ബസ്സിലെ ടിക്കറ്റിന്റെ പൈസക്കായി സ്വർണ്ണനാണയം നൽകി അബദ്ധം പിണഞ്ഞ വ്യക്തിക്ക് സ്വർണം തിരികെ നൽകി വിദ്യാർത്ഥി മാതൃകയായി

0

കുറ്റ്യാടി: ബസ്സിലെ ടിക്കറ്റിന്റെ പൈസക്കായി സ്വർണ്ണനാണയം നൽകി അബദ്ധം പിണഞ്ഞ വ്യക്തിക്ക് സ്വർണം തിരികെ നൽകി വിദ്യാർത്ഥി മാതൃകയായി.അഞ്ചുരൂപയുടെ നാണയമെന്ന് കരുതി ടിക്കറ്റെടുക്കാൻ ബസിൽ കൊടുത്ത സ്വർണനാണയമാണ് അഞ്ചു മാസങ്ങൾക്കുശേഷം ഉടമക്ക് തിരികെ കിട്ടിയത്.കാവിലുമ്പാറ ആക്കൽ മുണ്ടിയോട്ട് തെങ്ങുംതറോൽ രാജീവനാണ് കുറ്റ്യാടി-തൊട്ടിൽപാലം യാത്രക്കിടയിൽ നഷ്ടമായ ഒരുപവൻ സ്വർണനാണയം നഷ്ടമായിരുന്നത്.ഇതേ ബസിൽ യാത്ര ചെയ്ത ഷഹ്ദാദ് എന്ന വിദ്യാർത്ഥിയാണ് തന്റെ സത്യസന്ധമായ പ്രവൃത്തിയിലൂടെ നാണയം തിരികെ രാജീവന് കൈമാറിയത്.

രസകരമാണ് രാജീവന് സ്വർണ്ണനാണയം നഷ്ടപ്പെട്ട കഥ.കഴിഞ്ഞ ജൂൺ 19നാണ് രാജീവന് ബസ്സിൽ വെച്ച് സ്വർണം നഷ്ടമായത്.മകളുടെ പഠനച്ചെലവിനായി കുറ്റ്യാടിയിൽ വിൽക്കാൻ കൊണ്ടുവന്നതായിരുന്നു സ്വർണനാണയം.എന്നാൽപിന്നീട് ഇത് വിൽക്കണ്ട ആവശ്യം ഒഴിവായതോടെ ഉച്ചക്കുശേഷം കോഴിക്കോട്-കുറ്റ്യാടി-തൊട്ടിൽപാലം റൂട്ടിലോടുന്ന കെ.സി.ആർ ബസിൽ വീട്ടിലേക്ക് തിരിച്ചു.13 രൂപ ടിക്കറ്റ് ചാർജായി രൺ് അഞ്ച് രൂപ നാണയവും, രണ്ടിന്റേയും ഒന്നിന്റേയും ഓരോ നാണയങ്ങളുമാണ് കണ്ടക്ടർക്ക് കൈമാറിയത്.എന്നാൽ അതിലൊന്ന് സ്വർണ്ണനാണയമായിരുന്നു.

ബസിറങ്ങിയപ്പോഴാണ് സ്വർണനാണയം നഷ്ടപ്പെട്ട വിവരം മനസ്സിലായത്.ഉടൻ തൊട്ടിൽപാലം സ്റ്റാൻഡിലെത്തിയെങ്കിലും ബസ് പോയിരുന്നു. കണ്ടക്ടറുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ ആ നാണയം മറ്റാർക്കോ ബാക്കി കൊടുത്തുവെന്നായിരുന്നു ലഭിച്ച മറുപടി.തുടർന്ന് രാജീവന്റെ പരാതി പ്രകാരം കുറ്റ്യാടി പൊലീസ് കേസെടുത്തിരുന്നു.പിന്നീട് കേസ് തൊട്ടിൽപാലം പൊലീസിന് കൈമാറുകയുമുണ്ടായി.സംഭവം മാധ്യമങ്ങളിലും വാർത്തയായിരുന്നു.

അതേബസ്സിൽ കുറ്റ്യാടിയിൽനിന്ന് വളയത്തേക്ക് യാത്രചെയ്ത നാദാപുരം ഇയ്യങ്കോട് പരവൻകുന്ന് ഷഹ്ദാദ് കണ്ടക്ടർ ബാക്കിയായി തന്നത് സ്വർണ നാണയമാണെന്നറിയാതെ വീട്ടിലെ സമ്പാദ്യപ്പെട്ടിയിൽ നിക്ഷേപിച്ചിരുന്നു.ഈ കുടുക്ക കഴിഞ്ഞ ദിവസം തുറന്നപ്പോഴാണ് തനിക്ക് കിട്ടിയത് സ്വർണനാണയമാണെന്ന ഷഹ്ദാദും തിരിച്ചറിഞ്ഞത്.

തുടർന്ന് പത്രവാർത്ത ഓർമവന്ന കോഴിക്കോട്ട് ഏവിയേഷൻ എൻജിനീയറിങ് കോഴ്‌സിന് പഠിക്കുന്ന ഷഹ്ദാദ്, പിതാവിനെയും കൂട്ടി കുറ്റ്യാടി സിഐയെ കണ്ട് വിവരമറിയിച്ചു.തുടർന്ന് തൊട്ടിൽപാലം സ്റ്റേഷനിലെത്തിയ ഷഹ്ദാദ് സ്വർണനാണയം ഉടമയായ രാജീവന് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here