ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ആശ്വാസ നടപടിയുമായി റിസർവ് ബാങ്ക്

0

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ആശ്വാസ നടപടിയുമായി റിസർവ് ബാങ്ക്. പണം അടച്ചിട്ടും കടബാധ്യത വർധിച്ചുവരുന്ന നെഗറ്റീവ് അമോർട്ടൈസേഷൻ ഒഴിവാക്കുന്നതിന് വേണ്ടിയാണ് റിസർവ് ബാങ്കിന്റെ ഇടപെടൽ.

എടുത്ത വായ്പ, ഘട്ടം ഘട്ടമായി തിരിച്ചടയ്ക്കുന്നതിന് അനുസരിച്ച് കടബാധ്യത കുറഞ്ഞുവരേണ്ടതാണ്. എന്നാൽ അടയ്ക്കുന്ന പണം പലിശയ്ക്ക് പോലും തികയാതെ വരുമ്പോഴാണ് കടബാധ്യത വർധിക്കുന്നത്. ഇത് ഒഴിവാക്കാൻ കുറഞ്ഞ കുടിശ്ശിക തുക നിർണയിക്കാൻ ബാങ്കുകളോടും ക്രെഡിറ്റ് കാർഡ് ദാതാക്കളോടും റിസർവ് ബാങ്ക് നിർദ്ദേശിച്ചു.

ഒക്ടോബർ ഒന്നുമുതലാണ് പുതിയ ചട്ടം നടപ്പാക്കാൻ റിസർവ് ബാങ്ക് ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് ദാതാക്കൾക്കും നിർദ്ദേശം നൽകിയത്. ഇതോടെ കുറഞ്ഞ കുടിശ്ശിക തുക ബാങ്കുകളും ക്രെഡിറ്റ് കാർഡ് ദാതാക്കളും നിർണയിക്കേണ്ടി വരും.

ഇത് നിശ്ചിത സമയത്ത് കൃത്യമായ ഇടവേളകളിൽ അടച്ചുപോകുകയാണെങ്കിൽ ശേഷിക്കുന്ന തുക മാത്രമേ കടബാധ്യതയായി വരികയുള്ളൂവെന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. നികുതി, പിഴകൾ ഒന്നും തന്നെ പലിശയിൽ ചേർത്ത് വസൂലാക്കാൻ ശ്രമിക്കരുതെന്നും റിസർവ് ബാങ്കിന്റെ ചട്ടത്തിൽ പറയുന്നു.

ഉദാഹരണത്തിന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പതിനായിരം രൂപ ചെലവഴിച്ചു എന്ന് കരുതുക. പണം തിരിച്ചടയ്ക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന ദിവസം മിനിമം കുടിശ്ശിക തുകയായി നിശ്ചയിച്ചിരിക്കുന്ന 500 രൂപ അടച്ചു. എങ്കിൽ അടുത്ത ബിൽ കണക്കാക്കുമ്പോൾ ശേഷിക്കുന്ന 9500 രൂപയുടെ അടിസ്ഥാനത്തിൽ മാത്രമേ പലിശ നിർണയിക്കാവൂ എന്നതാണ് പുതിയ ചട്ടം പറയുന്നത്.

40 ദിവസത്തെ സമയവും അനുവദിക്കണം. രണ്ടാമത്തെ ബിൽ സമയത്തും കുറഞ്ഞ കുടിശ്ശിക തുകയായി നിശ്ചയിച്ചിരിക്കുന്ന 500 രൂപ തന്നെയാണ് അടയ്ക്കുന്നതെങ്കിൽ 9500ൽ നിന്ന് 500 രൂപ കിഴിച്ച് അതിന്മേൽ മാത്രമേ, പലിശ നിർണയിക്കാവൂ എന്നും ചട്ടത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here