ഇരുണ്ട മാനത്തിനു കീഴില്‍ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തില്‍ ബംഗ്ലാദേശിന്റെ പോരാട്ടവീര്യത്തെ മറികടന്ന ഇന്ത്യ ട്വന്റി-20 ക്രിക്കറ്റ്‌ സെമി ഫൈനലിനരികെ

0


അഡലെയ്‌ഡ്: ഇരുണ്ട മാനത്തിനു കീഴില്‍ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തില്‍ ബംഗ്ലാദേശിന്റെ പോരാട്ടവീര്യത്തെ മറികടന്ന ഇന്ത്യ ട്വന്റി-20 ക്രിക്കറ്റ്‌ സെമി ഫൈനലിനരികെ. മഴ ഇടയ്‌ക്ക് അലങ്കോലമാക്കിയ ഗ്രൂപ്പ്‌ രണ്ടിലെ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം പുനര്‍നിശ്‌ചയിച്ച വിജയലക്ഷ്യത്തിന്‌ അഞ്ചു റണ്ണകലെ ബംഗ്ലാ കടുവകളെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നേടിയത്‌ ആറു വിക്കറ്റിന്‌ 184 റണ്‍. മഴയുടെ പശ്‌ചാത്തലത്തില്‍ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്ണായി. നാലു വിക്കറ്റ്‌ ശേഷിക്കെ അവസാന ഓവറില്‍ ജയിക്കന്‍ ബംഗ്ലാദേശിനു വേണ്ടിയിരുന്നത്‌ 20 റണ്‍. അവസാന ഓവര്‍ എറിയാന്‍ നിയോഗിക്കപ്പെട്ടത്‌ താരതമ്യേനെ പുതുമുഖമായ അര്‍ഷ്‌ദീപ്‌ സിങ്‌. ഒന്നു വീതം ഫോറും സിക്‌സും പറത്തി നൂറുള്‍ ഹസനും ടസ്‌കിന്‍ അഹമ്മദും ചേര്‍ന്ന്‌ അടിച്ചെടുത്തത്‌ 14 റണ്‍മാത്രം.
ഇതോടെ ഗ്യാലറിയില്‍ നെഞ്ചിടിപ്പോടെ നഖംകടിച്ചിരുന്ന ഇന്ത്യന്‍ ആരാധകവൃന്ദം ആര്‍ത്തലച്ചു. മൈതാനത്ത്‌ ഇന്ത്യന്‍ താരങ്ങളുടെ ഹര്‍ഷാരവം. തോറ്റെങ്കിലും തലയുയര്‍ത്തിത്തന്നെ ബംഗ്ലാതാരങ്ങള്‍ പവിലിയനിലേക്കു മടങ്ങി. ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തുകയും ഓസ്‌ട്രേലിയയില്‍ മൂന്നാം അര്‍ധസെഞ്ചുറി നേടുകയും ചെയ്‌ത മുന്‍ നായകന്‍ വിരാട്‌ കോഹ്ലി( 44 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 64) കളിയിലെ കേമനായി. ഒപ്പം ടീം ഇന്ത്യ നാലു കളിയില്‍ ആറു പോയിന്റുമായി പോയിന്റ്‌ പട്ടികയില്‍ ഒന്നാമതെത്തി സെമി ബര്‍ത്ത്‌ ഏതാണ്ട്‌ ഉറപ്പിക്കുകയും ചെയ്‌തു. ഞായറാഴ്‌ച സിംബാബ്‌വെയ്‌ക്കെതിരേയാണ്‌ ഇന്ത്യയുടെ അവസാന ഗ്രൂപ്പ്‌ മത്സരം.
ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ഓപ്പണിങ്‌ കൂട്ടുകെട്ട്‌ പ്രതീക്ഷിച്ചെങ്കിലും പാളി. ക്യാപ്‌റ്റന്‍ രോഹിത്‌ ശര്‍മ നാലാം ഓവറില്‍ എട്ടുപന്തില്‍ രണ്ടു റണ്ണുമായി കൂടാരം കയറി. കഴിഞ്ഞ മൂന്നു കളിയിലും തപ്പിത്തടഞ്ഞ ലോകേഷ്‌ രാഹുല്‍ പക്ഷേ, ഇത്തവണ രണ്ടും കല്‍പ്പിച്ചായിരുന്നു. മികച്ച കളി കെട്ടഴിച്ച രാഹുലിനൊപ്പം വിരാട്‌ കോഹ്ലിയെത്തിയതോടെ തുടക്കത്തിലെ തകര്‍ച്ച ഇന്ത്യ അതിജീവിച്ചു. 32 പന്തില്‍ നാലു സിക്‌സും മൂന്നു ഫോറും പറത്തി 50 റണ്ണടിച്ചതിനു പിന്നാലെ പുറത്തായെങ്കിലും രാഹുല്‍ വിമര്‍ശകരുടെ വായടപ്പിച്ചു.
നാലാമനായെത്തിയ സൂര്യകുമാര്‍ യാദവ്‌ പതിവുവെടിക്കെട്ട്‌ തുടര്‍ന്നു. 16 പന്തില്‍ നാലു ഫോര്‍ അടക്കം 30 റണ്ണടിച്ച്‌ 14-ാം ഓവറില്‍ ടീം സ്‌കോര്‍ 116-ല്‍ നില്‍ക്കെ സൂര്യ മടങ്ങി. പിന്നീടുവന്ന ഹാര്‍ദിക്‌ പാണ്ഡ്യ (അഞ്ച്‌), ദിനേഷ്‌ കാര്‍ത്തിക്‌ (ഏഴ്‌), അക്‌സര്‍ പട്ടേല്‍ (ഏഴ്‌) എന്നിവര്‍ നിറം മങ്ങി. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ കോഹ്ലിക്ക്‌ കൂട്ടായി അവസാന ഓവറില്‍ തകര്‍ത്തടിച്ച രവിചന്ദ്രന്‍ അശ്വിന്‍ (ആറു പന്തില്‍ 13)ഇന്ത്യന്‍ സ്‌കോര്‍ 184-ല്‍ എത്തിച്ചു.
മറുപടി പറഞ്ഞ ബംഗ്ലാദേശിന്‌ നജ്‌മുള്‍ ഹുസൈന്‍ ഷാന്റോയും ലിട്ടണ്‍ ദാസും ചേര്‍ന്ന കൂട്ടുകെട്ട്‌ സ്വപ്‌നതുല്യമായ തുടക്കമാണു സമ്മാനിച്ചത്‌. ബൗളര്‍മാരെ കടന്നാക്രമിച്ച സഖ്യം ഏഴോവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 66 റണ്‍ പിറന്നപ്പോള്‍ അതില്‍ 59 റണ്ണും ലിട്ടണ്‍ ദാസിന്റെ വകയായിരുന്നു. 26 പന്തില്‍ മൂന്നു സിക്‌സും ഏഴു ഫോറൂം ദാസിന്റെ ഇന്നിങ്‌സിനു ചാരുതയേകി. എട്ടാം ഓവറിലെ ആദ്യ പന്തില്‍ ദാസ്‌ ഒരു റണ്‍ നേടിയതിനു പിന്നാലെ മഴയെത്തി. കളി പുനരാരംഭിക്കാനായില്ലെങ്കില്‍ ഡക്ക്‌വര്‍ത്ത്‌-ലൂയിസ്‌ നിയമപ്രകാരം ബംഗ്ലാദേശ്‌ ജയിക്കുമെന്ന ഘട്ടമായിരുന്നു അത്‌. എന്നാല്‍, മാനം തെളിഞ്ഞ്‌ കളി പുനരാരംഭിച്ച ആദ്യപന്തില്‍ രാഹുലിന്റെ ഫീല്‍ഡിങ്‌ മികവില്‍ ലിട്ടണ്‍ ദാസ്‌ റണ്ണൗട്ടായത്‌ നിര്‍ണായകമായി.
രണ്ടാം റണ്ണിനോടിയ ദാസ്‌ ഡൈവ്‌ ചെയ്‌ത് ക്രീസിലെത്തുംമുമ്പ്‌ രാഹുലിന്റെ നേരിട്ടുള്ള ഏറ്‌ കുറ്റിപിഴുതു. അതിനുശേഷം 10-ാം ഓവറില്‍ മുഹമ്മദ്‌ ഷാമിയുടെ പന്തില്‍ ഷാന്റോ(21)യെ സുര്യകുമാര്‍ യാദവ്‌ പിടികൂടി. 12-ാം ഓവറില്‍ ആതിഫ്‌ ഹുസൈന്‍ (മൂന്ന്‌), ഷാക്കിബ്‌ അല്‍ ഹസന്‍ (13) എന്നിവരെ അര്‍ഷ്‌ദീപ്‌ പുറത്താക്കി. തൊട്ടടുത്ത ഹാര്‍ദിക്കിന്റെ ഓവറിലെ ഇരട്ടപ്രഹരം കൂടിയായതോടെ ബംഗ്ലാദേശ്‌ വിയര്‍ത്തു. യാസിര്‍ അലി (ഒന്ന്‌), മൊസദേക്‌ ഹുസൈന്‍ (ആറ്‌) എന്നിവരെയാണു ഹാര്‍ദിക്‌ പറഞ്ഞുവിട്ടത്‌. എന്നാല്‍, പിന്നീട്‌ ഒത്തുചേര്‍ന്ന നൂറുള്‍ ഹസനും ടസ്‌കിന്‍ അഹമ്മദും ചേര്‍ന്ന്‌ ബാറ്റിങ്‌ വെടിക്കെട്ട്‌ നടത്തിയെങ്കിലും ലക്ഷ്യത്തിന്‌ അഞ്ചുറണ്ണകലെ പോരാട്ടം അവസാനിച്ചു. അവസാന പന്ത്‌ എറിയുമ്പോള്‍ നൂറുള്‍ ഹസന്‍ 14 പന്തില്‍ 25 റണ്ണുമായും ടസ്‌കിന്‍ ഏഴു പന്തില്‍ 12 റണ്ണുമായും ക്രീസിലുണ്ടായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ അര്‍ഷ്‌ദീപും ഹാര്‍ദിക്‌ പാണ്ഡ്യയും രണ്ടു വീക്കറ്റ്‌ വീതം വീഴ്‌ത്തി. ശേഷിച്ച ഒരുവിക്കറ്റ്‌ മുഹമ്മദ്‌ ഷാമിക്കു ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here