ഇന്നു മുതല്‍ 50 ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവുമായി സപ്ലൈകോ

0

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫിഫ്റ്റി ഫിഫ്റ്റി പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

സപ്‌ളൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നു വരെ പൊതുജനങ്ങള്‍ക്കു പ്രത്യേക വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സബ്സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ബില്‍ തുകയില്‍ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നല്‍കും.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ തുറക്കും. ഓരോ സൂപ്പര്‍ മാര്‍ക്കറ്റ് വീതം ആധുനിക നിലവാരത്തില്‍ നവീകരിച്ചാകും സിഗ്‌നേച്ചര്‍ മാര്‍ട്ടുകളാക്കുക. സപ്ലൈകോയുടെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാകും ഇത്.വിപണിയുടെ ഘടന വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന കാലമാണിത്. ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സപ്ലൈകോയെപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കഴിയണം. അതിനു വലിയ ചര്‍ച്ചകളും അഭിപ്രായ സ്വാംശീകരണവുമുണ്ടാകണം. ഈ ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളില്‍ സപ്ലൈകോയുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ഒരു ജില്ലയില്‍ ഒന്ന് എന്ന കണക്കില്‍ ഒരു വര്‍ഷംകൊണ്ട് ഇതു പൂര്‍ത്തിയാക്കും. സെമിനാറുകളില്‍ ലഭിക്കുന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍ സപ്ലൈകോയുടെ ഭാവി പ്രവര്‍ത്തനത്തിനു മുതല്‍ക്കൂട്ടാകും.

കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് കേരളീയരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറാന്‍ സപ്ലൈകോയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യസാധനങ്ങള്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്നത് എവിടെ എന്ന ചോദ്യത്തിന് സപ്ലൈകോ എന്ന ഒറ്റ ഉത്തരമേയുള്ളൂ. സപ്ലൈകോയുടെ ശബരി ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ കേരളത്തിനു പ്രിയപ്പെട്ടതായി മാറിയതു സപ്ലൈകോയുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കുന്ന കോര്‍പ്പറേറ്റ് വിഡിയോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 11 കര്‍മ പദ്ധതികള്‍ക്കു സപ്ലൈകോ രൂപം നല്‍കിയിട്ടുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍. അനില്‍ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ പുതുതായി ആരംഭിക്കുന്ന സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ക്കു പുറമേ 50 പുതിയതും നവീകരിച്ചതുമായ ഔട്ട്ലെറ്റുകള്‍ തുറക്കും. വിവിധ പദ്ധതികള്‍ നടപ്പാക്കി സപ്ലൈകോയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷമായി വരുന്ന ഒരു വര്‍ഷത്തെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 50/50 പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.

Leave a Reply