മകരവിളക്കിനു ശബരിമല നട ഇന്നു തുറക്കും

0


ശബരിമല: മകരവിളക്ക്‌ ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. ഇതോടെ കാനന പാത വീണ്ടും ശരണം വിളികളാല്‍ മുഖരിതമാകും. കറുപ്പണിഞ്ഞ ഭക്‌തലക്ഷം അയ്യപ്പ സന്നിധിയിലേക്ക്‌ ഒഴുകിയെത്തും.
വൈകിട്ട്‌ അഞ്ചിനു തന്ത്രി കണ്‌ഠര്‌ രാജീവര്‌ നട തുറക്കും. തുടര്‍ന്നു മാളികപ്പുറം ക്ഷേത്രനട തുറക്കാന്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിക്ക്‌ താക്കോലും ഭസ്‌മവും നല്‍കി യാത്രയാക്കും. മേല്‍ശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണന്‍ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിക്കും. അതിനുശേഷം ഭക്‌തര്‍ക്ക്‌ പതിനെട്ടാംപടി കയറാം. ഇന്നു പ്രത്യേക പൂജകളുണ്ടാകില്ല. മകരവിളക്ക്‌ തീര്‍ഥാടന കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ മൂന്നിനു നിര്‍മാല്യത്തിനുശേഷം തുടങ്ങും.
14 നാണു മകരവിളക്ക്‌. ഇത്തവണത്തെ എരുമേലി പേട്ട തുള്ളല്‍ 11 നു നടക്കും. തിരുവാഭരണ ഘോഷയാത 12 ന്‌ പന്തളത്തുനിന്നു പുറപ്പെടും. 13നു പമ്പ വിളക്ക്‌, പമ്പ സദ്യ എന്നിവ നടക്കും. മകരവിളക്ക്‌ കാലത്തെ നെയ്യഭിഷേകം 18നു പൂര്‍ത്തിയാക്കും. 19നു തീര്‍ഥാടനത്തിനു സമാപനംകുറിച്ച്‌ മാളികപ്പുറത്ത്‌ ഗുരുതി നടക്കും. 20നു രാവിലെ ഏഴിന്‌ നട അടയ്‌ക്കും.

Leave a Reply