സികെ ശ്രീധരൻ സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം’; ഇയാളുടെ ശരീരം കോൺഗ്രസിലും മനസ് ബിജെപിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമാണ്; വിവാദ പരാമർശവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

0

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിഭാഗത്തിന് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരന് എതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ പരാമർശം വിവാദമായി. സി കെ ശ്രീധരൻ സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം എന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാമർശം.

‘ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ശ്രീധരൻ പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാറില്ല. ജൂനിയേഴ്സിനേയാണ് അദ്ദേഹം പറഞ്ഞയക്കുക. മാർക്സിസ്റ്റ് നേതാവ് മോഹനനേയും അദ്ദേഹവുമായി ബന്ധപ്പെട്ട് ശിക്ഷിക്കാൻ ഉതകുന്ന സാക്ഷികളേയും വിസ്തരിക്കാൻ വിളിച്ച ദിവസങ്ങളിൽ വിചാരണ കോടതികളിൽ നിന്ന് മുങ്ങുന്ന കാഴ്ച അന്നും ഞങ്ങൾ കണ്ടു.

പണത്തിന് വേണ്ടി മാർക്സിസ്റ്റ് പാർട്ടിയിലും, ആർഎസ്എസിലും അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ട്. ഇയാളുടെ ശരീരം കോൺഗ്രസിലും മനസ് ബിജെപിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമാണ്. ഇദ്ദേഹം സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം എന്നേ പറയാനുള്ളൂ’ -രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

സികെ ശ്രീധരന് എതിരെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഉണ്ണിത്താന്റെ വാക്കുകൾ. ‘പെരിയ ഇരട്ടക്കൊലക്കേസ് വക്കാലത്ത് ഏറ്റെടുത്ത സികെ ശ്രീധരൻ ഒരു ചതി നടത്തിയിട്ടുണ്ട്. കുടുംബത്തെ വിശ്വസിപ്പിച്ച്, കേസ് ഏറ്റെടുത്ത് സിബിഐയ്ക്ക് വിടാമെന്ന് പറഞ്ഞ്, എറണാകുളത്ത് പോയി മുറിയെടുത്ത് കേസ് മൊത്തം പഠിച്ചു കഴിഞ്ഞപ്പോഴാണ് പറയുന്നത് തനിക്ക് തിരക്കാണെന്ന്. ഞങ്ങൾക്ക് അറിയാവുന്ന മുഴുവൻ വിവരങ്ങളും ചോർത്തിയെടുത്ത ശേഷമാണ് അദ്ദേഹം പറയുന്നത് കേസെടുക്കാൻ പറ്റില്ല എന്ന്.

മുപ്പത് ചില്ലിക്കാശിന് വേണ്ടി യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തില്ലേ യൂദാസ്. പിലാത്തോസും യൂദാസും കൂടെ ചേർന്നാൽ എന്താണോ അതാണ് സികെ ശ്രീധരൻ. സികെ ശ്രീധരന് ഏത് ഏത് പാർട്ടിയിൽ വേണമെങ്കിലും പോകാം. ശ്രീധരന്റെ രാഷ്ട്രീയ ചാരിത്ര്യമൊന്നും കൂടുതലായി ജനങ്ങളോട് പറയണ്ട. അങ്ങനെ അയാൾ പറയാൻ ശ്രമിച്ചാൽ പലതും നമുക്ക് പറയേണ്ടി വരും’- ഉണ്ണിത്താൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here