കോവളത്ത് വിദേശവനിതയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 1,65,000 വീതം പിഴയും

0

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 1,65,000 വീതം പിഴയും വിധിച്ചു. ഉമേഷ്, ഉദയകുമാര്‍ എന്നീ പ്രതികള്‍ക്കാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. ജീവിതാവസാനം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴത്തുകയുടെ ഒരു ഭാഗം കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കൂടാതെ വിക്ടിം കോംപെന്‍സേഷന്‍ സ്‌കിം പ്രകാരം അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം.

പ്രതികള്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളുടെ ശിക്ഷ സംബന്ധിച്ച വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നു.

തങ്ങള്‍ക്ക് നുണപരിശോധന വേണമെന്ന് പ്രതികള്‍ രാവിലെ കോടതിയോട് ആവശ്യപ്പെട്ടു. മറ്റൊരാള്‍ സംഭവ സ്ഥലത്ത് അവിടെ ഉണ്ടായിരുന്നുവെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന പലകാര്യങ്ങളും ഇന്ന് പ്രതികള്‍ കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ വിചാരണ ഒരു വേളയിലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ പറയുന്നതില്‍ കാര്യമില്ലെന്ന് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. ഇത് ആശയക്കുഴപ്പമോ വിവാദമോ ഉണ്ടാക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും പ്രോസിക്യുഷന്‍ അറിയിച്ചു.

Leave a Reply