ആംബുലന്‍സിനുള്ളില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്‌റ്റില്‍

0


ചെറുതോണി: കരിമ്പനുസമീപം ആംബുലന്‍സിനുള്ളില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചെറുതോണി സ്വദേശി കുട്ടപ്പന്‍ എന്ന്‌ വിളിപ്പേരുള്ള കദളിക്കുന്നേല്‍ ലിസണാണ്‌ പിടിയിലായത്‌. യുവതികളുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ പീരുമേട്‌ കോടതിയില്‍ ഹാജരാക്കി.
ചെറുതോണിയിലെ സ്വകാര്യ ലാബിലെ ആംബുലന്‍സ്‌ ഡ്രൈവറാണ്‌ അറസ്‌റ്റിലായ ലിസണ്‍. ഇതേ ലാബിലെ ജീവനക്കാരാണ്‌ പരാതിക്കാരായ യുവതികള്‍. സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ:
ലാബ്‌ ജീവനക്കാരുടെ ക്രിസ്‌മസ്‌ ആഘോഷത്തിന്‌ ശേഷം യുവതികളെ ആംബുലന്‍സില്‍ വീട്ടില്‍ കൊണ്ടുപോയി വിടുന്നതിനായി ലാബുടമ ലിസണ ചുമതലപ്പെടുത്തി.
അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ തടിയമ്പാടിന്‌ സമീപത്തുവച്ച്‌ പിന്നിലിരുന്ന യുവതിയെ വാഹനം ഓടിക്കുന്നതിനിടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ ബഹളംവച്ച യുവതി വാഹനം നിര്‍ത്തിച്ച്‌ വാഹനത്തില്‍നിന്നും ഇറങ്ങി ഓടി.
പിന്നാലെയെത്തിയ ലിസണ്‍ യുവതിയെ അനുനയിപ്പിച്ച്‌ വാഹനത്തില്‍ തിരികെയെത്തിച്ച്‌ മുന്നിലിരുന്ന യുവതിയെ കൂട്ടി പിന്‍സീറ്റിലിരുത്തി യാത്ര തുടര്‍ന്നു. ഇതിനുശേഷം കരിമ്പന്‌ സമീപം അട്ടിക്കളത്ത്‌ ആളൊഴിഞ്ഞ വനപ്രദേശത്ത്‌ വാഹനം നിര്‍ത്തി വാഹനത്തിന്റെ പിന്നില്‍ കയറിയും യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
യുവതികള്‍ ബഹളം കൂട്ടിയതോടെ ഇയാള്‍ വീണ്ടും വാഹനമോടിച്ച്‌ പോയി. ചുരുളിയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങിയ യുവതികള്‍ ഇവരില്‍ ഒരാളുടെ പിതാവിനോട്‌ സംഭവങ്ങള്‍ വിശദീകരിച്ചു. അവശനിലയിലായ യുവതികളെ പിതാവും നാട്ടുകാരും ചേര്‍ന്ന്‌ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടുക്കി പോലീസ്‌ ആശുപത്രിയിലെത്തി യുവതികളുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന്‌ പ്രതിയുടെ വീട്ടിലെത്തി ഇയാളെ കസ്‌റ്റഡിയില്‍ എടുത്തു.
പ്രതി ഇതിനു മുമ്പും സമാനമായ പല കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. സ്‌ത്രീത്വത്തെ അപമാനിച്ചതിനാണ്‌ പ്രതിക്കെതിരേ കേസ്‌ എടുത്തിരിക്കുന്നതെന്ന്‌ ഇടുക്കി ഐ.പി ബി. ജയന്‍ പറഞ്ഞു.
പ്രതിയെ പീരുമേട്‌ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു. ഐ.പി ബി ജയനൊപ്പം മുഹമ്മദാലി, എസ്‌.സി.പി.ഒമാരായ നജീബ്‌, ജീന്‍, സ്‌റ്റാന്‍ലി എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

Leave a Reply