ഇലയും കമ്പുകളുമായി അലങ്കാരം , ‘താമരാക്ഷന്‍പിള്ള’ ബസ്‌ വൈറല്‍; പക്ഷേ, കെ.എസ്‌.ആര്‍.ടി.സി. വെട്ടില്‍

0


കോതമംഗലം: കാടുംപടലും കമ്പും കോലും വാഴയും തെങ്ങോലയുമൊക്കെ തൊങ്ങല്‍ ചാര്‍ത്തിയ കെ.എസ്‌.ആര്‍.ടി.സി. സ്‌പെഷല്‍ ബസ്‌ ഓടിയെത്തിയത്‌ പുലിവാലിലേക്ക്‌. ടൂറിസ്‌റ്റ്‌, സ്വകാര്യ ബസുകള്‍ക്കെതിരേ സര്‍ക്കാര്‍ നിലപാട്‌ കര്‍ശനമാക്കിയപ്പോഴാണു കെ.എസ്‌.ആര്‍.ടി.സി. ബസിന്റെ യാത്ര ചര്‍ച്ചയായത്‌.
നെല്ലിക്കുഴിയില്‍നിന്നും അടിമാലിക്കടുത്ത്‌ ഇരുമ്പുപാലത്തേക്ക്‌ കല്യാണ ഓട്ടത്തിനായാണു ബസ്‌ ബുക്ക്‌ ചെയ്‌തത്‌. ഇന്നലെയായിരുന്നു യാത്ര. രാവിലെ 8.30 മുതല്‍ വൈകിട്ട്‌ ആറു വരെ 9000 രൂപയ്‌ക്കാണു ബസ്‌ ബുക്ക്‌ ചെയ്‌തിരുന്നത്‌. ഇതനുസരിച്ച്‌ നെല്ലിക്കുഴിയിലെത്തിയ ആര്‍.പി.സി.114 നമ്പര്‍ ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസിനെയാണ്‌ “പറക്കും തളികയാക്കിയത്‌”. ആദ്യം കെ.എസ്‌.ആര്‍.ടി.സി. എന്നെഴുതിയത്‌ മാറ്റി “താമരാക്ഷന്‍പിള്ള” എന്ന സ്‌റ്റിക്കര്‍ ബസിന്റെ മുന്നില്‍ പതിപ്പിച്ചു. ബസിനു പുറത്തേക്ക്‌ തള്ളിനല്‍ക്കും വിധമായിരുന്നു മരക്കമ്പുകള്‍ക്കൊണ്ടും മറ്റുമുള്ള അലങ്കാരം. ൈഡ്രവര്‍ ഗ്ലാസിന്റെ ഭാഗം മാത്രമാണ്‌ അല്‍പം ‘തെളിച്ചം’ ഉണ്ടായിരുന്നത്‌. അതും അദ്ദേഹത്തിന്റെ കാഴ്‌ച മറിയാതിരിക്കാനുള്ള ‘കരുണ’യായിരുന്നു.
പറക്കുംതളിക സിനിമയിലെ ഗാനങ്ങള്‍ വലിയ ശബ്‌ദത്തില്‍ വച്ചായിരുന്നു യാത്ര. കല്യാണയാത്രയെന്നു പറയുന്നുണ്ടെങ്കിലും യുവാക്കള്‍ മാത്രം ബസില്‍ പ്രവേശിക്കുന്നതേ വീഡിയോയിലുള്ളൂ. പുറപ്പെട്ട്‌ ഏതാനും നിമിഷങ്ങള്‍ക്കകം ബസിന്റെ വീഡിയോ വൈറലായി.
വൈകിട്ട്‌ വരെ ബുക്ക്‌ ചെയ്‌തതെന്ന്‌ പറയുന്ന ബസ്‌ ഇതിനിടെ ഉടയാടകളില്ലാതെ ഉച്ചയോടെ തിരിച്ചെത്തി. കൊണ്ടുവിടാന്‍ മാത്രമാണു പറഞ്ഞിരുന്നതെന്നാണ്‌ കെ.എസ്‌.ആര്‍.ടി.സി. മറുപടി നല്‍കിയത്‌. വൈകാതെ “താമരാക്ഷന്‍പിള്ള”യ്‌ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇടപെടലും ഉണ്ടായി. സ്‌റ്റാന്‍ഡിലെത്തിയ ബസ്‌ ഇവര്‍ കസ്‌റ്റഡിയിലെടുത്തു. തുടര്‍ന്ന്‌ വൈകിട്ട്‌ ജോയിന്റ്‌ ആര്‍.ടി.ഒ. ഷോയി വര്‍ഗീസ്‌, എം.വി.ഐ. പി.ടി. ഇബ്രാഹിംകുട്ടി എന്നിവര്‍ ബസ്‌ പരിശോധിച്ച്‌ നോട്ടീസ്‌ നല്‍കി. കെ.എസ്‌.ആര്‍.ടി.സിയുടെ കോതമംഗലത്തെ ഉദ്യോഗസ്‌ഥര്‍ ഇക്കാര്യത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല.
അലങ്കാരങ്ങള്‍ക്കെല്ലാം വഴങ്ങിക്കൊടുത്ത ൈഡ്രവറെക്കുറിച്ചുള്ള വിവരം നല്‍കാന്‍ പോലും തയാറായിട്ടുമില്ല. നേര്യമംഗലം മുതല്‍ റോഡിന്‌ വീതികുറവും വളവുകളുമുള്ളതിനാല്‍ അലങ്കാരങ്ങള്‍ അപകടത്തിനു വഴിവയ്‌ക്കാന്‍ സാധ്യത ഏറെയായിരുന്നു. ബസ്‌ വാടകയ്‌ക്കടുത്തവര്‍ ഭരണകക്ഷിയുടെ യുവജനപ്രവര്‍ത്തകരാണെന്നും ഇതാണ്‌ ബസ്‌ അലങ്കരിക്കാന്‍ ൈഡ്രവര്‍ സമ്മതിക്കാന്‍ കാരണമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here