ശബരിമലയിൽ മറ്റൊരു തീർത്ഥാടക കാലം കൂടി തുടങ്ങിയപ്പോൾ അസൗകര്യങ്ങളാണ് കൂടുതൽ ചർച്ചയാകുന്നത്

0

ശബരിമലയിൽ മറ്റൊരു തീർത്ഥാടക കാലം കൂടി തുടങ്ങിയപ്പോൾ അസൗകര്യങ്ങളാണ് കൂടുതൽ ചർച്ചയാകുന്നത്. പൊലീസുകാർക്കുള്ള കൈപ്പുസ്തകം വിവാദം സൃഷ്ടിച്ചതിന് പിന്നാലെ അസൗകര്യങ്ങളാണ് ചർച്ചയാകുന്നത്. അസൗകര്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരത്തെക്കുറിച്ച് ആലോചിക്കുമെന്ന് ഹിന്ദു ഐക്യവേദി സർക്കാരിന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച നീലിമല പാതയിൽ യാത്ര ദുരിതമാണ്. മാലിന്യപ്രശ്‌നവും രൂക്ഷമാണ്.

ഇതിനൊക്കെ പുറമേയാണ് സന്നിധാനത്ത് മുറിയെടുക്കുന്ന അയ്യപ്പന്മാർ നിലത്തെ തണുപ്പിൽ കിടക്കേണ്ടി വരുന്നത്. പായ നൽകുന്നതിനുള്ള ലേലം കരാറുകാർ പിടിച്ചിട്ടില്ല. തുക താഴ്‌ത്താൻ കരാറുകാർ നടത്തുന്ന സമ്മർദത്തിന്റെ ഫലം ഇവരാണ് അനുഭവിക്കുന്നത്. പായ നൽകാൻ ദേവസ്വംബോർഡും മുൻകൈയെടുക്കുന്നില്ല. കരാറിലൂടെയല്ലാതെ ശബരിമലയിൽ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്.

പുൽപ്പായ വാടക എന്ന വിഭാഗത്തിൽപ്പെടുത്തിയാണ് ദേവസ്വം ടെൻഡർ വിളിക്കുന്നത്. അടിസ്ഥാനലേലത്തുക 24.68 ലക്ഷം രൂപ. 2.47 ലക്ഷം രൂപ നിരതദ്രവ്യം കെട്ടിവെക്കുകയും വേണം. മുറികൾ കൂടാതെ, സന്നിധാനത്ത് വലിയ നടപ്പന്തലിലും മാളികപ്പുറം നടപ്പന്തലിലും മാഗുണ്ട വിരിഷെഡ്ഡിലും മരാമത്ത് കെട്ടിടത്തിന്റെ പടിഞ്ഞാറ് മൂന്ന് തട്ടുകളായുള്ള തുറസ്സായ സ്ഥലത്തും പായ വാടകയ്ക്ക് കൊടുക്കാം. ഒരു പായയ്ക്ക് 10 രൂപയാണ് പിരിക്കാവുന്നത്. 10 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായും വാങ്ങാം.

മുൻവർഷങ്ങളിൽ ഇതായിരുന്നു രീതി. അതിനാൽ അയ്യപ്പന്മാർ ഇപ്പോഴും മുറിയിൽച്ചെല്ലുമ്പോൾ പായ ആവശ്യപ്പെടും. പായ ഒന്നിന് 20 മുതൽ 50 വരെ രൂപവരെ ഈടാക്കി ചില കെട്ടിടങ്ങളിൽ അനധികൃതമായി പായ നൽകുന്നുണ്ട്. അത്രയും തുക ഡിപ്പോസിറ്റായി വേറെയും വാങ്ങുന്നു. വിജിലൻസ് റെയ്ഡ് തുടങ്ങിയതോടെ അനധികൃതമായി പായ നൽകുന്നവർ ഒളിച്ചു. കൈവശം കിടക്കവിരിയുള്ള അയ്യപ്പന്മാർ അതുവിരിച്ച് കിടക്കും. കിടക്കവിരി ഇല്ലാത്തവർ നിലത്തുകിടക്കണം.

മുഖ്യമന്ത്രിക്ക് ശബരിമലയോട് ശത്രുതാമനോഭാവമാണെന്നും വേണ്ടത്ര സമയമുണ്ടായിട്ടും ഒരുക്കങ്ങൾ നടന്നില്ലെന്നും, ഒരാഴ്ചയ്ക്കകം പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരത്തെക്കുറിച്ച് ആലോചിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി പറഞ്ഞിരുന്നു.

അതേസമയം തീർത്ഥാടനം ആരംഭിച്ച ശേഷം പ്രധാന ഇടത്താവളങ്ങളായ പമ്പയും നിലക്കലും ഭക്തരാൽ തിങ്ങി നിറഞ്ഞിരുന്നു. രണ്ട് വർഷത്തെ ഇടവേളയക്ക് ശേഷമാണ് ഇത്രയും സജീവമായ ഭക്തജന തിരക്ക് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. വെർച്വൽ ക്യൂ പരിശോധനയ്ക്ക് പമ്പയിലും സ്‌പോട്ട് ബുക്കിങ്ങിന് നിലയ്ക്കലുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here