ഡാൻസ് ബാറുകളിൽ രാസലഹരിയും മദാലസ യുവതികളും; ലഹരി മാഫിയ വിളയാടുന്ന ഐടി ന​ഗരത്തിന്റെ നേർക്കാഴ്ച്ചകൾ

0

ബെംഗലൂരു: കേരളത്തിലേക്കുള്ള രാസലഹരിയുടെ വിതരണ കേന്ദ്രമായി ബെം​ഗളുരു മാറിയെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് നേരത്തേ തന്നെ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ബെം​ഗളുരുവിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയയെ കുറിച്ചും ഡാൻസ് ബാറുകളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ചാനലിന്റെ പ്രതിനിധികൾ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. വാച്ചിലൊളിപ്പിച്ച ചെറുക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളും ചാനൽ പുറത്തുവിട്ടു.

2007ൽ കർണാടകയിൽ സർക്കാർ ഡാൻസ് ബാറുകൾ നിരോധിച്ചിരുന്നു. എന്നാൽ, ബംഗലൂരുവിൽ പലയിടങ്ങളിലും ഇന്നും രഹസ്യമായി ഡാൻസ് ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. പെൺവാണിഭവും രാസലഹരിയുടെ വിൽപനയുമാണ് ഈ കേന്ദ്രങ്ങളിൽ നടക്കുന്നതെന്ന് ഏഷ്യാനെറ്റ് സംഘം പകർത്തിയ ഒളി ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. മലയാളികൾ ഉൾപെടെ സ്ഥിരമായി എത്തുന്ന ഈ ഡാൻസ് ബാറുകൾ പൊലീസിന് കൈക്കൂലി നൽകിയാണ് പ്രവർത്തിക്കുന്നത് എന്ന് ഇടനിലക്കാരൻ വെളിപ്പെടുത്തുന്നു.

ബംഗലൂരുവിലെ ഐടി ഹബായ ഇലക്ട്രോണിക് സിറ്റിക്ക് സമീപം അനേക്കൽ ഗ്രീൻവാലി റിസോർട്ടിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ലഹരിപാർട്ടിക്കിടെയാണ് യുവാക്കൾ പരക്കം പാഞ്ഞിരുന്നു. ഉഗ്രം എന്ന ആപ് വഴി സംഘടിപ്പിച്ച വൻ നിശാ പാർട്ടിയിൽ നാല് മലയാളി യുവതികളടക്കം ഒൻപത് സ്ത്രീകൾ പങ്കെടുത്തിരുന്നു. വാർത്തയും പുകിലും കെട്ടടങ്ങിയതോടെ അന്വേഷണസംഘത്തിന് ആവേശം കെട്ടു. അതിനൊരുകാരണമുണ്ട്, ജെഡിഎസ് നേതാവും എംഎൽഎയുമായ ശ്രീനിവാസ് ആയിരുന്നു ഈ റിസോർട്ടിന്റെ ഉടമ.

1000 രൂപ തന്നാൽ രാസലഹരിയും പെൺവാണിഭവും നടക്കുന്ന ഈ കേന്ദ്രത്തിലെത്തിക്കാമെന്ന് പറഞ്ഞാണ് തങ്ങളെ ഒരു ഇടനിലക്കാരൻ സമീപിച്ചതെന്ന് ഏഷ്യാനെറ്റ് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഓട്ടോയിൽ എംജിറോഡിലെ വെളിച്ചം മങ്ങിയ ഒരു സ്ഥലത്ത് പുറമേക്ക് ഷട്ടറിട്ട് പൂട്ടിയ ബഹുനില കെട്ടിടത്തിനുള്ളിലാണ് ഡാൻസ് ബാറ്. ഒരാൾക്ക് 1000 രൂപ വീതം നൽകി കൈയിൽ സീൽ പതിപ്പിച്ച് ദേഹപരിശോധന നടത്തിയാണ് പ്രവേശനം. പിന്നീട് പൂ‍ർണ്ണ നിയന്ത്രണം ബൗൺസ‍ർമാർക്കാണ്. പലവഴികളിൽ രാവണൻ കോട്ട കണക്കെ അകത്തളം. നൂറിലധികം സ്ത്രീകളെ അണിയിച്ചൊരുക്കി ആവശ്യക്കാ‍ർക്ക് മുന്നിൽ നി‍ർത്തിയിരിക്കുന്നു.

ഇടയ്ക്കിടെ മദ്യത്തിനൊപ്പം ആവശ്യാനുസരണം പേരറിയാത്ത രാസ ലഹരിയും വിളമ്പുന്നു. കൈയ്യിലുള്ള പണം മുഴുവൻ തീർക്കുന്ന തരത്തിൽ ഭീഷണിയും പ്രലോഭനവുമായി മാനേജർമാരും സഹായികളും ഇവിടങ്ങളിലെത്തുന്നവരുടെ പിന്നാലെയുണ്ടാകും.

നിയമസഭ മന്ദിരത്തിനും പൊലീസ് കമ്മീണറുടെ ഓഫീസിനും വിളിപ്പാടകലെ നടക്കുന്ന ഈ നിയമ വിരുദ്ധ കേന്ദ്രത്തിൽ സ്ഥിരം സന്ദർശകരായി മലയാളികളും എത്തുന്നുണ്ട്. സിനിമയും രാഷ്ട്രീയവും പൊലീസും എൻസിബി ഇടകലർന്ന വൻ മാഫിയാണ് ബംഗലൂരുവിലെ രാസ ലഹരി ലോകം നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here