ശബരിമല വീണ്ടും സുപ്രീംകോടതിയില്‍; സര്‍ക്കാരിന്‌ നെഞ്ചിടിപ്പ്‌

0


കൊച്ചി : രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ശബരിമല ക്ഷേത്രവിഷയം വീണ്ടും സുപ്രീംകോടതിയില്‍. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ രേവതിനാള്‍ പി. രാമവര്‍മരാജയും മറ്റും നല്‍കിയ ഹര്‍ജി ഒമ്പതിനു പരിഗണിയ്‌ക്കും.
ജസ്‌റ്റീസുമാരായ കൃഷ്‌ണ മുരാരി, എസ്‌.രവീന്ദ്ര ഭട്ട്‌ എന്നിവരാണു കേസ്‌ പരിഗണിയ്‌ക്കുന്നത്‌. ഉടമസ്‌ഥാവകാശവും ആവശ്യങ്ങളും ഹൈക്കോടതി തള്ളിയപ്പോഴാണു രാമവര്‍മരാജ സുപ്രീംകോടതിയെ സമീപിച്ചത്‌.
ശബരിമല ക്ഷേത്രത്തിനായി നിയമം കൊണ്ടുവരുന്നതിന്റെ പുരോഗതിയും കോടതി വിലയിരുത്തും. നിയമത്തിന്റെ കരടു തയാറാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. മണ്ഡലകാലമെത്തിയതോടെ ശബരിമല കേസ്‌ വീണ്ടും കോടതിയിലെത്തുന്നതു സര്‍ക്കാരിനു കീറാമുട്ടിയാണ്‌. കേസിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ദേവസ്വം വകുപ്പ്‌ നിര്‍ദേശം നല്‍കി.
ശബരിമല അയ്യപ്പനു ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്തു നാലാഴ്‌ചയ്‌ക്കം രഹസ്യ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജസ്‌റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായരെ 2020 ഫെബ്രുവരിയില്‍ സുപ്രീംകോടതി നിയോഗിച്ചിരുന്നു. തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോ എന്ന വിഷയവും പരിശോധിക്കണം. റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചെങ്കിലും കോവിഡ്‌ മൂലം പരിഗണിക്കുന്നതു നീണ്ടുപോയി.
ദേവപ്രശ്‌നം ക്ഷേത്രത്തിന്റെ ഉടമകളായ തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്‌ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു തടയണമെന്നും ശബരിമല ഭരണത്തിനു പ്രത്യേക ഉപദേശക സമിതി വേണമെന്നുമാണു കൊട്ടാരത്തിന്റെ വാദം.
പ്രഭാമണ്ഡലം, ചെറുതും വലുതുമായ വാളുകള്‍, വെള്ളിപൊതിഞ്ഞ ശംഖ്‌, തിടമ്പ്‌, വജ്ര മോതിരം എന്നിവയുള്‍പ്പെടെ 16 വസ്‌തുക്കളുടെ തിരുവാഭരണ പട്ടിക സര്‍ക്കാര്‍ കോടതിക്കു നല്‍കിയിട്ടുണ്ട്‌. തിരുവാഭരണത്തിന്റെ സംരക്ഷണത്തിനുള്ള നടപടികള്‍ക്കു മുമ്പ്‌ ആഭരണങ്ങളുടെ കൃത്യമായ കണക്ക്‌ ആവശ്യമാണെന്നും സംസ്‌ഥാന സര്‍ക്കാര്‍ വ്യക്‌തമാക്കി.
തുടര്‍ന്നാണു എണ്ണവും തൂക്കവും കാലപ്പഴക്കവും പരിശോധിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായരെ ചുമതലപ്പെടുത്തിയത്‌. കണക്കെടുപ്പിനെ ഹര്‍ജിക്കാരും പിന്തുണച്ചിരുന്നു.
തിരുവാഭരണ ഉടമസ്‌ഥാവകാശത്തെച്ചൊല്ലി കൊട്ടാരത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി അതൃപ്‌തി അറിയിച്ചിരുന്നു. പന്തളം കൊട്ടാരത്തിലെ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാന്‍ അന്നത്തെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോടു ജസ്‌റ്റിസ്‌ എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച്‌ അഭ്യര്‍ഥിച്ചതുമാണ്‌.

ജസ്‌റ്റീസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട്‌്

“പോലീസ്‌ സംരക്ഷണമുള്ളതിനാല്‍, തിരുവാഭരണം ഇപ്പോള്‍ സുരക്ഷിതമാണ്‌. തിരുവാഭരണം കൊട്ടരത്തില്‍ നിലനിര്‍ത്തേണ്ടതാണെങ്കിലും, അതിനുള്ള പോലീസ്‌ സംരക്ഷണ ചെലവ്‌ കൊട്ടാരം വഹിക്കണം. തിരുവാഭരണത്തിന്റെ അവകാശികള്‍ ദേവസ്വം ബോര്‍ഡല്ല, പന്തളം കൊട്ടാരമാണ്‌. അതിനാല്‍, സൂക്ഷിപ്പ്‌ ബോര്‍ഡിനു ഏറ്റെടുക്കാവുന്നതല്ല”.

തിരുവാഭരണങ്ങള്‍

അയ്യപ്പന്റെ പിതൃസ്‌ഥാനീയനായ പന്തളം രാജാവ്‌ പണികഴിപ്പിച്ചതാണ്‌ ആഭരണങ്ങള്‍ എന്നാണു ചരിത്രം. ശബരിമല വിഗ്രഹത്തില്‍ അണിയുന്ന ഇന്ദ്രനീലക്കല്ല്‌ പതിച്ച തിരുമുഖമാണു തിരുവാഭരണങ്ങളില്‍ പ്രധാനം.

LEAVE A REPLY

Please enter your comment!
Please enter your name here