മരക്കൂട്ടം- ശരംകുത്തി പാതയിലൂടെ തീര്‍ഥാടകരുടെ സഞ്ചാരം ഒഴിവാക്കി

0


ശബരിമല: തീര്‍ത്ഥാടനം ആരംഭിച്ച്‌ ഒരാഴ്‌ച പിന്നിടുമ്പോഴും മരക്കൂട്ടം -ശരംകുത്തി പാതയിലൂടെ തീര്‍ത്ഥാടക സഞ്ചാരമില്ല. അടിസ്‌ഥാന സൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡിന്‌ കഴിയാതെ വന്നതിനാല്‍ പാത പൂര്‍ണമായും തുറന്നു കൊടുത്തില്ല. ഇതോടെ ശരംകുത്തിയില്‍ ശരം കുത്തുന്നത്‌ ഉള്‍പ്പടെയുള്ള ആചാരങ്ങള്‍ നടത്താന്‍ കഴിയാത്ത സ്‌ഥിതിയാണ്‌.
ദര്‍ശന ശേഷം തീര്‍ഥാടകര്‍ മടങ്ങുന്നതിന്‌ ഉപയോഗിച്ചു വരുന്ന ചന്ദ്രാനന്ദന്‍ റോഡിലൂടെ മുന്‍ കാലങ്ങള്‍ക്ക്‌ വിപരീതമായി ദര്‍ശനത്തിന്‌ എത്തുന്നവരെ കൂടി കടത്തി വിട്ടതോടെ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. ഈ തിരക്കിനിടയിലൂടെ വേണം ഡോളിക്കാരും ട്രാക്‌ടറുകളും കടന്നു പോകാന്‍.
ശരംകുത്തി പാതയില്‍ പലയിടത്തും കല്ലു പാകുന്ന പണികള്‍ പൂര്‍ത്തിയായിട്ടുമില്ല. ശരം കുത്തി ഭാഗത്ത്‌ ഇടയ്‌ക്കിടയ്‌ക്ക്‌ ഓരോ പാളി കല്ലുകള്‍ പാകാനുണ്ട്‌. അതിനാല്‍ രാത്രിയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ കാല്‍ കുടുങ്ങി അപകടം സംഭവിക്കാനും സാധ്യതയുണ്ട്‌. പാളികള്‍ പൂര്‍ണമായും നിരത്താതെ തീര്‍ഥാടകരെ കടത്തി വിടാന്‍ കഴിയില്ല. യാത്രയ്‌ക്ക്‌ തടസമായി കൂട്ടിയിട്ടിരുന്ന കല്‍പാളികള്‍ മരാമത്ത്‌ ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തില്‍ സമീപത്തെ കടകളിലെ ജീവനക്കാര്‍ ചേര്‍ന്ന്‌ റോഡരികിലേക്ക്‌ മാറ്റിയിരുന്നു. ഈ പാതയില്‍ ആവശ്യത്തിന്‌ വഴിവിളക്കുകളും ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here