അടച്ചിട്ടിരുന്ന വാടകവീടിനുള്ളിലെ ഡ്രമ്മിൽ യുവതിയുടെ ശരീരഭാഗങ്ങൾ, ഒരു വർഷത്തെ പഴക്കമുണ്ടെന്ന് പൊലീസ്

0


അമരാവതി: ഡൽഹിയിൽ ലിവിംഗ് ‌‌ടുഗദർ പങ്കാളിയെ ഇരുപത്തിയെട്ടുകാരൻ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം രാജ്യത്തെ നടുക്കിയതിന്റെ ഞെട്ടൽ മാറും മുൻപേ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. വിശാഖപട്ടണത്തെ മദുരാവധയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. പൂട്ടിക്കിടന്ന വീടിനുള്ളിൽ ഒരു ഡ്രമ്മിൽ നിന്നാണ് ഒരു വർഷം പഴക്കമുണ്ടെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

വാടകയ്ക്ക് നൽകിയിരുന്ന വീട് ഉടമസ്ഥൻ പൂട്ട് തുറന്നുപരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.ഭാര്യയുടെ പ്രസവസംബന്ധമായ ആവശ്യങ്ങൾ പറഞ്ഞ് 2021 ജൂണിലാണ് വാടകക്കാരൻ വീടൊഴിഞ്ഞത്. എന്നാലിയാൾ വാടകതുക മുഴുവനായും നൽകിയിരുന്നില്ല. ഇതിനിടെ മറ്റൊരിക്കൽ വീടിന്റെ പുറകുവശത്തുകൂടി ഇയാൾ വാടക വീട്ടിൽ എത്തിയെന്നും എന്നിട്ടും തരാനുള്ള പണം നൽകിയില്ലെന്നും ഉടമസ്ഥൻ പറയുന്നു. ഒരു വർഷം കാത്തിരുന്നതിനുശേഷം വാടകക്കാരൻ ഉപേക്ഷിച്ചുപോയ സാധനങ്ങൾ മാറ്റി വീട് വൃത്തിയാക്കുന്നതിനായി ഉടമസ്ഥൻ വീട് തുറന്നു പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് വീടിനുള്ളിൽ ഉണ്ടായിരുന്ന ഡ്രമ്മിൽ യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

പിന്നാലെ ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. ശരീരഭാഗങ്ങൾ വാടകക്കാരന്റെ ഭാര്യയുടേതാകാമെന്നും ഒരു വർഷത്തെ പഴക്കമുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ഉടമയുടെ പരാതിയിൻമേൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Leave a Reply