‘എഴുപത്തിരണ്ടുകാരനായ ശിവകുമാർ വൃക്കരോഗി, വിമാനത്താവളത്തിലെ സഹായത്തിന് പാര്‍ട്ട് ടൈം സ്റ്റാഫായി നിയമിച്ചയാൾ’; അറസ്റ്റ് ഞെട്ടിച്ചുവെന്ന് ശശി തരൂർ

0

ന്യൂഡൽഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ശശി തരൂർ എംപി. ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ശിവകുമാർ പ്രസാദ് തന്റെ മുൻ സ്റ്റാഫാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എഴുപത്തിരണ്ടുകാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നു. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും തരൂർ എക്സിൽ കുറിച്ചു.

ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും തരൂർ വ്യക്തമാക്കി.

ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്ത് നടത്തിയ കേസിൽ ഇന്നലെയാണ് രണ്ടു പേർ പിടിയിലായത്. ഇതിൽ ഒരാളായ ശിവകുമാർ പ്രസാദാണ് ശശി തരൂർ എംപിയുടെ പിഎയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ഇയാൾ യാത്രക്കാരിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. 500 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ശശി തരൂരിന്റെ ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയിൽ ഇയാളുടെ പേരുണ്ടായിരുന്നില്ല. ഡൽഹിയിലെ വീട് കേന്ദ്രീകരിച്ചാണ് ഇയാൾ താൽക്കാലിക ജോലി ചെയ്തിരുന്നത്.

Leave a Reply