രണ്ട് മണിക്കൂറിലേറെ ‘പണി’ തന്ന് വാട്ട്സ്ആപ്പ്; പണിമുടക്കിയതിനു പിന്നിലെ കാരണം ഇതാണ്

0

ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ചൊവ്വാഴ്ച രണ്ട് മണിക്കൂറിലേറെ സമയം ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായിരുന്നു. വ്യക്തിഗത ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളെയും, വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെയും എല്ലാം ഇത് ബാധിച്ചിരുന്നു.

വാട്ട്‌സ്ആപ്പ് ഡൗൺ: വാട്ട്സ്ആപ്പ് ഇതിനെക്കുറിച്ച് പറഞ്ഞത് ഇതാണ്

വാട്ട്സ്ആപ്പിന്‍റെ ഉടമസ്ഥരായ മെറ്റയുടെ വക്താവ് ഈ പ്രവര്‍ത്തന സ്തംഭനം സംബന്ധിച്ച് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. “ചില ആളുകൾക്ക് നിലവിൽ സന്ദേശങ്ങൾ അയയ്‌ക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് ഞങ്ങൾക്കറിയാം, കഴിയുന്നത്ര വേഗത്തിൽ എല്ലാവർക്കും വാട്ട്‌സ്ആപ്പ് പുനഃസ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.” എന്ന് മാത്രമാണ് ഈ പ്രസ്താവനയില്‍ ഉണ്ടായിരുന്നത്. ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും ഉടമസ്ഥതര്‍ കൂടിയാണ് മെറ്റ.

ഇന്ത്യയിൽ മാത്രമായിരുന്നോ വാട്‌സ്ആപ്പ് സ്തംഭിച്ചത്?

ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലച്ചുവെന്നാണ് വിവരം. എന്നാല്‍ എത്രത്തോളം വലിയ പ്രശ്നം ഉണ്ടായി എന്നതില്‍ വാട്ട്‌സ്ആപ്പ് ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല. #WhatsAppDown എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡുചെയ്യുന്നുണ്ടായിരുന്നു. ഇതില്‍ ട്വീറ്റുകള്‍ ഇട്ട വിവിധ രാജ്യക്കാരുടെ പ്രതികരണത്തില്‍ തന്നെ ഇത് വലിയൊരു വിഷയമാണ് എന്ന് വ്യക്തമാണ്. ഇന്തോനേഷ്യ, കെനിയ, കൂടാതെ ചില സ്പാനിഷ് സംസാരിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾവാട്ട്സ്ആപ്പില്‍ പ്രശ്‌നം നേരിട്ടതായി പറഞ്ഞിരുന്നു.

2021 ഒക്ടോബറിൽ, മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് ഇവയെല്ലാം തടസ്സപ്പെട്ടിരുന്നു. ഡിഎന്‍എസ് (DNS) തകരാറിനെ തുടര്‍ന്നാണ് അന്ന് ഏകദേശം ആറ് മണിക്കൂറോളം മെറ്റ പ്ലാറ്റ്ഫോമുകള്‍ പ്രവർത്തനരഹിതമായത് എന്നാണ് അന്ന് മെറ്റ വെളിപ്പെടുത്തിയത്. ഡിഎന്‍എസ് അല്ലെങ്കിൽ ഡൊമെയ്ൻ നെയിം സിസ്റ്റം എന്നത് മനുഷ്യർക്ക് വായിക്കാൻ കഴിയുന്ന ഹോസ്റ്റ് നെയിമുകൾ (facebook.com പോലെയുള്ളവ) റോ ആയും ന്യൂമറിക്കായും ഐപി വിലാസങ്ങളിലേക്ക് വിവർത്തനം ചെയ്യുന്ന സേവനമാണ്.

ഡിഎന്‍എസ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ കമ്പ്യൂട്ടറിന് ഒരാൾ തിരയുന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്ന സെർവറുകളിലേക്ക് കണക്റ്റുചെയ്യാൻ കഴിയില്ല. ചിലപ്പോള്‍ ഈ പ്രശ്നം ആയിരിക്കാം വീണ്ടും വാട്ട്സ്ആപ്പ് സേവനം തടസ്സപ്പെടാന്‍ കാരണം എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

എന്നാൽ ചിലപ്പോള്‍ പ്രശ്നം ബിജിപി റൂട്ടിംഗുമായി ബന്ധപ്പെട്ടിരിക്കാം. BGP അഥവ ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോൾ മറ്റൊരു നെറ്റ്‌വർക്കിലേക്കുള്ള മികച്ച റൂട്ട് കണ്ടെത്താൻ ഒരു നെറ്റ്‌വർക്കിനെ സഹായിക്കുന്ന സംവിധാനമാണ്. ഇതിന്‍റെ പ്രശ്നവും ഇത്തരം തടസ്സത്തിന് കാരണമായേക്കാം. അടിസ്ഥാനപരമായി ഈ സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ച് മെറ്റ വിശദീകരണം നല്‍കാറില്ല എന്നതാണ്.

നേരത്തെ 2021 മാർച്ചിൽ വാട്ട്‌സ്ആപ്പ് ഏകദേശം 45 മിനിറ്റോളം പ്രവർത്തനരഹിതമായിരുന്നു അന്ന് ഇത് ഒരു സാങ്കേതിക പ്രശ്‌നമാണെന്നാണ് മെറ്റാ പറഞ്ഞത്. പക്ഷേ പ്രത്യേക കാരണമൊന്നും നൽകിയിരുന്നില്ല. 2020 ൽ, നാല് പ്രധാന വാട്ട്‌സ്ആപ്പ് തകരാറുകൾ ഉണ്ടായിരുന്നു, അതിൽ ഏറ്റവും പ്രധാനം ജനുവരിയിലായിരുന്നു. ഇത് ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്നു തടസ്സം. ഇതിനുശേഷം, ഏപ്രിലിൽ ഒന്നുമുണ്ടായി, തുടർന്ന് ജൂലൈയിൽ രണ്ട് മണിക്കൂറും 2020 ഓഗസ്റ്റിൽ ചെറിയ സമയവും വാട്ട്സ്ആപ്പ് തകരാറിലായി.

2019 ജൂലൈയിൽ, ലോകമെമ്പാടുമുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. ആളുകൾക്ക് അവരുടെ ഫീഡുകളോ ഫോട്ടോകളോ പോസ്റ്റ് ചെയ്യാനോ കാണാനോ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു.

എന്തുകൊണ്ടാണ് ഈ തകരാറുകൾ ?

വാട്ട്‌സ്ആപ്പിൽ 2 ബില്യണിലധികം ഉപയോക്താക്കളും ഫേസ്ബുക്കിൽ ഏകദേശം 3 ബില്യൺ ഉപയോക്താക്കളും ഉള്ളതിനാൽ എല്ലാ സജീവ ഉപയോക്താക്കൾക്കും സേവനങ്ങൾ ഉപയോഗിച്ചാല്‍ പോലും ട്രാഫിക്ക് കാരണം ഈ സേവനങ്ങള്‍ തടസ്സപ്പെടാൻ സാധ്യതയില്ല. കാരണം ലോകത്തിലെ ഏറ്റവും ശക്തമായ ഡാറ്റ സെന്‍റര്‍ സംവിധാനം തന്നെ മെറ്റയ്ക്ക് സ്വന്തമായി ഉണ്ട്.

എന്നാല്‍ ഒരു സേവനത്തില്‍ വരുന്ന പരിഷ്കാരമോ, അപ്ഡേറ്റോ എല്ലാ ഉപയോക്താക്കളെയും ബാധിച്ചേക്കാം. എന്നാൽ ഇത്തരം അപ്ഡേറ്റുകള്‍ മെറ്റയോ അവരുടെ പ്ലാറ്റ്ഫോമുകളോ ഒറ്റയ്ക്ക് നടപ്പാക്കില്ല. ക്രമേണ വിവിധ സെറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയാണ് ഇത് നടപ്പിലാക്കുക. ഇത് മുഴുവൻ ഉപയോക്താക്കളെയും ബാധിക്കാതെ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് പരിഹരിക്കാന്‍ അവസരം നൽകുന്നു. പക്ഷെ വിവിധ സാങ്കേതിക തകരാറുകള്‍ പലപ്പോഴും അപ്രതീക്ഷിതമാകും.

Leave a Reply