നിലയ്‌ക്കല്‍- പമ്പാ സര്‍വീസ്‌ : കെ.എസ്‌.ആര്‍.ടി.സിക്ക്‌ റെക്കോഡ്‌ വരുമാനം

0


ശബരിമല: മണ്ഡലകാലം ആരംഭിച്ചശേഷം കെ.എസ്‌.ആര്‍.ടി.സി നിലയ്‌ക്കല്‍-പമ്പാ റൂട്ടില്‍ നടത്തിയത്‌ ഒരു ലക്ഷത്തോളം ചെയിന്‍ സര്‍വീസുകള്‍. വ്യാഴാഴ്‌ച്ച വരെയുള്ള കണക്ക്‌ പ്രകാരം 92,791 സര്‍വീസുകളിലായി 46 ലക്ഷം തീര്‍ഥാടകര്‍ യാത്രചെയ്‌തു. 21 കോടി രൂപായാണ്‌ കോര്‍പ്പറേഷന്റെ വരുമാനം.
204 ബസുകളാണ്‌ ചെയിന്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്‌. 144 നോണ്‍ എ.സിയും 60 എ.സി ബസുകളും സര്‍വീസ്‌ നടത്തുന്നുണ്ട്‌. കേവലം 24 കി.മീറ്റര്‍ മാത്രം സഞ്ചരിക്കുന്നതിന്‌ എ.സി ബസിന്‌ 80 രൂപയും നോണ്‍ എസി ബസിന്‌ 50 രൂപയുമാണ്‌ ടിക്കറ്റ്‌ ചാര്‍ജ്‌. ഇതിനുപുറമെ പമ്പ ഡിപ്പോയില്‍നിന്നുള്ള സ്‌പെഷ്യല്‍ സര്‍വീസുകളുമുണ്ട്‌.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ പമ്പാ ഡിപ്പോയില്‍ നിന്നു മാത്രം 22,814 സര്‍വീസുകള്‍ കോപ്പറേഷന്‍ ഇതുവരെ നടത്തി. 2.85 ലക്ഷം പേര്‍ യാത്ര ചെയ്‌തതായാണ്‌ കണക്ക്‌. 3.45 കോടി രൂപയാണ്‌ സ്‌പെഷ്യല്‍ സര്‍വീസുകളില്‍നിന്ന്‌ കളക്ഷന്‍ ലഭിച്ചത്‌. ശബരിമലയില്‍ ഏറ്റവുമധികം തീര്‍ഥാടകരെത്തിയ 21നാണ്‌. അന്ന്‌ റെക്കോഡ്‌ ദിവസ വരുമാനം കെ.എസ്‌.ആര്‍.ടി.സി നേടിയിരുന്നു. ഒരുകോടിയിലധികം രൂപയാണ്‌ ഒരുദിവസത്തെ സര്‍വീസില്‍നിന്നുമാത്രം നേടിയത്‌. 2018-2019 കാലയളവില്‍ 76 ലക്ഷം രൂപവരെ ദിവസവരുമാനം എത്തിയിരുന്നെങ്കിലും ഒരുകോടി പിന്നിടുന്നത്‌ ആദ്യമാണെന്ന്‌ പമ്പാ സ്‌പെഷ്യല്‍ ഓഫീസര്‍ ഡി. ഷിബുകുമാര്‍ പറഞ്ഞു. മണ്ഡലകാലം പൂര്‍ത്തിയാകുന്നതോടെ റെക്കൊഡ്‌ കലക്ഷന്‍ ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഷിഫ്‌റ്റുകളിലായി 493 ജീവനക്കാരും മണ്ഡലകാലത്ത്‌ ജജസേവനമനുഷ്‌ഠിക്കുന്നുണ്ട്‌

Leave a Reply