റാഗ്‌ ചെയ്‌തെന്ന്‌ ആരോപണം ; അലന്‍ ഷുഹൈബിനെതിരേ കേസ്‌ , വ്യാജപരാതി; പക വീട്ടിയത്‌: അലന്‍

0


കണ്ണൂര്‍: പാലയാട്‌ കാമ്പസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഒന്നാം വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിയെ പന്തീരാങ്കാവ്‌ യു.എ.പി.എ കേസില്‍ അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ അലന്‍ ഷുഹൈബ്‌ റാഗ്‌ ചെയ്‌തെന്ന്‌ ആരോപിച്ചാണ്‌ സംഘര്‍ഷമുണ്ടായത്‌. എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകന്‍ കൂടിയായ അദിന്‍ സുബിയെ അലന്‍ മര്‍ദിച്ചെന്നാണ്‌ പരാതി. ഇതേത്തുടര്‍ന്ന്‌ അലന്‍ ഷുഹൈബിനെ കസ്‌റ്റഡിയിലെടുത്തു. മര്‍ദനമേറ്റെന്ന്‌ പറയപ്പെടുന്ന അദിന്‍ സുബി തലശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്‌.
ധര്‍മടം പോലീസാണ്‌ അലനെ കസ്‌റ്റഡിയിലെടുത്തത്‌. രണ്ടാം വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥി ബദറുദ്ദീനെതിരേയും പരാതിയുണ്ട്‌. ഇന്നലെ രാവിലെയാണ്‌ സംഭവങ്ങളുടെ തുടക്കം. എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യമുന്നണിയും തമ്മിലായിരുന്നു പ്രശ്‌നം.
അതേസമയം, ഇത്‌ വ്യാജപരാതിയാണെന്നും കഴിഞ്ഞ വര്‍ഷം എസ്‌.എഫ്‌.ഐക്കാര്‍ റാഗ്‌ ചെയ്‌തതിനെതിരേ പ്രതികരിച്ചതില്‍ പക വീട്ടിയതാണെന്നുമാണ്‌ അലന്റെ ഭാഷ്യം. കൂടുതല്‍ കേസുകളില്‍പ്പെടുത്തി തന്റെ ജാമ്യം റദ്ദാക്കാനാണ്‌ ശ്രമമെന്നും അലന്‍ പറയുന്നു. മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ യു.എ.പി.എ. ചുമത്തി പോലീസ്‌ അറസ്‌റ്റു ചെയ്‌ത അലന്‍ ജാമ്യത്തിലാണ്‌.അലന്‍ ഷുഹൈബും ബദ്‌റുദ്ദീന്‍ എന്ന വിദ്യാര്‍ഥിയും ചേര്‍ന്ന്‌ ഒന്നാം വര്‍ഷ വിദ്യര്‍ത്ഥിയായ അഭിന്‍ സുബിനെ അകാരണമായി മര്‍ദ്ദിച്ചെന്ന്‌ എസ്‌.എഫ്‌.ഐ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ സഞ്‌ജീവ്‌ പറഞ്ഞു.
തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ആയിട്ട്‌ ഇവര്‍ക്ക്‌ ബന്ധമുണ്ടെന്നും എസ്‌.എഫ്‌.ഐ. ജില്ലാ പ്രസിഡന്റ്‌ ആരോപിച്ചു.
അലന്‍ ഷുഹൈബ്‌ ഏതെങ്കിലും സംഘടനയുടെ ഭാഗമാണെന്ന്‌ തോന്നുന്നില്ല. എന്നാല്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ചേര്‍ന്ന്‌ നിന്ന്‌ അവര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും അയാള്‍ പങ്കെടുക്കാറുണ്ട്‌. പി.എഫ്‌.ഐ. നിരോധിക്കപ്പെട്ടപ്പോള്‍ അതിനെതിരെയുള്ള പരിപാടിയില്‍ പങ്കെടുത്തതായി കണ്ടു, സഞ്‌ജീവ്‌ പറഞ്ഞു.എ.ഐ.എസ്‌.എഫ്‌, എ.ബി.വി.പി, കെ.എസ്‌.യു. എന്നീ സംഘടനകളെല്ലാം ഒരുമിച്ച്‌ കൂടി ഒരു മഴവില്‍ സഖ്യം എസ്‌.എഫ്‌.ഐക്കെതിരേ രൂപീകരിച്ചിരിക്കുകയാണെന്ന്‌ സഞ്‌ജീവ്‌ ആരോപിച്ചു. ധര്‍മ്മടം പോലീസ്‌ കസ്‌റ്റഡിയിലെടുത്ത അലന്‍ ഷുഹൈബിനെ പിന്നീട്‌ വിട്ടയച്ചു. തന്നെയും കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ബദറുവിനെയും അഞ്ചാം വര്‍ഷ വിദ്യാര്‍ഥി നിഷാദ്‌ ഊരാതൊടിയെയും എസ്‌.എഫ്‌.ഐ. മര്‍ദ്ദിച്ചെന്നും അലന്‍ ആരോപിച്ചു.
അലന്‍ ഷുഹൈബിനെതിരായ പരാതി വ്യാജമെന്ന്‌ സുഹൃത്ത്‌ മുര്‍ഷിദ്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം താന്‍ എസ്‌.എഫ്‌.ഐക്കെതിരേ റാഗിങ്‌ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ്‌ ഇപ്പോള്‍ തീര്‍ക്കുന്നതെന്നും മുര്‍ഷിദ്‌ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here