ഗതാഗതയോഗ്യമല്ലാത്ത തകർന്ന റോഡ് നന്നാക്കിയെന്ന് ചിത്രമടക്കം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പൊതുമരാമത്ത് മന്ത്രിയുടെ പേജിലെത്തി പൊങ്കാലയിട്ട് നാട്ടുകാർ

0

ഗതാഗതയോഗ്യമല്ലാത്ത തകർന്ന റോഡ് നന്നാക്കിയെന്ന് ചിത്രമടക്കം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പൊതുമരാമത്ത് മന്ത്രിയുടെ പേജിലെത്തി പൊങ്കാലയിട്ട് നാട്ടുകാർ. തെക്കുംഭാഗം അഞ്ചിരി റോഡ് ടൈൽ പാകി ഗതാഗത യോഗ്യമാക്കി എന്നുള്ള പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലെ പരാമർശമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. റോഡ് ഇനിയും നന്നാക്കി നൽകിയിട്ടില്ലെന്നും ഇതുവഴിയുള്ള ഗതാഗതം വളരെ ബുദ്ധിമുട്ടാണെന്നും നാട്ടുകാർ പറയുന്നു.

നൂറുകണക്കിനു ടോറസ് ലോറികളും ടിപ്പറുകളും ദിവസവും സഞ്ചരിക്കുന്ന കാരിക്കോട് തെക്കുംഭാഗം അഞ്ചിരി ആനക്കയം കാഞ്ഞാർ റോഡ് പല ഭാഗവും തകർന്നു കിടക്കുകയാണ്. ഇതു സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പിന്റെ ഫോർ യു ആപ്പിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തെക്കുംഭാഗം മുതൽ അഞ്ചിരി വരെയുള്ള റോഡിൽ കൂടുതൽ തകർന്ന ഭാഗങ്ങളിൽ ടൈൽ പാകി ഗതാഗത യോഗ്യമാക്കിയെന്നാണു മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫിസിന്റെ ഫെയ്‌സ് ബുക്ക് പേജിൽ പറഞ്ഞിരിക്കുന്നത്. ഇതിനായി രണ്ട് ഫോട്ടോകളും നൽകിയിട്ടുണ്ട്. എന്നാൽ ഈ രണ്ട് ഫോട്ടോകളും റോഡിന്റെ രണ്ട് ഭാഗങ്ങളിലാണെന്നും പടത്തിൽ കാണുന്ന തകർന്ന ഭാഗം ഇപ്പോഴും അതേ പോലെയാണെന്നും നാട്ടുകാർ പറയുന്നു.

റോഡ് പൊട്ടിപൊളിഞ്ഞ് തകർന്നതിനാൽ ഗതാഗതം അതീവ ദുഷ്‌കരമാണ്. പല ഭാഗത്തും ടാറില്ല. ടൈൽ പാകിയ ഭാഗത്തോട് ചേർന്ന് വലിയ കുഴികളാണ്. ഇതൊന്നും മണ്ണിട്ട് മൂടാൻ പോലും ശ്രമിക്കാതെ ചില ഉദ്യോഗസ്ഥർ നൽകിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ ഓഫിസ്പ്രചാരണം നടത്തുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. മൂന്നര കിലോ മീറ്റർ ദൈർഘ്യമുള്ള റോഡിൽ ഒരു കിലോമീറ്ററിൽ താഴെ മാത്രമാണ് പല ഭാഗത്തായി ടൈൽ പാകിയിരിക്കുന്നത്.

ഇതാണ് തകർന്ന റോഡ് മുഴുവൻ ഗതാഗത യോഗ്യമാക്കി എന്ന നിലയിൽ പ്രചാരണം നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇത് തെറ്റായ പ്രചാരണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഓഫിസ് ഫെയ്‌സ് ബുക്ക് പേജിനു താഴെ ഒട്ടേറെ നാട്ടുകാർ പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് സിമന്റ് കയറ്റി വന്ന കണ്ടെയ്‌നർ ലോറി തോട്ടിലേക്ക് മറിഞ്ഞു. എത്രയും വേഗം റോഡ് പൂർണമായും റീ ടാർ ചെയ്യണണമെന്നാണു നാട്ടുകാരുടെ ആവശ്യം

Leave a Reply