റെയിൽവേ പ്ലാറ്റ്‌ഫോമുകൾ വിട്ട് ഭക്ഷണ ശാലകൾ പുറത്തേക്ക് വരുന്നു

0

റെയിൽവേ പ്ലാറ്റ്‌ഫോമുകൾ വിട്ട് ഭക്ഷണ ശാലകൾ (കാറ്ററിങ് സ്റ്റാൾ) പുറത്തേക്ക് വരുന്നു. സ്റ്റേഷൻവളപ്പിലാകും ഇവ തുറക്കുക. നിലവിൽ തീവണ്ടിയാത്രക്കാർക്കുവേണ്ടി മാത്രമുള്ളതാണ് പ്ലാറ്റ്ഫോം സ്റ്റാളുകൾ. പാലക്കാട് ഡിവിഷനിൽ 17 സ്റ്റേഷനുകളിലാണ് സ്റ്റാൾ തുറക്കുക. മംഗളൂരു സെൻട്രൽ (രണ്ട്), മംഗളൂരു ജങ്ഷൻ, വളപട്ടണം, കണ്ണൂർ, എടക്കാട്, കല്ലായി, വെസ്റ്റ് ഹിൽ, കോഴിക്കോട്, ഷൊർണൂർ, തിരുനാവായ, പാലക്കാട് (ആറ്) എന്നീ സ്റ്റേഷനുകളിൽ ഇവ വരും.

പാലക്കാട് സ്റ്റേഷനോടനുബന്ധിച്ച് ആറ് സ്ഥലത്താണ് കാറ്ററിങ് സ്റ്റാൾ വരുന്നത്. ഡി.ആർഎം. ഓഫീസ്, റെയിൽവേ ആശുപത്രി, ഗുഡ്സ് ഷെഡ് എന്നിവയ്ക്കരികെയാണ് സ്റ്റാളിനായി സ്ഥലം കണ്ടെത്തിയത്.

വളപട്ടണം, എടക്കാട്, കല്ലായി, വെസ്റ്റ് ഹിൽ, തിരുനാവായ എന്നിവ ചരക്കിറക്കുമായി ബന്ധപ്പെട്ട സ്റ്റേഷനുകൾ കൂടിയാണ്. ഇവിടെ ഗുഡ്സ് ഷെഡിനടുത്താണ് സ്ഥലം. കണ്ണൂരിൽ പാർക്കിങ് സ്ഥലത്തിനരികെയും കോഴിക്കോട് റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിനരികെയും ഷൊർണൂരിൽ ടി.ടി.ഇ.മാരുടെ വിശ്രമമുറിക്ക് സമീപവും സ്റ്റാളുകൾ വരിക.

വൈവിധ്യവത്കരണം നടത്തി വരുമാനം കണ്ടെത്തുകയെന്നതാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. പ്ലാറ്റ്ഫോം ലഘുഭക്ഷണശാലകളിൽ കയറുന്നവർ തീവണ്ടി യാത്രക്കാരാണ്. 10 രൂപ ടിക്കറ്റ് എടുത്തും പ്ലാറ്റ്ഫോമിൽ കയറാം. അല്ലാതെ പൊതുജനത്തിന് നിയമപരമായി ഇവിടെ പ്രവേശിക്കാനാകില്ല. എന്നാൽ ഇപ്പോൾ പുറത്ത് തുടങ്ങുന്ന സ്റ്റാളുകളിൽ ഈ പ്രശ്നമില്ല. ആർക്കും കഴിക്കാം.

എല്ലാവർക്കും പങ്കെടുക്കാവുന്ന ജി.എം.യു. (ജനറൽ മൈനറി യൂണിറ്റ്) സംവിധാനത്തിനാണ് ടെൻഡർ വിളിച്ചത്. പാലക്കാട് ഡിവിഷനിലെ എട്ട് സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ കാറ്ററിങ് സ്റ്റാൾ തുറക്കാനും ടെൻഡർ വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here