജന്‍സികളുടെ സഹായം ലഭിക്കുന്നുണ്ടോയെന്ന്‌ സംശയിക്കുന്നതായി മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു.
മുന്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരും ഇടതു തീവ്രനിലപാടുള്ള സംഘടനകളില്‍പ്പെട്ടവരും സമരസമിതിയുമായി ചര്‍ച്ച നടത്തിയെന്നും ആരോപണവുമുയര്‍ന്നിരുന്നു. സമരവുമായി ബന്ധപ്പെട്ട്‌ ഞായറാഴ്‌ച വിഴിഞ്ഞം പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 3000 പേര്‍ക്കെതിരേയാണ്‌ കേസ്‌. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്‌.
അതിനിടെ, വിഴിഞ്ഞത്ത്‌ സ്‌പെഷല്‍ ഓഫീസര്‍ ആര്‍. നിശാന്തിനി ചുമതല ഏറ്റെടുത്തു. തുറമുഖവിരുദ്ധ സമരവുമായി ബന്ധപ്പെട്ട അക്രമസംഭവത്തില്‍ പ്രതികളെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി അവര്‍ പറഞ്ഞു. 164 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. എണ്ണം ഇനിയും കൂടും.
അക്രമത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ നിലവില്‍ പറയാനാകില്ല. അക്രമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എ തേടിയോ എന്നതിനെക്കുറിച്ചും ഇപ്പോള്‍ പ്രതികരിക്കാനാകില്ല. ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന്‌ പോലീസ്‌ അനുമതി നല്‍കിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.

Leave a Reply