ശിവഗിരി ഒരുങ്ങി; തീര്‍ഥാടനത്തിന്‌ ഇന്നു തുടക്കമാകും

0


ശിവഗിരി: തൊണ്ണൂറാമത്‌ ശിവഗിരി തീര്‍ഥാടനത്തിന്‌ ഇന്നു തുടക്കം. പുലര്‍ച്ചെ പര്‍ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജയ്‌ക്ക്‌ ശേഷം ബ്രഹ്‌മവിദ്യാലയത്തില്‍ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ ഏഴരയ്‌ക്ക്‌ ശ്രീനാരായണ ധര്‍മസംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ പതാകോദ്ധാരണം നടത്തും. തീര്‍ഥാടകരെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും പദയാത്രകള്‍ ഇന്നു വൈകിട്ട്‌ ശിവഗിരിയില്‍ സംഗമിക്കുമെന്നും ശിവഗിരി ധര്‍മസംഘം ട്രസ്‌റ്റ്‌ ജന. സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 9.30 ന്‌ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ ശിവഗിരി തീര്‍ഥാടനം ഉദ്‌ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും. ശ്രീനാരായണ ധര്‍മസംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ധര്‍മസംഘം ട്രസ്‌റ്റ്‌ ബോര്‍ഡ്‌ മെമ്പര്‍ സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
രാത്രി ഏഴിനു നടക്കുന്ന കലാ സാംസ്‌കാരിക സമ്മേളനത്തില്‍ കലാപരിപാടികളുടെ ഉദ്‌ഘാടനം കെ.എസ്‌. ചിത്ര നിര്‍വഹിക്കും. സിനിമ സംവിധായകന്‍ വിനയന്‍ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ്‌ എം.പി മുഖ്യാതിഥിയാകും. നാളെ പുലര്‍ച്ചെ 4.30 ന്‌ തീര്‍ഥാടക ഘോഷയാത്ര നടക്കും. അലങ്കരിച്ച ഗുരുദേവ റിക്ഷയ്‌ക്ക്‌ ഭക്‌തജനങ്ങള്‍ അകമ്പടി സേവിച്ച്‌ 8.30 ന്‌ മഹാസമാധി പീഠത്തില്‍ മടങ്ങിയെത്തും. തുടര്‍ന്ന്‌ സ്വാമിസച്ചിദാനന്ദ തീര്‍ഥാടന സന്ദേശം നല്‍കും.
10നു നടക്കുന്ന തീര്‍ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി.എന്‍ വാസവന്‍, വെള്ളാപ്പള്ളി നടേശന്‍ എം.എ. യൂസഫലി എന്നിവര്‍ മുഖ്യാതിഥികളാകും. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ഉച്ചയ്‌ക്ക്‌ 12 നു സംഘടനാ സമ്മേളനം മന്ത്രി എം.ബി. രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍ അധ്യക്ഷത വഹിക്കും. ഡെപ്യുട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥിയാവും.
31 ന്‌ രാത്രി 12 നു മഹാസമാധിയില്‍ പുതുവത്സര പൂജയും സമൂഹ പ്രാര്‍ഥനയും നടക്കും.
ജനുവരി 1 ന്‌ രാവിലെ 10നു നടക്കുന്ന ശിവഗിരി തീര്‍ഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ ഉദ്‌ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ്‌ അധ്യക്ഷത വഹിക്കും. ഉച്ചയ്‌ക്ക്‌ 12 ന്‌ നടക്കുന്ന ശ്രീനാരായണ പ്രസ്‌ഥാനങ്ങളുടെ ആഗോള സംഗമത്തില്‍ എസ്‌.എന്‍.ഡി.പി. യോഗം പ്രസിഡന്റ്‌ ഡോ. എം.എന്‍ സോമന്‍ അധ്യക്ഷത വഹിക്കും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്‌ഘാടനം ചെയ്യും.
വൈകിട്ട്‌ 4.30നു നടക്കുന്ന തീര്‍ഥാടന സമാപന സമ്മേളനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മുഖ്യാതിഥിയാകും. ഡോ. പി. മുഹമ്മദ്‌ അലിയെ ചടങ്ങില്‍ ആദരിക്കും.
ശ്രീനാരായണ ധര്‍മ സംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിതാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീര്‍ഥ, പി.വി. ബാബുരാജ്‌, പി.എസ്‌.ബാബുറാം, ഡോ. സുരേഷ്‌ കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here